Connect with us

Articles

ഒളിച്ചുവെക്കാനുണ്ട്; ആയതിനാല്‍ മുദ്ര വെക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന സാഹചര്യങ്ങളിലാണ് മുദ്ര വെച്ച കവറിനുള്ളിലേക്ക് ഉള്‍വലിയുന്നതെന്ന് വ്യക്തമാകാന്‍ സീല്‍ ചെയ്ത കവറിനപ്പുറത്തെ നിയമ വ്യവഹാരത്തിന്റെ സ്വഭാവം മാത്രം പരിശോധിച്ചാല്‍ മതിയാകും. റാഫേല്‍ അതിന് ഒന്നാന്തരം തെളിവാണ്. അത്തരം സാഹചര്യങ്ങളില്‍ കാര്യങ്ങള്‍ രാജ്യത്തോട് തുറന്നുപറയാന്‍ ഭരണകൂടം മടിക്കുന്നു.

Published

|

Last Updated

മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരിക്കുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വിരമിച്ച സൈനികര്‍ക്ക് നല്‍കാന്‍ ഇനിയും ബാക്കിയുള്ള പെന്‍ഷന്‍ തുക കൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സീല്‍ ചെയ്ത കവറില്‍ വിവരങ്ങള്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുഖ്യ ന്യായാധിപന്‍ പറഞ്ഞത്.

വിഷയം പരിഗണനക്കെടുത്തപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി സര്‍ക്കാര്‍ നിലപാട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് അത് നിരസിക്കുകയും എതിര്‍ കക്ഷിയുമായി വിവരങ്ങള്‍ പങ്കുവെക്കേണ്ടതാണെന്നും പ്രസ്താവിച്ചത്. വിരമിച്ച സൈനികരെ പ്രതിനിധാനം ചെയ്ത മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്‌മദിയുമായി വിവരങ്ങള്‍ പങ്കുവെക്കണമെന്നാവശ്യപ്പെട്ട നീതിപീഠത്തോട്, ഇത് രഹസ്യ സ്വഭാവമുണ്ടാകേണ്ട വിവരങ്ങളാണെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി. കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്ത് രഹസ്യാത്മകതയാണുള്ളതെന്ന് നീതിപീഠം തിരിച്ചു ചോദിക്കുകയും ചെയ്തു.

