Connect with us

bharat jodo yathra

തുടര്‍ച്ചകളുണ്ടാകണം, അല്ലെങ്കില്‍...

നൈനൈരന്തര്യത്തോടെയും സ്ഥൈര്യത്തോടെയും രാഷ്ട്രീയ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള വിത്തുപാകലായി ഭാരത് ജോഡോ യാത്രയെ രാഹുലും കോണ്‍ഗ്രസ്സും കാണണം. കര്‍ഷകര്‍ വിത്തുപാകി അവരുടെ പാട്ടിന് പോകുകയല്ലല്ലോ പതിവ്. കൃത്യമായ ഇടവേളകളില്‍ നന വേണം, വേലികെട്ടണം, വളം പ്രയോഗിക്കണം, കള പറിച്ചുമാറ്റണം, കീടനാശിനി പ്രയോഗിക്കണം അങ്ങനെയങ്ങനെ വിളവെടുപ്പ് വരെ നിരന്തര ജാഗ്രതയും സൂക്ഷ്മതയും വേണം.

Published

|

Last Updated

ര്‍ധ വിരാമത്തില്‍ പൊലിയുമെന്ന് സ്വന്തം പാര്‍ട്ടിക്കാരടക്കം വിലയിരുത്തിയ ഒരു മഹാ പ്രയാണം അതിന്റെ വൃത്തം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. നെഹ്റുവിന്റെ/ ഇന്ദിരയുടെ കൊച്ചുമകന്‍, രാജീവിന്റെ/ സോണിയയുടെ മകന്‍ എന്നതിനപ്പുറമുള്ള സ്വതന്ത്ര രാഷ്ട്രീയാസ്തിത്വം രാഹുല്‍ ഗാന്ധി നേടിയിരിക്കുന്നു. കന്യാകുമാരിയില്‍ നിന്നുള്ള യാത്ര കശ്മീരില്‍ അവസാനിക്കുമ്പോള്‍ കേവലം കോണ്‍ഗ്രസ്സ് നേതാവ് പോലുമല്ല ഇന്ന് രാഹുല്‍. ഒരു ജനകീയത അദ്ദേഹത്തിന് കൈവന്നിട്ടുണ്ട്. ദന്തഗോപുര പ്യൂപ്പയില്‍ നിന്ന് ജനകീയ നേതാവ് എന്ന ചിത്രശലഭത്തിലേക്ക് രാഹുല്‍ പുറത്തുവന്നുവെന്നതും ഈ യാത്രയുടെ ഫലമാണ്. അതേസമയം, സ്ഥൂലതലത്തില്‍ കോണ്‍ഗ്രസ്സും രാഹുലും കെട്ടിപ്പടുത്ത രാഷ്ട്രീയ പ്രതിച്ഛായയും സക്രിയതയും അനവരതം തുടരേണ്ടതുണ്ട് എന്നതാണ് പ്രധാനം. ഭാരത് ജോഡോ യാത്രക്ക് തുടര്‍ച്ചകളും നൈരന്തര്യങ്ങളും അനിവാര്യമാണ്. അല്ലെങ്കില്‍, മറ്റൊരു കെട്ടുകാഴ്ച എന്നതിനപ്പുറമൊന്നുമുണ്ടാകില്ല.

