Editorial
ഏറ്റുമുട്ടല്‍ കൊലകളില്‍ സമഗ്ര അന്വേഷണം വേണം
കൊല്ലപ്പെടുന്നവര്‍ ആരായാലും നിയമ വ്യവസ്ഥയുടെ കടുത്ത ലംഘനമാണ് യു പിയിലെ ഏറ്റുമുട്ടല്‍ കൊലകള്‍. കുറ്റവാളികളെ ശിക്ഷിക്കാന്‍ നിയമ വ്യവസ്ഥയില്‍ ചില വ്യവസ്ഥകളുണ്ട്. അവരെ കോടതിയില്‍ ഹാജരാക്കി വിശദമായി വിചാരണ നടത്തണം. അവര്‍ക്ക് പറയാനുള്ളതെന്തെന്നു കേള്‍ക്കണം. അതല്ലാതെ കുറ്റവാളിയായി മുദ്രചാര്‍ത്തി വിചാരണ കൂടാതെ വെടിവെച്ചിടാന്‍ പോലീസിന് അധികാരമില്ല.
ഉത്തര്‍ പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലയില്‍ സുപ്രീം കോടതി ഇടപെട്ടിരിക്കുന്നു. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കാലത്തെ ഏറ്റുമുട്ടല്‍, കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ എന്നിവയെക്കുറിച്ച് അഡീഷനല്‍ ഡി ജി പിയുടെ സമഗ്ര സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. ആറ് ആഴ്ചക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. മുന്‍ എം എല്‍ എ ആയിരുന്ന അതീഖ് അഹ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിര്‍ദേശം.
മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് ആതിഖ് അഹ്മദിനെയും സഹോദരനെയും പത്രപ്രവര്‍ത്തകരെന്ന വ്യാജേന സംഭവസ്ഥലത്തെത്തിയ ചിലര്‍ വെടിവെച്ചു വീഴ്ത്തിയത്. ഇതടക്കം 183 പേര്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഉത്തര്‍ പ്രദേശില്‍ പോലീസുമായുള്ള ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടു. 10,900 ഏറ്റുമുട്ടലുകളും നടന്നു. എന്തുകൊണ്ടാണ് സംസ്ഥാനത്ത് ഏറ്റുമുട്ടല്‍ കൊലകള്‍ ഇത്രയധികം വര്‍ധിച്ചത്? മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും പോലീസ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസിച്ച് അരങ്ങേറുന്ന ‘ഏറ്റുമുട്ടല്‍’ കൊലകളാണ് ഇവയില്‍ ഏറെയുമെന്ന് സന്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശക്തമായ പോലീസ് സുരക്ഷയില്‍ ആതിഖ് അഹ്മദും സഹോദരനും കൊല്ലപ്പെട്ടതില്‍ സുപ്രീം കോടതിയും ആശ്ചര്യം പ്രകടിപ്പിച്ചു. ‘അഞ്ച് പേര്‍ കാവല്‍ നില്‍ക്കുന്നു, ചിലര്‍ വന്ന് വെടിവെക്കുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ക്രമസമാധാന കാര്യങ്ങളില്‍ എങ്ങനെ വിശ്വാസമുണ്ടാകുമെന്നാണ് ജസ്റ്റിസ് ഭട്ട് ചോദിച്ചത്. ഈ കൊലയില്‍ പോലീസുകാര്‍ക്കും പങ്കുണ്ടാകാമെന്ന സംശയവും പ്രകടിപ്പിച്ചു കോടതി.
സംസ്ഥാനത്ത് കുറ്റവാളികളെയും മാഫിയകളെയും തുടച്ചുനീക്കുമെന്ന് അധികാരത്തിലേറിയ ഉടനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ക്രിമിനലുകളെ വ്യാപകമായി വേട്ടയാടുന്നതെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. എങ്കില്‍ എല്ലാ ക്രിമിനല്‍ പശ്ചാത്തലക്കാരെയും പോലീസ് വെടിവെക്കാത്തതെന്ത്? ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരില്‍ കൂടുതലും ഒരു പ്രത്യേക സമുദായക്കാരാകുന്നതെന്തുകൊണ്ട്? പടിഞ്ഞാറന്‍ യു പിയിലാണ് ഏറ്റുമുട്ടല്‍ കൊലകള്‍ കൂടുതല്‍ നടക്കുന്നത്. ന്യൂനപക്ഷ മതക്കാരാണ് ഇവിടുത്തെ താമസക്കാരില്‍ കൂടുതലും. കൊല്ലപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും ന്യൂനപക്ഷ സമുദായക്കാരുമാണ്. ഭൂരിപക്ഷ സമുദായക്കാരായ നിരവധി കൊടിയ ക്രിമിനലുകളുണ്ട് ഉത്തര്‍ പ്രദേശില്‍. വാരാണസിയിലെ ബ്രിജേഷ് സിംഗ് (106 ക്രിമിനല്‍ കേസുകള്‍), ഉന്നാവോ കൂട്ടബലാത്സംഗക്കേസ് പ്രതിയും ബി ജെ പി നേതാവുമായ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ (കൊലപാതക ഗൂഢാലോചന ഉള്‍പ്പെടെ 28 ക്രിമിനല്‍ കേസുകള്‍), ജുനാപൂരിലെ ധനഞ്ജയ് സിംഗ് (46 ക്രിമിനല്‍ കേസുകള്‍), രാജാഭയ്യ എന്ന പ്രതാപ്സിംഗ് (കൊലപാതകമടക്കം 31 കേസുകള്‍) തുടങ്ങിയ ക്രിമിനലുകള്‍ ഇപ്പോഴും സുരക്ഷിതരായി വിലസുന്നു. എന്തുകൊണ്ടാണ് യോഗിയുടെ പോലീസ് ഇവരെ കാണാതെ പോകുന്നത്?
