Editorial
വേണം സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പ്രായപരിധി
സാമൂഹിക നിരീക്ഷകരുടെയും മനഃശാസ്ത്രജ്ഞരുടെയും അഭിപ്രായം തേടിയ ശേഷമാണ് വിവിധ രാജ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പരിധി നിശ്ചയിക്കാനുള്ള നിയമ നിര്‍മാണം നടത്തുന്നത്. ഇന്ത്യയിലും പ്രായപരിധി നിശ്ചയിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
16 വയസ്സിനു താഴെയുള്ള കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള നിയമ നിര്‍മാണത്തിനൊരുങ്ങുകയാണ് ആസ്ത്രേലിയന്‍ സര്‍ക്കാര്‍. എക്സ്, ടിക്ടോക്, ഇന്‍സ്റ്റ, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള 16 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കാണ് വിലക്ക് വരിക. ഈ നിയമം സംബന്ധിച്ച കരട് രൂപം ഈ വര്‍ഷം ആസ്ത്രേലിയന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നും 12 മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്നും ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി. പ്രായപരിധി ലംഘിച്ച് കുട്ടികള്‍ സോഷ്യല്‍ മീഡയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചാല്‍ പ്രസ്തുത പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം. കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവേശിക്കുന്നത് തടയാനുള്ള ഉത്തരവാദിത്വം അതത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കാണെന്നും മാതാപിതാക്കള്‍ക്കായിരിക്കില്ലെന്നും ആന്റണി അല്‍ബനീസ് ചൂണ്ടിക്കാട്ടി.
വര്‍ധിതമായ തോതിലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളില്‍ മാനസികവും ശാരീരികവുമായ നിരവധി പ്രയാസങ്ങളും ദുരന്തങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അത് നിരോധിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കുന്നതെന്ന് ആന്റണി അല്‍ബനീസ് ചൂണ്ടിക്കാട്ടി. ആസ്ത്രേലിയന്‍ സര്‍ക്കാറിന്റെ പ്രായപരിധി തീരുമാനം തങ്ങള്‍ മാനിക്കുന്നതായി ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റയുടെ സുരക്ഷാ വിