Editorial
സംഭല്‍ വെടിവെപ്പില്‍ സമഗ്ര അന്വേഷണം വേണം
രാജ്യത്തെ പ്രമുഖ മസ്ജിദുകള്‍ പിടിച്ചെടുക്കുക തങ്ങളുടെ ലക്ഷ്യമാണെന്ന് വളരെ മുമ്പേ ആര്‍ എസ് എസും സംഘ്പരിവാര്‍ സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ പ്രായോഗവത്കരണമാണ് സംഭല്‍ ശാഹി മസ്ജിദിലും ഗ്യാന്‍വാപി മസ്ജിദിലും മഥുര ഈദ്ഗാഹ് മസ്ജിദിലുമെല്ലാം അവര്‍ നടത്തിവരുന്നത്.
ഭരണകൂട ഭീകരതയും ജുഡീഷ്യറി ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വിധേയപ്പെട്ടതിന്റെ അനന്തരഫലവുമാണ് ഉത്തര്‍ പ്രദേശിലെ സംഭല്‍ ശാഹി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് നടന്ന പോലീസ് വെടിവെപ്പ്. സംഭവത്തില്‍ നാല് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ടു. സര്‍വേക്കെതിരെ പ്രദേശത്തെ മുസ്ലിംകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് സ്വയം രക്ഷക്കാണ് വെടിവെക്കേണ്ടി വന്നതെന്നാണ് പോലീസ് ഭാഷ്യം. ഇതെത്രത്തോളം വാസ്തവമാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മുസ്ലിംകള്‍ക്കെതിരായ യു പി പോലീസിന്റെ നടപടി പലപ്പോഴും വിദ്വേഷപരമാണെന്ന് മുന്‍കാല സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ അന്യായമായ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ യു പി പോലീസ് കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുന്നത് പതിവുമാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ 2019 ഡിസംബറില്‍ രണ്ട് പേര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍, നാടന്‍ തോക്കുപയോഗിച്ച് പ്രതിഷേധക്കാര്‍ നടത്തിയ വെടിവെപ്പിലാണ് മരണമെന്നായിരുന്നു പോലീസ് പ്രചരിപ്പിച്ചിരുന്നത്. ദേശീയ മാധ്യമങ്ങളും അതേറ്റുപിടിച്ചു. പിന്നീട് പ്രതിഷേധക്കാരെ പോലീസ് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ വാദം പൊളിയുകയും അത് ശുദ്ധനുണയാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു. ശാഹി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടന്ന സംഘര്‍ഷത്തിന്റെ സത്യമറിയാന്‍ അല്‍പ്പം കാത്തിരിക്കേണ്ടി വന്നേക്കാം.
ക്ഷേത്രം പൊളിച്ചാണ് മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ സംഭലിലെ ശാഹി മസ്ജിദ് പണിതതെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകനും സംഘ്പരിവാര്‍ സഹകാരിയുമായ വിഷ്ണു ശങ്കര്‍ ജെയിന്‍ സംഭല്‍ പ്രാദേശിക സിവില്‍ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. കേസ് പരിഗണിച്ച കോടതി മറുഭാഗത്തിന് ഇവ്വിഷയകമായി പറയാനുള്ളതെന്തെന്ന് കേള്‍ക്കാതെ പെട്ടെന്ന് തന്നെ സര്‍വേക്ക് ഉത്തരവിട്ടു. ഈ മാസം 29നകം സര്‍വേ പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ സര്‍വേക്കായി അഭിഭാഷക കമ്മീഷണര്‍ ശാഹി മസ്ജിദിലെത്തി. ജുഡീഷ്യറിയുടെയും ഭരണകൂടത്തിന്റെയും ധൃതിപിടിച്ചതും നീതിന്യായ വ്യവസ്ഥക്ക് നിരക്കാത്തതുമായ നടപടികളാണ് പ്രദേശത്തുകാരെ ക്ഷുഭിതരാക്കിയതും സര്‍വേക്കെത്തിയവരെ തടയുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ നടപടികളിലേക്കെത്തിച്ചതും. എ ഐ സി സി സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് ഇക്കാര്യം.
