Connect with us

articles

ആഘോഷത്തിന് കാരണമുണ്ട്

വെടിനിർത്തൽ നിലവിൽ വന്നാൽ എത്രനാൾ അത് പാലിക്കപ്പെടും? വെടിനിർത്തൽ ലംഘനങ്ങൾ ഇസ്‌റാഈൽ ഭരണാധികാരികൾക്ക് പുത്തരിയല്ല. ഏത് അന്താരാഷ്ട്ര കരാറും ലംഘിക്കാൻ അവർക്ക് യാതൊരു മടിയുമില്ല. പക്ഷേ, ഇത്തവണ ബന്ദികളെ വിട്ടുകിട്ടുകയെന്ന ലക്ഷ്യം മുന്നിലുള്ളതിനാൽ വെടിനിർത്തൽ വ്യവസ്ഥകൾ കുറച്ചൊക്കെ പാലിക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഈ വെടിനിർത്തൽ കരാർ ഗസ്സയിലും വെസ്റ്റ്ബാങ്കിലും മരിച്ചുവീണ മനുഷ്യരോട് നീതി പുലർത്തുന്നുണ്ടോ?

Published

|

Last Updated

ഗസ്സയിൽ മനുഷ്യക്കുരുതി നിർത്താനുള്ള ധാരണക്ക് ഇസ്‌റാഈൽ വഴങ്ങിയിരിക്കുന്നു. ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസും സമ്മതിച്ചിരിക്കുന്നു. ആദ്യ ഘട്ടത്തിൽ ആറാഴ്ചത്തെ വെടിനിർത്തലാണ് നിലവിൽവരിക. വെടിനിർത്തലിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ, മധ്യ ഗസ്സയിൽ നിന്ന് പൂർണമായും മറ്റിടങ്ങളിൽ നിന്ന് ഭാഗികമായും ഇസ്‌റാഈൽ സൈന്യം പിൻമാറും.

ഹമാസ് ബന്ദികളാക്കിയ 33 പേരെ ആദ്യം ഇസ്‌റാഈലിന് കൈമാറും. ഇസ്‌റാഈൽ ജയിലുകളിലുള്ള 2,000 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. ഇതിൽ 250 പേർ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരായിരിക്കും. ഇസ്‌റാഈലിന്റെ അതിർത്തിയിൽ 700 മീറ്റർ അകലെയുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ നിന്നാകും ഇസ്‌റാഈൽ സൈന്യം പിൻവാങ്ങുക. എന്നാൽ നെറ്റ്‌സാരിം കോറിഡോറിൽ നിന്ന് സൈനിക പിൻമാറ്റം ഉണ്ടാകില്ല. അതുവഴി ഗസ്സാ മുനമ്പിനെ വിഭജിച്ച് നിർത്തുന്ന സൈനിക ബെൽറ്റ് നിലനിർത്താനും ചരക്ക്, മനുഷ്യ സഞ്ചാരങ്ങളെ നിയന്ത്രിക്കാനും ഇസ്‌റാഈലിന് സാധിക്കും. ഈജിപ്തിനും ഗസ്സക്കുമിടയിലെ ഫിലാഡൽഫി കോറിഡോറിൽ ഇസ്‌റാഈൽ സൈനിക സാന്നിധ്യം കുറക്കുമെന്നും വെടിനിർത്തൽ കരാറിൽ വ്യവസ്ഥയുണ്ട്.