കൊല്ലപ്പെടുന്നവര്‍ ആരായാലും നിയമ വ്യവസ്ഥയുടെ കടുത്ത ലംഘനമാണ് യു പിയിലെ ഏറ്റുമുട്ടല്‍ കൊലകള്‍. കുറ്റവാളികളെ ശിക്ഷിക്കാന്‍ നിയമ വ്യവസ്ഥയില്‍ ചില വ്യവസ്ഥകളുണ്ട്. അവരെ കോടതിയില്‍ ഹാജരാക്കി വിശദമായി വിചാരണ നടത്തണം. അവര്‍ക്ക് പറയാനുള്ളതെന്തെന്നു കേള്‍ക്കണം. അതല്ലാതെ കുറ്റവാളിയായി മുദ്രചാര്‍ത്തി വിചാരണ കൂടാതെ വെടിവെച്ചിടാന്‍ പോലീസിന് അധികാരമില്ല. കുറ്റാരോപിതനായ വ്യക്തിയുടെ ഭാഗം എന്തെന്ന് കോടതി മുമ്പാകെ വ്യക്തമാക്കാനുള്ള അവസരം ഇത് നഷ്ടമാക്കും. കടുത്ത മനുഷ്യാവകാശ ലംഘനമാണിത്.
സ്വയം രക്ഷക്കു വേണ്ടിയോ സമാധാനവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിന് അടിയന്തരമായി ആവശ്യമുള്ളിടത്തോ കുറ്റവാളിയെ മുറിവേല്‍പ്പിക്കാനോ കൊല്ലാനോ പോലീസിന് നിയമം അനുവാദം നല്‍കുന്നുണ്ട്. ഇതിന്റെ ദുരുപയോഗമാണ് ഇന്ന് നടക്കുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ബഹുഭൂരിഭാഗവും. അഥവാ എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍. കോടതിയുടെ ഉത്തരവോ അനുമതിയോ ഇല്ലാതെ സര്‍ക്കാര്‍ അധികാരികള്‍ പ്രതിയെ നിയമവിരുദ്ധമായി കൊലപ്പെടുത്തുന്നതാണ് എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍. വ്യക്തി കസ്റ്റഡിയിലായിരിക്കെ പോലീസോ മറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥരോ പ്രതിയെ ശാരീരിക പീഡനമോ മാനസിക പീഡനമോ ലൈംഗിക പീഡനമോ ഏല്‍പ്പിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും. ഭരണകൂടത്തിന്റെ രാഷ്ട്രീയ, വര്‍ഗീയ താത്പര്യങ്ങളാണ് മിക്കപ്പോഴും ഇത്തരം കൊലപാതകങ്ങള്‍ക്കു പിന്നില്‍. അതുകൊണ്ട് തന്നെ പോലീസ് തോക്കുകള്‍ ഉപയോഗിക്കുകയും അതൊരു വ്യക്തിയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്താല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും കാലതാമസം കൂടാതെ കോടതിക്ക് കൈമാറുകയും വേണമെന്ന് മുംബൈ പോലീസിന്റെ ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2014ല്‍ സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഒരു സ്വതന്ത്ര സി ഐ ഡി സംഘമോ, മറ്റൊരു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോ പ്രസ്തുത മരണത്തെക്കുറിച്ചുള്ള അന്വേഷണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. കുറ്റവാളികള്‍ക്ക് ഭരണകൂട പിന്തുണയുള്ളതിനാല്‍ കോടതി മുന്നോട്ടു വെച്ച ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. ഇതാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വര്‍ധിക്കാന്‍ മുഖ്യകാരണം. എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളില്‍ സമഗ്ര അന്വേഷണത്തിന് ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്.