മുദ്ര വെച്ച കവറില്‍ സുപ്രീം കോടതി നേരത്തേ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പല കേസുകളിലും വിവരങ്ങള്‍ സ്വീകരിച്ചിരുന്നല്ലോ എന്ന ചോദ്യം സ്വാഭാവികമാണ്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ കേസില്‍ സീല്‍ ചെയ്ത കവറില്‍ രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയില്‍ ആഭ്യന്തര അന്വേഷണ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചത്. സി ബി ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ റിപോര്‍ട്ട് സുപ്രീം കോടതി സ്വീകരിച്ചതും മുദ്ര വെച്ച കവറിലായിരുന്നു. 2015ല്‍ കോളിളക്കം സൃഷ്ടിച്ച റാഫേല്‍ യുദ്ധവിമാനക്കരാര്‍ കേസില്‍ സീല്‍ ചെയ്ത കവറിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിവരങ്ങള്‍ സമര്‍പ്പിച്ചത്. കേസ് കേട്ട സുപ്രീം കോടതി ബഞ്ചില്‍ ഉണ്ടായിരുന്ന ജെ ചെലമേശ്വര്‍ മുദ്ര വെച്ച കവറില്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ നീരസം പ്രകടിപ്പിച്ചിരുന്നു എന്ന സത്യം മറക്കുന്നില്ല. റാഫേല്‍ കേസിലടക്കം പലപ്പോഴും മുദ്ര വെച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിലപാടറിയിച്ചപ്പോള്‍ അത് വാങ്ങിവെച്ച പരമോന്നത നീതിപീഠം പുറത്തുവിടാന്‍ പറ്റാത്ത രീതിയില്‍ വിവരങ്ങള്‍ നല്‍കുന്നത് സ്വീകരിക്കുന്നതില്‍ ഈയിടെ വിമുഖത കാണിക്കുന്നതിന് പിന്നില്‍ കാരണങ്ങളുണ്ട്.
കോടതിയില്‍ സമര്‍പ്പിക്കുന്ന, മുദ്ര വെച്ച രഹസ്യ രേഖയിലെ വിവരങ്ങള്‍ കേസിലെ കക്ഷികള്‍ക്കോ പൊതുജനത്തിനോ ലഭ്യമായിരിക്കില്ല. സെന്‍സിറ്റീവായ വിവരങ്ങള്‍ അത്തരത്തില്‍ രഹസ്യാത്മകമായിരിക്കണമെന്നതാണ് അതിന്റെ താത്പര്യം. ദേശസുരക്ഷ, ക്രമസമാധാന പാലനം, വ്യക്തികളുടെ സ്വകാര്യത എന്നിവയെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിലാണ് മുദ്ര വെച്ച കവറില്‍ വിവരങ്ങള്‍ നല്‍കാന്‍ നീതിപീഠം നിര്‍ദേശിക്കുന്നത്. രഹസ്യാത്മകതാ തത്ത്വമാണ് (Principle of Confidentiality) അതിന്റെ അടിസ്ഥാനം. അതേസമയം നീതിന്യായ രംഗത്തെ സുതാര്യതയെ കാറ്റില്‍ പറത്തുന്ന വിധം ചില പ്രത്യേക കേസുകളില്‍ നീതിപീഠത്തിന് മാത്രം വിവരങ്ങള്‍ ലഭ്യമാകുന്ന സ്ഥിതിവിശേഷം നമ്മുടെ കോടതികളെ കങ്കാരു കോടതികളാക്കി മാറ്റും. അവിടെ നീതിന്യായ തത്ത്വങ്ങള്‍ക്ക് വില കല്‍പ്പിക്കാതിരിക്കുകയും തോന്നിയപടി വിചാരണയും വിധി തീര്‍പ്പുകളുമുണ്ടാകും. കോടതികള്‍ നീതിപൂര്‍വം വിധിതീര്‍പ്പ് നടത്തിയെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നാണ് നമ്മുടെ നീതിന്യായ തത്ത്വം. പ്രത്യുത അതങ്ങനെ തന്നെയാണെന്ന് സുതാര്യമായ നീതിന്യായ ഇടപെടലുകളിലൂടെ പൊതുജനത്തിന് ബോധ്യമാകുകയും വേണം. അപ്പോള്‍ പിന്നെ രഹസ്യാത്മകതാ തത്ത്വവും നീതിന്യായ സുതാര്യതയും ബാലന്‍സ് ചെയ്ത് പോകേണ്ടതാണ്. രഹസ്യാത്മകതാ തത്ത്വം ഒരു അപവാദ നിയമമാണ്. അത് പൊതു നിയമമായിപ്പോകുന്നത് നമ്മുടെ നീതിന്യായ സംവിധാനത്തിന് ഭൂഷണമല്ല തന്നെ.

അദാനി – ഹിന്‍ഡെന്‍ബര്‍ഗ് കേസില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് നിയന്ത്രണ സംവിധാനം പരിശോധിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് മുദ്ര വെച്ച കവറില്‍ പേരുകള്‍ നിര്‍ദേശിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് അത് അംഗീകരിച്ചില്ല. വിദഗ്ധ സമിതിയെ സുപ്രീം കോടതി തന്നെ തീരുമാനിക്കുമെന്നും സമിതിയില്‍ പൊതുജനത്തിന് പൂര്‍ണ വിശ്വാസമുണ്ടാകുന്ന തരത്തിലായിരിക്കണം അതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

മുദ്രവെച്ച ഒരു കവറും ഇവിടെ നല്‍കേണ്ടതില്ല. അത് നിങ്ങള്‍ തന്നെ കൈയില്‍ വെച്ചാല്‍ മതി. എനിക്ക് ഒരു മുദ്ര വെച്ച കവറും ആവശ്യമില്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഒരുവേള പ്രസ്താവിച്ചിരുന്നു. നേരത്തേ മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം ബലാത്സംഗ കേസില്‍ ബിഹാര്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ കൊണ്ടുവരേണ്ടതില്ലെന്ന് പറഞ്ഞ് നിരസിച്ചിരുന്നു അദ്ദേഹം.

ഈയിടെ ഇന്ത്യന്‍ നേവിയില്‍ സ്ഥിരം കമ്മീഷന്‍ കൊണ്ടുവരുന്നത് തള്ളിക്കൊണ്ടുള്ള വിധിയില്‍ നീതിന്യായ പ്രക്രിയയെ സുതാര്യമല്ലാത്തതും അവ്യക്തവുമാക്കുന്ന മുദ്ര വെച്ച കവര്‍ സമ്പ്രദായം അപകടകരമായ കീഴ് വഴക്കമാണെന്ന് പ്രസ്താവിച്ചിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഒരപവാദ നിയമം ഒരിക്കലും നയമായി മാറാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപവാദം “ആവര്‍ത്തിക്കുന്നത്’ അത്ര നിഷ്‌കളങ്കമായി കാണേണ്ട ഒന്നല്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന സാഹചര്യങ്ങളിലാണ് മുദ്ര വെച്ച കവറിനുള്ളിലേക്ക് ഉള്‍വലിയുന്നതെന്ന് വ്യക്തമാകാന്‍ സീല്‍ ചെയ്ത കവറിനപ്പുറത്തെ നിയമ വ്യവഹാരത്തിന്റെ സ്വഭാവം മാത്രം പരിശോധിച്ചാല്‍ മതിയാകും. റാഫേല്‍ അതിന് ഒന്നാന്തരം തെളിവാണ്. അത്തരം സാഹചര്യങ്ങളില്‍ കാര്യങ്ങള്‍ രാജ്യത്തോട് തുറന്നുപറയാന്‍ ഭരണകൂടം മടിക്കുന്നു. വിരമിച്ച സൈനികര്‍ക്ക് നല്‍കാനുണ്ടായിരുന്ന പെന്‍ഷനുമായി ബന്ധപ്പെട്ട് നടേ പറഞ്ഞ കേസില്‍ ഒടുക്കം മുദ്ര വെച്ച കവറിലെ വിവരങ്ങള്‍ സുപ്രീം കോടതിയില്‍ വായിക്കേണ്ടി വന്നു അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന് കീഴില്‍ വിരമിച്ച സൈനികര്‍ക്ക് നല്‍കാനുള്ള പെന്‍ഷന്‍ കൊടുക്കാനാകില്ല. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ചെലവിന് അത് ഉള്‍ക്കൊള്ളാനാകില്ലെന്നായിരുന്നു സീല്‍ ചെയ്ത രേഖയിലുണ്ടായിരുന്നത്. അപ്പോള്‍ കാര്യം ലളിതമാണ്. സൈനികരെ പ്രതി നിരന്തരം വാചാടോപം നടത്തുകയും രാജ്യത്തിന്റെ സൈനിക ശക്തിയെ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂടത്തിന് സൈനികര്‍ക്ക് പെന്‍ഷന്‍ നല്‍കാനില്ലെന്ന് പറയാന്‍ മടി. അത് രാജ്യത്തെ ജനങ്ങള്‍ കേള്‍ക്കരുതല്ലോ. അതിനാണ് പൗരന്‍മാരുടെ അറിയാനുള്ള അവകാശവും കൊട്ടിയടച്ചുകൊണ്ടുള്ള ഈ സീല്‍ വെച്ച കളികള്‍. അത് തിരിച്ചറിഞ്ഞ നീതിപീഠം മുദ്ര വെച്ച കവര്‍ പ്രവണതയെ അവധാനതയോടെ മാത്രം സ്വീകരിക്കുമെന്ന നിലപാടിലേക്ക് മാറിച്ചിന്തിച്ചത് നല്ലതു തന്നെ.