From the print
ഏക സിവില്‍ കോഡ് തത്കാലമില്ല; ചര്‍ച്ചയാക്കി നിര്‍ത്തും, തിരഞ്ഞെടുപ്പ് ആയുധമാക്കും
ഏക സിവില്‍ കോഡ് നടപ്പാക്കുകയെന്നത് സങ്കീര്‍ണമായ നിയമപ്രക്രിയയാണെന്നതും വിഷയത്തില്‍ വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പും പരിഗണിച്ചാണ് തീരുമാനം.
ന്യൂഡല്‍ഹി | ഏക സിവില്‍ കോഡ് ഉടന്‍ നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബി ജെ പി കേന്ദ്ര നേതൃത്വം എത്തിച്ചേര്‍ന്നതായി റിപോര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കേണ്ടതില്ലെന്നാണ് തീരുമാനം. ഏക സിവില്‍ കോഡ് നടപ്പാക്കുകയെന്നത് സങ്കീര്‍ണമായ നിയമപ്രക്രിയയാണെന്നതും വിഷയത്തില്‍ വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പും പരിഗണിച്ചാണ് തീരുമാനം. എന്നാല്‍, വിഷയം തിരഞ്ഞെടുപ്പ് വരെ സജീവ ചര്‍ച്ചയാക്കി നിര്‍ത്തണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു.
ഏക സിവില്‍ കോഡ് മുസ്ലിം സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുന്നതിന് വേണ്ടിയാണെന്ന പ്രചാരണം ശക്തമാക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. പാര്‍ലിമെന്റില്‍ വിഷയം എത്തിക്കാതെ സജീവ വിഷയമായ ചര്‍ച്ചയാക്കി നിലനിര്‍ത്താനാണ് തീരുമാനം. ഇതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഇത് തിരഞ്ഞെടുപ്പ് പ്രചാരണായുധമായി തുടരും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, സിഖ് വിഭാഗങ്ങള്‍, വിവിധ ഗോത്ര വിഭാഗങ്ങള്‍, എന്‍ ഡി എയുമായി സഹകരിക്കുന്ന കക്ഷികള്‍ എന്നിവരില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബില്‍ തത്കാലം വേണ്ടതില്ലെന്നതിലേക്ക് ബി ജെ പി എത്തിച്ചേര്‍ന്നത്.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഭോപാലില്‍ നടന്ന ബി ജെ പി ചടങ്ങിലാണ് ഏക സിവില്‍ കോഡ് ചര്‍ച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്. ഇതിന് തൊട്ടുമുമ്പ് നിയമ കമ്മീഷന്‍ വഴി വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തു.
ഇതോടെ കേന്ദ്ര സര്‍ക്കാര്‍ അധികം വൈകാതെ ബില്‍ കൊണ്ടുവരുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ബില്‍ കൊണ്ടുവന്നാല്‍ അത് തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചേക്കുമെന്ന് ബി ജെ പി ഭയന്നു. ഇതോടെയാണ് തത്കാലം നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.