എന്തായിരുന്നു സര്‍വേക്ക് ഉത്തരവിടാന്‍ കോടതിക്ക് ഇത്ര തിടുക്കം? ബാബരിക്കു ശേഷം ഹിന്ദുത്വ ഫാസിസം രാജ്യത്തെ പ്രമുഖ മസ്ജിദുകളില്‍ ഒന്നൊന്നായി അവകാശവാദമുന്നയിക്കുകയും കൈയേറ്റം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ബി ജെ പി ആധിപത്യത്തിലുള്ള ഭരണകൂടങ്ങള്‍ ഈ അനധികൃത കൈയേറ്റങ്ങള്‍ക്ക് സര്‍വ ഒത്താശയും നല്‍കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ ഏക പ്രതീക്ഷ ജുഡീഷ്യറിയാണ്. പൗരന്മാര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനൊപ്പം, ഭരണകൂടങ്ങളെ തിരുത്താന്‍ കൂടിയാണ് ഭരണഘടനാ ശില്‍പ്പികള്‍ നീതിന്യായ കോടതികള്‍ സ്ഥാപിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ചതും കാലങ്ങളായി മുസ്ലിംകള്‍ ആരാധന നിര്‍വഹിച്ചു വരികയും ചെയ്യുന്ന ഒരു മസ്ജിദ്, ക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി ആരെങ്കിലും രംഗത്തു വരുമ്പോള്‍ സര്‍വേക്ക് ഉത്തരവിടുന്നതിനു മുമ്പ്, മസ്ജിദ് ഭാരവാഹികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ആരായാനും അവരെ വിളിച്ചു വരുത്തി വിശദീകരണം തേടാനും കോടതിക്ക് ബാധ്യതയുണ്ട്. അത്തരം നടപടികളിലേക്ക് കടക്കാതെ ഹിന്ദുത്വരുടെ വാദത്തിന് പിന്തുണ നല്‍കി പെട്ടെന്ന് സര്‍വേക്ക് ഉത്തരവിടുന്നത് കോടതിയുടെ സ്വതന്ത്ര സ്വഭാവത്തിന് യോജിക്കാത്തതും ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കോട്ടം വരുത്തുന്നതുമാണ്.
സര്‍വേ നടത്തിയ രീതിയിലും ഉദ്യോഗസ്ഥരുടെ ചെയ്തികളിലുമുണ്ട് സംശയാസ്പദമായ നിലപാടുകള്‍. നവംബര്‍ 19ന് ലോക്കല്‍ പോലീസിന്റെയും മസ്ജിദ് മാനേജ്മെന്റിന്റെയും സാന്നിധ്യത്തില്‍ ഒരു സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രമായിരുന്നുവെന്ന് സംശയിപ്പിക്കുന്ന ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയില്ലെന്നാണ് വിവരം. എന്നിരിക്കെ വീണ്ടും തിടുക്കപ്പെട്ടൊരു സര്‍വേ നടത്തിയത്, അവിടെ നേരത്തേ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്ന് സന്ദേഹിക്കുക സ്വാഭാവികം.
ബാബരി മസ്ജിദ് ഉള്‍പ്പെടെ ഹിന്ദുത്വര്‍ അവകാശവാദമുന്നയിച്ച ഒരു ആരാധനാലയവും നേരത്തേ ക്ഷേത്രമായിരുന്നുവെന്ന് വസ്തുതാപരമായി തെളിയിക്കാന്‍ ഹിന്ദുത്വര്‍ക്കോ സര്‍വേ നടത്തിയ ഉദ്യോഗസ്ഥ സംഘത്തിനോ സാധിച്ചിട്ടില്ല. അയോധ്യയില്‍ പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയില്‍ പഴയ കെട്ടിട ശകലങ്ങളില്‍ ഒന്ന് പോലും ക്ഷേത്രത്തിന്റേതെന്ന് തറപ്പിച്ചു പറയുന്നില്ല. ആര്‍ക്കിയോളജിക്കല്‍ വകുപ്പ് മൊത്തം കാവിവത്കരിച്ച നിലവിലെ സാഹചര്യത്തില്‍ നടത്തുന്ന മറ്റു സര്‍വേകളും തീര്‍പ്പുകളും നിഷ്പക്ഷമാകാനുള്ള സാധ്യത വിരളമാണ്. രാജ്യത്തെ പ്രമുഖ മസ്ജിദുകള്‍ പിടിച്ചെടുക്കുക തങ്ങളുടെ ലക്ഷ്യമാണെന്ന് വളരെ മുമ്പേ ആര്‍ എസ് എസും സംഘ്പരിവാര്‍ സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ പ്രായോഗവത്കരണമാണ് സംഭല്‍ ശാഹി മസ്ജിദിലും ഗ്യാന്‍വാപി മസ്ജിദിലും മഥുര ഈദ്ഗാഹ് മസ്ജിദിലുമെല്ലാം അവര്‍ നടത്തിവരുന്നത്. യോഗി ആദിത്യനാഥ് ഭരണകൂടവും മോദി സര്‍ക്കാറും അവര്‍ക്ക് സഹായകമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. പ്രാദേശിക കോടതിയുടെ നിലപാടും സംശയാസ്പദമാണ്.
സുപ്രീംകോടതിയിലാണ് ഇരകള്‍ക്ക് ഇനി പ്രതീക്ഷ. പരമോന്നത കോടതി എത്രയും വേഗത്തില്‍ പ്രശ്നത്തില്‍ ഇടപെട്ട് നീതി ഉറപ്പാക്കേണ്ടിയിരിക്കുന്നു. നാല് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെക്കുറിച്ച് സമഗ്രവും നീതിപൂര്‍വവുമായ അന്വേഷണവും പ്രഖ്യാപിക്കേണ്ടതുണ്ട്.