ഇന്ത്യന്‍ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇടവേളകളോ വിശ്രമവേളകളോ ഇല്ലായെന്നതാണ് പ്രധാനം. നിരന്തരം ചലിക്കുന്ന/ കറങ്ങുന്ന ഒരു ഗ്രഹം കണക്കെയാണ് ഇന്ത്യന്‍ രാഷ്ട്രീയം. ഇടവേളകള്‍ എന്നത് ഒരു പൂര്‍ണവിരാമത്തിന് തുല്യമാണ്. ഇവിടെയാണ് പലപ്പോഴും രാഹുലിന് ഇടര്‍ച്ച വന്നത്. തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുന്നു. ഫലം വന്നതിന് ശേഷം തിരശ്ശീലക്ക് പിന്നിലേക്ക് മാറുന്നു. സാമൂഹിക മാധ്യമങ്ങളിലെ പ്രസ്താവനകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഒതുക്കുന്നു. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ആഘാതം ആ രാഷ്ട്രീയ ശരീരത്തിന്റെ ഭാഷകളില്‍ പ്രകടമാകുന്നു. അനുയായികളും അനുഭാവികളും നിരാശയുടെ വാത്മീകത്തില്‍ അഭയം പ്രാപിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. ഈയൊരു ചാക്രികതയാണ് രാഹുല്‍യുഗത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന് അനുഭവിക്കാനുണ്ടായിരുന്നത്. പ്രവര്‍ത്തനങ്ങളുടെ ഫലം എന്തായാലും ഇടര്‍ച്ചകളില്ലാതെ മുന്നോട്ടുപോകുകയെന്ന നേതൃഗുണം പലപ്പോഴും പ്രകടിപ്പിച്ചിരുന്നില്ല. ഭാരത് ജോഡോ യാത്രാനന്തരം അങ്ങനെയായിക്കൂടാ. കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല, രാഹുലില്‍ വിശ്വാസം പ്രകടിപ്പിക്കുന്നത്. ദാരിദ്ര്യത്തില്‍ നിന്ന് കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ട കോടിക്കണക്കിന് ജനങ്ങളുടെ അത്താണി കൂടിയാണെന്നത് മറന്നുപോകരുത്. അതുകൊണ്ട് തന്നെ, പ്രിയങ്കാ ഗാന്ധിയുടെ ഹാഥ് സെ ഹാഥ് യാത്രയെ ഒരു തുടര്‍ച്ചയായി കാണാം. പ്രധാനമായും വനിതകളെ ലക്ഷ്യമിട്ടുള്ള ഈ യാത്രയും ഇളകിപ്പോയ അടിത്തറ ഭദ്രമാക്കാനുള്ള ഇന്ധനമാകും കോണ്‍ഗ്രസ്സിന്.

