National
ഒന്നും ഒളിക്കാനില്ല; ഇ ഡിക്ക് മുന്നില്‍ ഹാജരായി തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി
വീണ്ടും സമന്‍സ് അയച്ചാല്‍ വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്നും അഭിഷേക് ബാനര്‍ജി.

കൊല്‍ക്കത്ത| അധ്യാപക നിയമന അഴിമതികേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി ഇഡിക്ക് മുന്നില്‍ ഹാജരായി. രാവിലെ 11.10ഓടെയാണ് അഭിഷേക് ബാനര്‍ജി ഇ.ഡി ഓഫീസില്‍ എത്തിയത്. ഏജന്‍സി ആവശ്യപ്പെട്ട എല്ലാ രേഖകളും താന്‍ സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഒന്നും ഒളക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അഭിഷേക് ബാനര്‍ജി വ്യക്തമാക്കി.
താന്‍ എപ്പോഴും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. വീണ്ടും സമന്‍സ് അയച്ചാല്‍ വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്നും അഭിഷേക് ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബി.ജെ.പി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അഭിഷേക് ബാനര്‍ജിക്കെതിരായ തുടര്‍ച്ചയായ സമന്‍സ് രാഷ്ട്രീയ വേട്ടയാണെന്നും ബി.ജെ.പിക്ക് അഭിഷേക് ഫോബിയ ആണെന്നും ടി.എം.സി എം.പി ശന്തനു പറഞ്ഞു.
അതേസമയം ടി.എം.സി യുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.