Articles
യുദ്ധത്തെ പിന്തുണക്കാന്‍ ഒരു കാരണവുമില്ല
നല്ല യുദ്ധം, ചീത്ത യുദ്ധം എന്നൊന്നില്ല. ഒന്നുമറിയാതെ നൂറുകണക്കിന് യുക്രൈന്‍കാരാണ് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതിനെ പിന്തുണക്കാന്‍ ഒരു കാരണവും മതിയാകില്ല. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാണിച്ചതുപോലെ, എല്ലാ കക്ഷികളും തികഞ്ഞ സംയമനം പുലര്‍ത്തുകയും മേശക്കു ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയുമാണ് വേണ്ടത്.
ലോകത്ത് ഇതുവരെയുള്ള യുദ്ധങ്ങളിലായി ജനസംഖ്യയുടെ ഏകദേശം അഞ്ച് ശതമാനത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടത്രെ! അപ്പോള്‍ യുദ്ധക്കെടുതി അനുഭവിച്ചവര്‍ മില്യണുകളോ ബില്യണുകളോ ആയിരിക്കുമെന്നുറപ്പ്. എന്തിനാണിങ്ങനെ രാജ്യങ്ങളും വംശങ്ങളും യുദ്ധം ചെയ്യുന്നത്. യുദ്ധത്തില്‍ ജയിക്കുന്നത് ഏതാനും ചില നേതാക്കളും ആയുധക്കച്ചവടക്കാരും മാത്രം. തോല്‍ക്കുന്നതോ മുഴുവന്‍ ജനങ്ങളും. യുദ്ധത്തിലെയും യുദ്ധാനന്തരവുമുള്ള ദുരിതങ്ങളും ദുരന്തങ്ങളും ഇന്നത്തെ ആധുനിക തലമുറ വേണ്ടുവോളമനുഭവിച്ചു കൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ യുദ്ധം മനുഷ്യ വംശത്തിന് മാത്രമല്ല, ഇതര ജീവജാലങ്ങള്‍ക്കും പ്രകൃതിക്കുമൊക്കെത്തന്നെ എതിരാണെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാവരും സംസാരിക്കുന്നതും സമാധാനത്തെക്കുറിച്ചാണ്. എന്നിട്ടും ലോകത്ത് നിരവധി യുദ്ധങ്ങളും അക്രമങ്ങളും നടക്കുന്നു. വല്ലാത്തൊരു ദുര്യോഗം തന്നെയിത്.
1980കളുടെ അവസാന കാലത്ത് ലോകശക്തിയായ യു എസ് എസ് ആറിന്റെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് നടപ്പാക്കിയ ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്കയിലൂടെ 1991ല്‍ സ്വതന്ത്രമായ രാജ്യങ്ങളില്‍ പെട്ടതാണ് കിഴക്കന്‍ യൂറോപ്പിലെ ഉക്രൈന്‍. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ഈ കരിങ്കടല്‍ത്തീര രാഷ്ട്രം ഒമ്പതാം നൂറ്റാണ്ടില്‍ കീവന്‍ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവന്‍ റഷ്യക്കാര്‍. ഭൂമിശാസ്ത്രപരമായി വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്ര നേതാക്കള്‍ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കൂട്ടത്തില്‍ സമ്പന്നമായ മേഖലകള്‍ കൈയടക്കാന്‍ അതിര്‍ത്തി രാജ്യങ്ങള്‍ തയ്യാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘര്‍ഷ മേഖലയായി. പോളണ്ടിനെ അനുസ്മരിപ്പിക്കും വിധം കാര്‍ഷിക മേഖലയില്‍ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് യുക്രൈനായിരുന്നു. അധ്വാനശീലരായിരുന്നു ജനത. 1917ല്‍ റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവര്‍ സോവിയറ്റ് യൂനിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷം 1991ല്‍ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യന്‍ ചായ്്വ് പ്രകടിപ്പിച്ചിരുന്ന അവര്‍ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടര്‍ന്ന് അമേരിക്കന്‍ ചേരിയിലേക്ക് കൂറുമാറി. ഇതോടെയാണ് റഷ്യക്ക് യുക്രൈന്‍ കണ്ണിലെ കരടായി മാറിയത്.