വെടിനിർത്തൽ പ്രാബല്യത്തിലായി 16ാം ദിവസം രണ്ടാം ഘട്ടം ആരംഭിക്കും. ഇതോടെ പൂർണ സൈനിക പിൻമാറ്റത്തിന് ഇസ്‌റാഈൽ തയ്യാറാകേണ്ടി വരും. ഇക്കാര്യത്തിൽ ഇസ്‌റാഈലിലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾക്ക് കടുത്ത എതിർപ്പുണ്ട്. വെടിനിർത്തൽ ഈ രൂപത്തിൽ നിലവിൽവന്നാൽ മന്ത്രിസഭ വിടുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന തീവ്ര സയണിസ്റ്റ് നേതാവ് ഇതാമിർ ബെൻ ഗിവിർ പറയുന്നത്. എന്നുവെച്ചാൽ നെതന്യാഹു തന്റെ ഭരണകാലത്തുടനീളം അഴിച്ചുവിട്ട തീവ്ര രാഷ്ട്രീയം ഈ നിർണായക ഘട്ടത്തിൽ അദ്ദേഹത്തിന് ബാധ്യതയാകുകയാണ്. ക്രൂരതയുടെ ഓരോ വാതിലുകളും തുറന്ന് പോയാൽ പിന്നെ തിരിച്ചുവരാനാകില്ലെന്ന് ഇന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഗസ്സയിൽ കൊന്നിട്ട് മതിയായിട്ടില്ല. എന്നാൽ ബന്ദികളെ തിരിച്ചുകൊണ്ടുവരാതെ മുന്നോട്ട് പോകാനുമാകില്ല. ഇതിനിടക്ക് നിന്നാണ് നെതന്യാഹു നിന്ന് വിയർക്കുന്നത്. വ്യാഴാഴ്ച ക്യാബിനറ്റ് ചേർന്ന് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകേണ്ടതായിരുന്നു. രണ്ട് ദിവസം ഇപ്പോൾ തന്നെ വൈകിച്ച് കഴിഞ്ഞു. ആ രണ്ട് ദിനങ്ങളിൽ മാത്രം നൂറിലേറെ പേരെ കൊന്നു.

വെടിനിർത്തൽ നിലവിൽവന്നാൽ എത്രനാൾ അത് പാലിക്കപ്പെടും? കരാർലംഘനങ്ങൾ ഇസ്‌റാഈൽ ഭരണാധികാരികൾക്ക് പുത്തരിയല്ല. നിസ്സാര കാരണങ്ങൾ മുന്നോട്ടുവെച്ച് ഏത് നിമിഷവും അക്രമത്തിലേക്ക് തിരികെ വന്നേക്കാം. പക്ഷേ, ഇത്തവണ ബന്ദികളെ വിട്ടുകിട്ടുകയെന്ന ലക്ഷ്യം മുന്നിലുള്ളതിനാൽ വെനിർത്തൽ വ്യവസ്ഥകൾ കുറച്ചൊക്കെ പാലിക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഈ വെടിനിർത്തൽ കരാർ ഗസ്സയിലും വെസ്റ്റ്ബാങ്കിലും മരിച്ചുവീണ മനുഷ്യരോട് നീതി പുലർത്തുന്നുണ്ടോ? നെതന്യാഹു എന്താണ് നേടുന്നത്? 2023 ഒക്‌ടോബർ എഴിലെ പ്രത്യാക്രമണം ഹമാസിനെ എവിടെയെത്തിച്ചിരിക്കുന്നു?
തൊലിപ്പുറ ചർച്ചകൾ

ഹമാസ് പ്രത്യാക്രമണത്തിന് പിറകേ ആരംഭിച്ച വംശഹത്യാ ആക്രമണത്തിൽ 47,000ത്തിലേറെ പേരെ കൊന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ബോംബാക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കകത്ത് ആയിരക്കണക്കിനാളുകൾ മരിച്ചു കിടക്കുന്നുണ്ടാകും. രൂക്ഷമായ ആക്രമണത്തിനിടെ പലായനം ചെയ്യുന്ന മനുഷ്യർ നടക്കാൻ വയ്യാത്തവരെ ചങ്കുപൊട്ടുന്ന വേദനയോടെ ഉപേക്ഷിച്ച് പോയിട്ടുണ്ടാകും. ഒപ്പം കൂട്ടാനാകാത്ത ഭിന്നശേഷിക്കാരെയും ഇത്തരത്തിൽ കൈയൊഴിഞ്ഞ് പോയിട്ടുണ്ടാകും. ഇവരൊക്കെ ആ അവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്നുണ്ടാകും. പട്ടിണികിടന്നും അംഗഭംഗം വന്ന് ചികിത്സ കിട്ടാതെയും മരിച്ചവരുമുണ്ടേറെ.

