Connect with us

Kerala

സമരം ചെയ്യുന്ന ആശമാരുടെ ആവശ്യം ഇപ്പോള്‍ ആലോചിക്കാന്‍ നിര്‍വാഹമില്ല: മന്ത്രി വീണ ജോര്‍ജ്ജ്

ചര്‍ച്ചയില്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി സമരക്കാരോട് അഭ്യര്‍ഥിച്ചു

Published

|

Last Updated

തിരുവനന്തപുരം | ഓണറേറിയം 21, 000 രൂപയാക്കണം, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളില്‍ സമരം ചെയ്യുന്ന ആശമാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഈ ആവശ്യങ്ങള്‍ ഇപ്പോള്‍ ആലോചിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍വാഹമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.

സംസ്ഥാനത്തെ 26,125 ആശമാരില്‍ 400 ഓളം പേരാണ് സമരത്തിനുള്ളത്. ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ല. എന്നാല്‍ വേതനം മൂന്നിരട്ടി ഉടന്‍ കൂട്ടണമെന്ന് പറഞ്ഞാല്‍ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാന്‍ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ച സമരക്കാരുമായി നടത്തിയ ചര്‍ച്ചക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന പ്രചാരണം തെറ്റാണ്. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും കേരളത്തില്‍ ആശമാര്‍ ചെയ്യുന്നില്ല. 2006 ല്‍ നിശ്ചയിച്ച ഇന്‍സന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ കാണുമെന്നും മന്ത്രി പറഞ്ഞു.

ചര്‍ച്ചയില്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി സമരക്കാരോട് അഭ്യര്‍ഥിച്ചു. സമരക്കാര്‍ പറഞ്ഞതെല്ലാം അനുഭാവ പൂര്‍വ്വം കേട്ടു. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു. ആശമാരോട് സര്‍ക്കാരിന് അനുകൂല നിലപാടാണ്. സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നതടക്കം നിര്‍വചനം മാറ്റണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് പറയും. ഇന്‍സന്റീവ് കൂട്ടണമെന്ന് ആവശ്യപ്പെടും. അടുത്ത ആഴ്ച കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണും. ആശമാരുടെ ഇന്‍സന്റീവ് കൂട്ടുന്ന കാര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്.

ആശമാര്‍ നിരാഹാരത്തിലേക്ക് പോകുന്നത് അത്യന്തം നിരാശാജനകം. ആദ്യ കൂടിക്കാഴ്ചയില്‍ പോസീറ്റീവ് പ്രതികരണം ഉണ്ടായത് കൊണ്ടാണ് അടുത്ത ആഴ്ച വീണ്ടും കാണാന്‍ തീരുമാനിച്ചത്. ജനാധിപത്യ സമരത്തെ ജനാധിപത്യ രീതിയില്‍ തന്നെയാണ് സര്‍ക്കാര്‍ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു.

 

Latest