Uae
പേരിന് പോലും പോലീസും പട്ടാളവുമില്ല; കശ്മീരില്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ ടൂറിസ്റ്റുകളെ എറിഞ്ഞ് കൊടുത്തുവെന്ന് ആന്റോ ആന്റണി എം പി
കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ലോകസഭാംഗം ദുബൈയില്‍

ദുബൈ | കശ്മീര്‍ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും, ഭീകരവാദികള്‍ക്ക് മുന്നില്‍ ടൂറിസ്റ്റുകളെ എറിഞ്ഞ് കൊടുത്തുവെന്നും ആന്റോ ആന്റണി എം പി ദുബൈയില്‍ പറഞ്ഞു. അതേസമയം, പാക്കിസ്ഥാന്‍ വ്യോമയാന മേഖല അടച്ചത് മൂലം, വിമാന നിരക്ക് വീണ്ടും ഉയര്‍ത്തിയാല്‍, അത് പ്രവാസികള്‍ക്ക് കനത്ത ഭാരമാകുമെന്നും ആന്റോ ആന്റണി പറഞ്ഞു.
പാക്കിസ്ഥാന്‍ വ്യോമയാന മേഖല അടച്ചത് മൂലമുള്ള അധിക സാമ്പത്തിക ഭാരം, പ്രവാസികളുടെ തലയില്‍ കെട്ടിവെയ്ക്കരുതെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. വീണ്ടും വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയാല്‍ അത് പ്രവാസികള്‍ക്ക് കനത്ത ഭാരമാകും. ഗള്‍ഫിലെ പ്രവാസികളില്‍ വലിയൊരു വിഭാഗം കടുത്ത പ്രതിസന്ധിയിലാണ്. കാര്യമായ ശമ്പള വര്‍ധനയില്ല. ജീവിത ഭാരം കൂടി വരുന്നു. ഇതിനിടയില്‍ , വിമാന ടിക്കറ്റ് നിരക്ക് കൂടി ഉയര്‍ത്തുന്നത് അനീതിയാണെന്നും ആന്റോ ആന്റണി പറഞ്ഞു.
കശ്മീര്‍ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. കശ്മീരിലെ സര്‍ക്കാരിന് പോലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ഇത്രയും വലിയ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പേരിന് പോലും പോലീസും പട്ടാളവും ഉണ്ടായില്ല. അതിനാല്‍, ഇവിടെ, ടൂറിസ്റ്റുകളെ , ഭീകരവാദികള്‍ക്ക് മുന്നില്‍ എറിഞ്ഞ് കൊടുത്തുവെന്നും, ആന്റോ ആന്റണി കുറ്റപ്പെടുത്തി