അങ്ങനെ നോക്കുമ്പോൾ ഗസ്സ കൂട്ടക്കൊലയുടെ യഥാർഥ ചിത്രം ഇപ്പോൾ പുറത്തുവന്നതിനേക്കാൾ നൂറ് മടങ്ങ് ഹൃദയ ഭേദകമായിരിക്കും. ഓപറേഷൻ കാസ്‌ലീഡ്, ഓപറേഷൻ പില്ലാർസ് ഓഫ് ഡിഫൻസ്, ഓപറേഷൻ പ്രൊട്ടക്ടീവ് എഡ്ജ്.. എത്രയെത്ര കൂട്ടക്കുരുതികൾ. തിരഞ്ഞെടുപ്പിൽ ജയിച്ച് ഹമാസ് ഗസ്സയുടെ അധികാരമേറ്റത് മുതൽ കൃത്യമായ ഇടവേള വെച്ച് നശീകരണം നടത്തിവരികയാണ് സയണിസ്റ്റ് രാഷ്ട്രം. ഓരോ തവണയും വരും വെടിനിർത്തൽ ചർച്ചകൾ. ഫലസ്തീൻ രാഷ്ട്ര സ്വപ്നങ്ങളെ ഒരു നിലക്കും മുന്നോട്ട് നയിക്കാത്ത തൊലിപ്പുറ ചർച്ചകൾ.
ആർക്കാണ് ക്രെഡിറ്റ്?

വെടിനിർത്തൽ കരാർ സാധ്യമാക്കിയത് ആരെന്ന കാര്യത്തിൽ തർക്കം തുടങ്ങിയിട്ടുണ്ട്. താൻ അധികാരമേൽക്കുന്നതിന് മുമ്പ് ഗസ്സയിൽ ആക്രമണം നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനമാണ് വെടിനിർത്തൽ ചർച്ചകളെ വിജയത്തിലെത്തിച്ചതെന്ന് ട്രംപ് അനുകൂലികൾ പറയുന്നു. അക്കൂട്ടത്തിൽ അദ്ദേഹത്തിന് വോട്ട് ചെയ്ത അറബ് അമേരിക്കക്കാരുമുണ്ട്. ട്രംപ് താക്കീത് നൽകിയത് ഹമാസിനാണ്, അതുകൊണ്ടാണ് ബന്ദികളെ വിട്ടുനൽകാൻ അവർ തയ്യാറാകുന്നതെന്ന് മറ്റൊരു കൂട്ടർ പറയുന്നു. കഴിഞ്ഞ മെയിൽ ജോ ബൈഡൻ മുന്നോട്ടുവെച്ച പ്ലാനാണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന നിലപാടാണ് ഇനിയൊരു കൂട്ടർക്കുള്ളത്. ഒരു കാര്യം ഉറപ്പാണ്. ബെഞ്ചമിൻ നെതന്യാഹു അനുഭവിച്ച ആഭ്യന്തര സമ്മർദം ഒരു പ്രധാന ഘടകമാണ്. ബന്ദികളുടെ ബന്ധുക്കളും യുദ്ധവിരുദ്ധരും തെൽഅവീവിലടക്കം നടത്തിയ കൂറ്റൻ പ്രക്ഷോഭങ്ങൾ നെതന്യാഹുവിനെ ശരിക്കും ഞെട്ടിച്ചു. ഭരണസഖ്യത്തിൽ നിന്ന് യോവ് ഗാലന്റിനെപ്പോലുള്ളവർ ഇറങ്ങിപ്പോയത് വൻ തിരിച്ചടിയായി. യുദ്ധം ഏൽപ്പിച്ച സാമ്പത്തിക ആഘാതവും വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചു. സ്റ്റാൻഡേർഡ് ആൻഡ് പുവർ, ഫിച്ച് റേറ്റിംഗ്, മൂഡീസ് തുടങ്ങിയ സർവ റേറ്റിംഗ് ഏജൻസികളും ഇസ്‌റാഈലിന്റെ സാമ്പത്തിക പിൻമടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

