Kozhikode
ചരിത്ര സ്രോതസ്സുകളോടുള്ള സമീപനത്തില്‍ മാറ്റം വരണം: അഭിലാഷ് മലയില്‍
പത്തിലധികം കാമ്പസുകളില്‍ നിന്നായി എഴുപതിലധികം ചരിത്ര വിദ്യാര്‍ഥികള്‍ ഹിസ്റ്ററി ഫെസ്റ്റിവലിന്റെ ഭാഗമായി.

കാന്തപുരം ഇമാം റബ്ബാനിയില്‍ സംഘടിപ്പിച്ച ജാമിഅ മദീനത്തുന്നൂര്‍ ഹിസ്റ്ററി ഫെസ്റ്റിവല്‍, ഹിസ്റ്റോഗ്രാമില്‍ ചരിത്രകാരന്‍ അഭിലാഷ് മലയില്‍ വിഷയാവതരണം നടത്തുന്നു.
കാന്തപുരം | ചരിത്ര സ്രോതസ്സുകളെ കൂടുതല്‍ അടുപ്പത്തോടെയും ദൃഢതയോടെയും സമീപിക്കണമെന്ന് ചരിത്രകാരന്‍ അഭിലാഷ് മലയില്‍ പ്രസ്താവിച്ചു. ജാമിഅ മദീനത്തുന്നൂര്‍ ഹിസ്റ്ററി ഫെസ്റ്റിവല്‍ ഹിസ്റ്റോഗ്രം 2025ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട അക്കാദമിക് സിമ്പോസിയത്തില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹ്ദല്‍ സാദാത്ത് ചെയറും ജാമിഅ മദീനത്തുന്നൂര്‍ ഹിസ്റ്ററി ഡിപാര്‍ട്ട്‌മെന്റും മലൈബാര്‍ റിസര്‍ച്ച് സെന്ററുമായി സഹകരിച്ച് കാന്തപുരം ഇമാം റബ്ബാനിയില്‍ നടത്തിയ ദ്വിദിന ചരിത്ര ക്യാമ്പ്, മലബാര്‍ ചരിത്രം, ചരിത്ര രചന രീതിശാസ്ത്രം, വിവിധ ആഖ്യാനങ്ങള്‍, നവ ട്രെന്‍ഡുകള്‍ എന്നിവ ചര്‍ച്ച ചെയ്തു. പത്ത് സെഷനുകളിലായി ഡോ. അഭിലാഷ് മലയില്‍ മലബാറിന്റെ ‘ചരിത്രരചനാശാസ്ത്രം: ചരിത്ര വ്യവഹാരത്തിലെ ആഖ്യാനങ്ങളും പുതിയ പ്രവണതകളും’ എന്ന വിഷയത്തിലും ഡോ. പി സക്കീര്‍ ഹുസൈന്‍, ‘അറബി-മലയാളം: മലബാര്‍ മാപ്പിളമാരുടെ ഭാഷയും ചരിത്രവും സാഹിത്യ സംസ്‌കാരവും’ എന്ന വിഷയത്തിലും ഡോ. ശമീര്‍ കൈപ്പങ്ങര, ‘ഇന്ത്യന്‍ മുസ്‌ലിം; ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം സാംസ്‌കാരിക രൂപവത്കരണത്തെ സൂഫി പാരമ്പര്യങ്ങള്‍ സ്വാധീനിച്ച വിധം’ എന്ന വിഷയത്തിലും ഡോ. ഇബ്‌റാഹീം സിദ്ദീഖി കുപ്പളത്ത്, ‘വായനയും എഴുത്തും: ഒരു ഇസ്‌ലാമിക പണ്ഡിതന്റെ ചരിത്രത്തോടുള്ള സമീപനം’ എന്ന വിഷയത്തിലും അശ്‌റഫ് സഖാഫി പുന്നത്ത്, ‘പാരമ്പര്യ സംരക്ഷണം: മാപ്പിള അറബി മലയാളം ഗാനങ്ങളുടെ അവതരണവും പരിണാമവും യുഗങ്ങളിലൂടെ’ എന്ന വിഷയത്തിലും എന്‍ മുഹമ്മദ് ഖലീല്‍, ‘മലബാറിന്റെ ബൗദ്ധിക ചരിത്രം: പ്രവണതകളും രീതികളും’ എന്ന വിഷയത്തിലും സിറാജ് റഹ്മാന്‍ നൂറാനി, ‘ആഗോള കുടിയേറ്റ സമൂഹങ്ങള്‍: ഹദ്‌റമികളും ഇന്ത്യന്‍ മഹാസമുദ്ര സമൂഹങ്ങളുടെ ചാലനാത്മകതയും’ എന്ന വിഷയത്തിലും അവതരണങ്ങള്‍ നടത്തി.
‘കേരള മുസ്‌ലിം നവോഥാനം: ചരിത്രാഖ്യാനങ്ങളുടെ വിമര്‍ശനാത്മക അപനിര്‍മ്മാണവും കേരള ഉലമയുടെ പങ്കും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഡോ. കെ എ നുഅയ്മാന്‍, ഉമൈര്‍ ബുഖാരി, റമദാന്‍ നൂറാനി നേതൃത്വം നല്‍കി. ഹിസ്റ്റോഗ്രാമിന്റെ ഭാഗമായി നേരത്തെ സംഘടിപ്പിച്ച കോണ്‍ഫാബ് പ്രീ- സിമ്പോസിയം സെഷനുകളില്‍ ഡോ. മോയിന്‍ മലയമ്മ, സ്വാലിഹ് അഹ്‌സനി അരീക്കല്‍ പ്രാദേശിക ചരിത്രത്തെയും ശാഫിഈ കര്‍മശാസ്ത്ര കൈമാറ്റങ്ങളെയും സഞ്ചാരത്തെയും അധികരിച്ച് വിഷയാവതരണങ്ങള്‍ നടത്തിയിരുന്നു. സമാപന സെഷന്‍ അരീക്കല്‍ സ്വാലിഹ് അഹ്‌സനിയുടെ അധ്യക്ഷതയില്‍ ഡോ. അബ്ദുസ്സ്വബൂര്‍ ബാഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ശഫീഖ് ബുഖാരി ക്ലോസിംഗ് നോട്ട് അവതരിപ്പിച്ചു. ഇര്‍ശാദ് നൂറാനി സ്വാഗതവും ജുറൈജ് ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു. പത്തിലധികം കാമ്പസുകളില്‍ നിന്നായി എഴുപതിലധികം ചരിത്ര വിദ്യാര്‍ഥികള്‍ ഹിസ്റ്ററി ഫെസ്റ്റിവലിന്റെ ഭാഗമായി.