ജനങ്ങളെ നേരില്‍ കാണുകയെന്ന ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നേറ്റത്തിനുള്ള മാര്‍ഗമാണെന്നതില്‍ സംശയമില്ല. അതേസമയം, സൂക്ഷ്മതലത്തിലുള്ള ശ്രദ്ധകേന്ദ്രീകരിക്കലും അനിവാര്യമാണ്. ആള്‍ക്കൂട്ടമൊഴുക്ക് എന്നതിനപ്പുറം കൃത്യമായ നയനിലപാടുകളും ഭാവിയിലേക്ക് തുറന്നുവെച്ച വിശാല കാഴ്ചപ്പാടുകളും ലക്ഷ്യകേന്ദ്രീകൃത പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ്സിന് അനിവാര്യമാണ്. നിലവിലെ സ്ഥിതി അനുസരിച്ച് യാഥാര്‍ഥ്യമാകുമെന്ന് ജനങ്ങള്‍ക്ക് കൂടി വിശ്വാസമാകുന്ന പദ്ധതികളാണ് കോണ്‍ഗ്രസ്സ് മുന്നോട്ടുവെക്കേണ്ടത്. അതായത്, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്ത ആറായിരം രൂപ അക്കൗണ്ടിലെത്തിക്കുമെന്ന വിശ്വാസത്തിലെടുക്കാനാകാത്ത വാഗ്ദാനങ്ങള്‍ക്ക് മുതിരരുത് എന്നര്‍ഥം. പരമപ്രധാനമായ മറ്റൊന്നാണ് സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കുക എന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളും ദളിതുകളും അടക്കമുള്ള അധഃസ്ഥിതരുടെ വിശ്വാസം തിരിച്ചുപിടിക്കേണ്ടതുണ്ട്. ഭരണഘടനാ വിഷയം ആയിട്ടുകൂടി പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ മുസ്‌ലിംകളുടെ ആശങ്കയെ രാഹുല്‍ തീരെ അഭിസംബോധന ചെയ്യാതിരുന്നപ്പോള്‍ പ്രത്യേകിച്ചും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ അല്ലാതെ എവിടെയും രാഹുല്‍ ശബ്ദമുയര്‍ത്തിയിട്ടുമില്ല. അസം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരത്വ ഭേദഗതി വിഷയവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേതും തമ്മില്‍ അജഗജാന്തരമുണ്ട്. അസമീസ് സ്വത്വത്തില്‍ അസന്തുലിതാവസ്ഥ വരും എന്ന കാരണത്താല്‍ “പുറത്തുനിന്നുള്ള’ ആര്‍ക്കും പൗരത്വം നല്‍കേണ്ടതില്ലെന്ന വംശീയ ആവശ്യമാണ് അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അന്ന് ഉയര്‍ന്നത്. മുസ്‌ലിംകളെ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പുറത്തുനിര്‍ത്തരുത് എന്നതായിരുന്നു മറ്റിടങ്ങളിലെ വിഷയം. ഇതില്‍ രാഹുല്‍ ഒപ്പം നിന്നത് അസമീസുകളുടെ വംശീയതക്കൊപ്പമായിരുന്നു എന്നത് ഏറെ നിരാശപ്പെടുത്തിയതായിരുന്നു.
ബാബരി വിഷയവും ഇങ്ങനെ തന്നെ. ബാബരി മസ്ജിദ് പൊളിച്ചിടത്താണ് രാമക്ഷേത്രം നിര്‍മിക്കുന്നത് എന്നതിനാല്‍ വോട്ടുബേങ്ക് ലക്ഷ്യമിട്ടാണെങ്കിലും അതിനെ പിന്തുണക്കാനും വെള്ളി ഇഷ്ടികകള്‍ അയക്കാനും ശിലാസ്ഥാപന ചടങ്ങിലേക്ക് വിളിച്ചില്ലെന്ന് പരാതിപ്പെടാനും കോണ്‍ഗ്രസ്സിന് എങ്ങനെയാണ് സാധിക്കുക? ഇത്തരത്തിലുള്ള നിരവധിയനവധി വിഷയങ്ങളില്‍ സംഘ്പരിവാരത്തോട് എതിര്‍ധ്രുവത്തിലുള്ള നയവും സമീപനവുമാണ് സമൂഹം കോണ്‍ഗ്രസ്സില്‍ നിന്ന് കാംക്ഷിക്കുന്നത്. അവിടെ സംഘ്പരിവാരത്തോട് മത്സരിക്കുന്നത് വിശ്വാസം നുരുമ്പിക്കാനേ ഉപകരിക്കൂ. ഗാന്ധി മുസ്‌ലിംകളുടെ ദുരിതങ്ങളില്‍ വേപഥുപൂണ്ട് ഒപ്പം നിന്നിരുന്നു. ഹിന്ദുത്വവാദിയായ നാഥുറാം വിനായക് ഗോഡ്സെ അദ്ദേഹത്തിന് നേരേ കാഞ്ചിവലിക്കാന്‍ ഇടയാക്കിയതും സൂക്ഷ്മതലത്തില്‍ മുസ്‌ലിംകളോടുള്ള ഈ ഐക്യദാര്‍ഢ്യമായിരുന്നല്ലോ. അതായത്, ചുരുങ്ങിയ പക്ഷം വേട്ടക്കാര്‍ക്കൊപ്പമല്ല തങ്ങളെന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം കൂടി കോണ്‍ഗ്രസ്സിനും രാഹുലിനുമുണ്ട്.

ചുരുക്കത്തില്‍, സ്ഥൈര്യത്തോടെയും നൈരന്തര്യത്തോടെയും രാഷ്ട്രീയ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള വിത്തുപാകലായി ഭാരത് ജോഡോ യാത്രയെ രാഹുലും കോണ്‍ഗ്രസ്സും കാണണം. കര്‍ഷകര്‍ വിത്തുപാകി അവരുടെ പാട്ടിന് പോകുകയല്ലല്ലോ പതിവ്. നന വേണം, വേലികെട്ടണം, വളം പ്രയോഗിക്കണം, കള പറിച്ചുമാറ്റണം അങ്ങനെയങ്ങനെ വിളവെടുപ്പ് വരെ നിരന്തര ജാഗ്രതയും സൂക്ഷ്മതയും വേണം. അങ്ങനെയല്ലെങ്കില്‍ വെറുമൊരു രാഷ്ട്രീയ നേരമ്പോക്കായോ പൊളിറ്റിക്കല്‍ ടൂറിസമായോ ഈ മഹായജ്ഞം ചരിത്രത്തില്‍ അടയാളപ്പെടുത്തും. ഇനിയൊരു തിരിച്ചുവരവിന് കാക്കാതെ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഊർധ്വശ്വാസം വലിക്കുകയും ചെയ്യും. അതുണ്ടായിക്കൂടാ.

Latest