അന്താരാഷ്ട്രതലത്തിൽ പ്രതിച്ഛായ ഇടിയുന്നത് വലിയ മാനക്കേടുണ്ടാക്കി. അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പാക്കപ്പെടുമോയെന്നതല്ല, അതുണ്ടാക്കുന്ന ഫലസ്തീൻ അനുകൂല തരംഗമുണ്ട്. ഐ സി സി വാറണ്ടിനോട് നെതന്യാഹു ഭരണകൂടം നടത്തിയ പ്രതികരണം അത്യന്തം രൂക്ഷമായിരുന്നുവെന്നോർക്കണം. തീർച്ചയായും ഖത്വറിന്റെയും ഈജിപ്തിന്റെയും മാധ്യസ്ഥ്യം ഫലപ്രദമായിരുന്നു. ഇറാന്റെ നേതൃത്വത്തിൽ പ്രതിരോധത്തിന്റെ അച്ചുതണ്ട്, ആക്‌സിസ് ഓഫ് റസിസ്റ്റൻസ് എന്ന് വിളിക്കപ്പെടുന്ന സയണിസ്റ്റ്‌വിരുദ്ധ കൂട്ടായ്മയെ ക്ഷീണിപ്പിക്കാൻ ഇസ്‌റാഈലിന് സാധിച്ചുവെന്നത് ബന്ദികളെ കൈവിടാൻ ഹമാസിനെ നിർബന്ധിതമാക്കി. പ്രധാന നേതാക്കൾ ഒന്നൊന്നായി കൊല്ലപ്പെട്ടതും സംഘടനക്ക് മുന്നിൽ വഴിയടച്ചു. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഉന്മൂലന പദ്ധതിയിലേക്ക് ഇസ്‌റാഈൽ പ്രവേശിക്കുമ്പോൾ സ്വന്തം ജനതക്ക് മുമ്പിൽ മറുപടി പറയാൻ ഹമാസിന് വെടിനിർത്തൽ കൂടിയേ തീരൂവെന്ന നിലവന്നു.
തോറ്റതിനാൽ…

എന്നാൽ, നെതന്യാഹു ഭരണകൂടം എന്ത് നേടിയെന്ന ചോദ്യത്തിന് മുന്നിൽ ഹമാസിന്റെ നഷ്ടങ്ങൾ ഒന്നുമല്ല. ബെഞ്ചമിൻ നെതന്യാഹുവിന്റെ വാർ ക്യാബിനറ്റ് പ്രഖ്യാപിച്ച ആദ്യത്തെ ലക്ഷ്യം ഹമാസിനെ നിശ്ശേഷം തകർക്കുക എന്നതായിരുന്നു. ആ ലക്ഷ്യം അസാധ്യമാണെന്ന് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി തന്നെ തുറന്നുപറഞ്ഞത് ഗസ്സയിൽ തോറ്റുവെന്നതിന്റെ പ്രഖ്യാപനമായിരുന്നു. ഹഗാരിയുടെ വാക്കുകൾ ഇങ്ങനെ വായിക്കാം: “പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരിക്കലും നേടാനാകാത്ത ലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. ഹമാസിനെ വേണമെങ്കിൽ കാഴ്ചയിൽ നിന്ന് മറയ്ക്കാം. ഇല്ലാതാക്കാനാകില്ല. ഹമാസിനെ നശിപ്പിക്കും വരെ ആക്രമണം തുടരുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. ഹമാസ് ഒരു ആശയമാണ്. അതൊരു രാഷ്ട്രീയ പാർട്ടിയാണ്. അതിന്റെ വേരുകൾ ജനങ്ങളുടെ ഹൃദയത്തിലാണ്. ഹമാസിനെ നിശ്ശേഷം തുടച്ചുനീക്കാനാകുമെന്നത് സ്വപ്‌നം മാത്രമാണ്’. ഹഗാരിയുടെ വാക്കുകൾ നെതന്യാഹുവിന്റെ ക്യാബിനറ്റിൽ വലിയ ചേരിപ്പോര് സൃഷ്ടിച്ചു.