2014ല്‍ യുക്രൈനില്‍ നിന്ന് ക്രിമിയ പിടിച്ചടക്കിയ ശേഷം റഷ്യ അതിര്‍ത്തിയില്‍ സൈനിക താവളങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അമേരിക്ക ഉള്‍പ്പെടെ 30 പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയില്‍ അംഗത്തിന് യുക്രൈന്‍ ആവശ്യപ്പെട്ടതോടെയാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. റഷ്യക്കെതിരെ നാലര പതിറ്റാണ്ടുകാലം ശീതയുദ്ധം നയിച്ച നാറ്റോ സേന വീണ്ടും അയല്‍പക്കത്ത് നിലയുറപ്പിക്കുന്നത് ഭയക്കുന്ന പുട്ടിന്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും അംഗത്വമെടുത്താല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഈ ഭീഷണിക്ക് സെലന്‍സ്‌കി വഴങ്ങാതിരുന്നതിനാല്‍ ഒക്ടോബറിലും ഡിസംബറിലുമായി രണ്ട് ലക്ഷത്തോളം സൈനികരെയും യുദ്ധ ടാങ്കുകളും ആയുധങ്ങളും അതിര്‍ത്തിയില്‍ എത്തിച്ചു. ഒടുവില്‍ കഴിഞ്ഞയാഴ്ച റഷ്യ ആക്രമണം തുടങ്ങുകയായിരുന്നു.
യുക്രൈനെ നാറ്റോയിലും യൂറോപ്യന്‍ യൂനിയനിലും അംഗമാക്കാന്‍ ശ്രമിക്കുന്നു, 2014ലെ യൂറോ മൈദാന്‍ സമരങ്ങള്‍ വഴി റഷ്യന്‍ അനുകൂലിയായ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെ അട്ടിമറിച്ചതിന് പിന്നില്‍ നാറ്റോ രാജ്യങ്ങള്‍ക്ക് പങ്കുണ്ട്, ക്രീമിയ ഉള്‍പ്പെടെ റഷ്യന്‍ വംശജര്‍ ഉള്ള കിഴക്കന്‍ പ്രവിശ്യകളില്‍ യുക്രൈന്‍ വംശഹത്യ നടത്തുന്നു, നാറ്റോയുടെ കിഴക്കന്‍ വ്യാപനം റഷ്യക്ക് ഭീഷണിയാണ് തുടങ്ങിയ കാരണങ്ങളൊക്കെയാണ് യുക്രൈന്‍ ആക്രമണത്തിനുള്ള റഷ്യയുടെ ന്യായീകരണം. റഷ്യയുടെ ഇടപെടലുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരിച്ചും ആരോപിക്കുന്നുണ്ട്. പുടിനെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുമ്പേ വിശ്വാസമില്ല. ഇതിനര്‍ഥം നാറ്റോ എന്ന സൈനിക കൂട്ടായ്മക്ക് സാമ്രാജ്യത്വ താത്പര്യങ്ങളില്ല എന്നല്ല. ഈ കുളിമുറിയില്‍ എല്ലാവരും നഗ്‌നരാണെന്നര്‍ഥം.
സോവിയറ്റ് യൂനിയനിലെ ആകെ ഉത്പാദനത്തിന്റെ 50 ശതമാനം ഇരുമ്പും, 40 ശതമാനം ഉരുക്കും, 25 ശതമാനത്തോളം ഉരുക്കു കുഴലുകളും യുക്രൈനിലാണു നിര്‍മിക്കുന്നത്. ഇരുമ്പുരുക്കു വ്യവസായത്തില്‍ അസൂയാവഹമായ ആധിപത്യം പുലര്‍ത്തുന്ന ഒരു മേഖലയാണിത്. യന്ത്രങ്ങളും ഇതര സാങ്കേതിക സംവിധാനങ്ങളും നിര്‍മിക്കുന്നതില്‍ യുക്രൈന്‍ അന്താരാഷ്ട്ര പ്രശസ്തി ആര്‍ജിച്ചിരിക്കുന്നു. ധാതുസമ്പന്നമായ ഒരു മേഖലയാണ് യുക്രൈന്‍. 72ലധികം ധാതുക്കള്‍ ഈ റിപബ്ലിക്കില്‍ നിന്ന് ഖനനം ചെയ്യപ്പെടുന്നു. ഡോണെറ്റ്സ്, നീപ്പര്‍ എന്നീ നദീതടങ്ങളില്‍ കനത്ത കല്‍ക്കരി നിക്ഷേപങ്ങളും ഉണ്ട്. ഡോണെറ്റ്സ് നദീ തടത്തില്‍ മാത്രം 3,900 കോടി ടണ്‍ മുന്തിയ ഇനം കല്‍ക്കരി കണ്ടെത്തിയിട്ടുണ്ട്. നിപ്പര്‍ നദീ തടത്തില്‍ 600 കോടി ടണ്‍ നിക്ഷേപങ്ങളാണുള്ളത്; താരതമ്യേന മൂല്യം കുറഞ്ഞയിനം കല്‍ക്കരിയാണിത്. എണ്ണയുടെ കാര്യത്തിലും യുക്രൈന്‍ സമ്പന്നമാണ്. സിര്‍ കാര്‍പേത്തിയന്‍, നിപ്പര്‍-ഡോണെറ്റ്സ്, ക്രീമിയ എന്നീ മൂന്ന് മേഖലകളിലുമായി നൂറിലേറെ എണ്ണഖനികളുണ്ട്. ടൈറ്റാനിയം, അലൂമിനിയം, നെഫെലൈറ്റ്, മെര്‍ക്കുറി, അലുനൈറ്റ്, പാരാഫിന്‍ വക്സ്, പൊട്ടാസ്യം, കല്ലുപ്പ്, ഗന്ധകം, ഫോസ്ഫറസ് എന്നീ ധാതുക്കളും ധാരാളമായിക്കാണുന്നു. ഇതുകൊണ്ടൊക്കെ കൂടിയാണ് യുക്രൈനെ കീഴടക്കാന്‍ റഷ്യ ശ്രമിക്കുന്നതെന്നര്‍ഥം.
ഇപ്പോള്‍ യുദ്ധങ്ങള്‍ മുമ്പത്തെപ്പോലെയല്ല. ഏത് രാജ്യങ്ങള്‍ തമ്മിലുള്ള പോരും ലോകത്തെ മൊത്തത്തില്‍ സ്വാധീനിക്കും. സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-വ്യാപാര, നയതന്ത്രങ്ങളെയടക്കം അത് ബാധിക്കും. ഇപ്പോള്‍ തന്നെ എണ്ണയുടെയും സ്വര്‍ണത്തിന്റെയുമൊക്കെ വില കുതിച്ചുയരുകയും ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാകുകയും ചെയ്തിരിക്കുന്നു. വിദ്യാര്‍ഥികളടക്കം കേരളക്കാരുള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ യുക്രൈനിലും പരിസരങ്ങളിലുമുള്ളത് നമ്മെ കൂടുതല്‍ ആശങ്കാകുലരാക്കുന്നു. അതിനാല്‍ ഇന്ത്യ കൂടുതല്‍ നയതന്ത്രപരമായി ഇടപെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നല്ല യുദ്ധം ചീത്ത യുദ്ധം എന്നൊന്നില്ല. ഒന്നുമറിയാതെ നൂറുകണക്കിന് യുക്രൈന്‍കാരാണ് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതിനെ പിന്തുണക്കാന്‍ മുകളില്‍ പറഞ്ഞ ഒരു കാരണവും മതിയാകില്ല. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാണിച്ചതുപോലെ, എല്ലാ കക്ഷികളും തികഞ്ഞ സംയമനം പുലര്‍ത്തുകയും മേശക്കു ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയുമാണ് വേണ്ടത്.