udf
മാസപ്പടി വിവാദത്തില്‍ അടിയന്തിര പ്രമേയമില്ല
നല്‍കിയത് കണ്‍സള്‍ട്ടന്‍സി ഫീസെന്നു കമ്പനി വിശദമാക്കിയിരുന്നു
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ ഉയര്‍ത്തിയ മാസപ്പടി വിവാദം യു ഡി എഫ് ഇന്ന് നിയമ സഭയില്‍ ഉന്നയിക്കില്ലെന്നു സൂചന.
യു ഡി എഫ് വിഷയം അടിയന്തിര പ്രമേയമായി സഭയില്‍ ഉന്നയിക്കുമെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മുന്നണി ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. സഭാ സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇന്ന്.
വീണ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം തെറ്റാണെന്നു സ്വകാര്യ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി എം ആര്‍ എല്‍) വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ വിവാദത്തിന്റെ ഭാഗമാണെന്നും കമ്പനി വിശദമാക്കി.
വീണാ വിജയന് നല്‍കിയത് മാസപ്പടിയല്ലെന്നും കണ്‍സള്‍ട്ടന്‍സി ഫീസാണെന്നും സി എം ആര്‍ എല്‍ ജനറല്‍ സെക്രട്ടറി അജിത്ത് കര്‍ത്ത പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടല്ല കരാര്‍ നല്‍കിയതെന്നും ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നും വിശദമാക്കി.
കമ്പനിക്ക് ആവശ്യമായ സാഹചര്യത്തില്‍ മാത്രമാണ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതായി വരുന്നുള്ളൂ. അങ്ങനെ ഒരു സാഹചര്യം ആവശ്യമായി വരാത്തതുകൊണ്ടാണ് കള്‍സള്‍ട്ടന്‍സി സേവനം ഉപയോഗിക്കാത്തതെന്നും സി എം ആര്‍ എല്‍ വ്യക്തമാക്കി. ഇതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് യു ഡി എഫ് വിഷയം നിയമസഭയില്‍ ഉന്നയിക്കേണ്ട എന്ന തീരുമാനത്തില്‍ എത്തിയതെന്നാണു വിവരം.