സൈനിക വക്താവിനെ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസിന് പ്രസ്താവനയിറക്കേണ്ടി വന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആക്രമണം ശക്തമാക്കാൻ നെതന്യാഹു നിർദേശം നൽകി. ഭൂഗർഭ അറകൾ അടക്കമുള്ള ഹമാസിന്റെ സംവിധാനങ്ങൾ പൂർണമായി തകർത്തുവെന്ന് പറയാൻ ഇസ്‌റാഈലിന്റെ കൈയിൽ ഇപ്പോഴും തെളിവുകളൊന്നുമില്ല. ഹമാസിനെപ്പോലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളെ നിശ്ശേഷം തുടച്ചുനീക്കുക അസാധ്യമാണെന്ന് വിയറ്റ്‌നാമും അഫ്ഗാനിസ്ഥാനുമൊക്കെ തെളിയിച്ചതാണ്. അവയുടെ ശക്തി ക്ഷയിച്ചേക്കാം. പക്ഷേ, കാലം പോകവേ റീഗ്രൂപ്പ് ചെയ്യും. ഒരു കാലത്ത് ഫത്ഹിനെതിരെ തങ്ങൾ ഉപയോഗിച്ച ഹമാസിന്റെ ശക്തി നന്നായറിയാവുന്നത് ഇസ്‌റാഈലിന് തന്നെയാണ്.

ഗസ്സ വംശഹത്യയുടെ മറ്റൊരു സുപ്രധാന ലക്ഷ്യം ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുകയെന്നതായിരുന്നു. ഒരു ബന്ദിയെയും സൈനിക നീക്കത്തിലൂടെ മോചിപ്പിക്കാനായിട്ടില്ല. അങ്ങനെ സാധിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ വെടിനിർത്തൽ കരാർ ഉണ്ടാകുമായിരുന്നില്ല. സമവായ ചർച്ചകളാണ് മോചിപ്പിക്കപ്പെട്ട ബന്ദികൾക്ക് പുറത്തുവരാൻ അവസരമൊരുക്കിയത്. പുറത്തിറങ്ങാൻ പോകുന്നവരുടെ കാര്യവും അതുതന്നെ. ഗസ്സയെ മനുഷ്യരഹിത ഇടമാക്കി മാറ്റുകയും ഇസ്‌റാഈലിന്റെ ഭാഗമാക്കുകയും ചെയ്യുകയെന്ന ദീർഘകാല ലക്ഷ്യം ഈ കൂട്ടക്കുരുതിക്കുണ്ടായിരുന്നു. ഗസ്സ ജീവിക്കാൻ സാധ്യമല്ലാത്ത ഇടമായി മാറുമ്പോൾ ജനങ്ങൾ പലായനം ചെയ്തുകൊള്ളുമെന്നതായിരുന്നു ഗൂഢസ്വപ്‌നം. മൊസ്സാദിന്റെ മുൻ മേധാവി രാംബിൻ ബാരക് ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്നുപറഞ്ഞുപോയി: “ഗസ്സക്കാർക്ക് മുന്നിൽ ഒരു വഴിയേ ഉള്ളൂ. പുറത്തേക്ക് പോകുക.

അയൽ രാജ്യങ്ങളിൽ ഞങ്ങൾ പൗരത്വം വാങ്ങിത്തരും. നിങ്ങൾ അറബികളല്ലേ? ഈജിപ്തിലടക്കം നിങ്ങൾക്ക് ഇഴുകിച്ചേർന്ന് ജീവിക്കാമല്ലോ’ ഇതായിരുന്നു ബരാക്കിന്റെ വാക്കുകൾ. ഈജിപ്തിലെ സിനായി പെനിൻസുലയിലേക്ക് ഗസ്സക്കാരെ മാറ്റാൻ പദ്ധതിയും തയ്യാറാക്കി. പക്ഷേ, ഇന്ന് വെടിനിർത്തി മടങ്ങുമ്പോൾ ആ ലക്ഷ്യവും പൊളിഞ്ഞിരിക്കുന്നു. പലായനം ചെയ്തവർക്കാർക്കും തിരിച്ചുവരാൻ സാധിച്ചിട്ടില്ലെന്ന ചരിത്രസത്യം ഗസ്സക്കാർക്കറിയാം. അതുകൊണ്ട് ചുറ്റുമുള്ളവർ മുഴുവൻ മരിച്ചുവീഴുമ്പോഴും അവശേഷിക്കുന്നവർ പിടിച്ചുനിന്നു. ആ പോരാട്ട വീര്യം അവർ ആർജിക്കുന്നത് വഞ്ചനയുടെ ചരിത്രത്തിൽ നിന്നാണ്. ബലാത്കാരമായി സ്ഥാപിക്കപ്പെട്ട ജൂതരാഷ്ട്രം തങ്ങളുടെ മണ്ണിലേക്ക് അധിനിവേശം നടത്തിക്കൊണ്ടേയിരിക്കുന്നുവെന്ന തിരിച്ചറിവ് അവരെ ചെറുത്തുനിൽക്കാൻ പ്രേരിപ്പിക്കുന്നു.  എന്നിട്ടും…

ഗസ്സയിൽ എല്ലാനിലക്കും പരാജയപ്പെട്ടപ്പോഴാണ് ഇസ്‌റാഈൽ യുദ്ധവ്യാപനത്തിന്റെ വഴി തേടിയത്. സിറിയൻ എംബസി ആക്രമിച്ചും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ തെഹ്‌റാനിലും ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയെ ബെയ്‌റൂത്തിലും വധിച്ചും ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചും ആ നീക്കത്തിൽ അവർ വിജയം കണ്ടു. സിറിയയിലെ ഭരണമാറ്റവും തുടർന്നുള്ള സംഭവവികാസങ്ങളും നെതന്യാഹു ഭരണകൂടത്തിന് ആവേശം പകരുന്നതാണെന്ന് പറയാതെ വയ്യ. ജൂലാൻ കുന്നിൻമേൽ അവർ സമ്പൂർണ അധികാരം സ്ഥാപിച്ചു
കഴിഞ്ഞു.

അറബ് രാജ്യങ്ങളെ കൂടെക്കൂട്ടി ഫലസ്തീനെ ഒറ്റപ്പെടുത്താനുള്ള നീക്കമായിരുന്നു അബ്രഹാം അക്കോർഡ്. ഹമാസിന്റെ ഒക്‌ടോബർ ഏഴ് ആക്രമണം അത് പൊളിച്ചു. 47,000 മനുഷ്യരുടെ, പിഞ്ചുകുഞ്ഞുങ്ങളുടെ രക്തം കൊണ്ട് ഫലസ്തീൻ ജനത സ്വയം അടയാളപ്പെടുത്തി. ഞങ്ങളിവിടെയുണ്ടെന്നും മരിച്ചു തീർന്നിട്ടില്ലെന്നും അവർ ലോകത്തോട് വിളിച്ചു പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപനം എല്ലാ ദുരിതങ്ങളുടെയും അറുതിയല്ലെന്ന് അവർക്കറിയാം. എന്നിട്ടും അവർ ഈ ആശ്വാസം ആഘോഷിക്കുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest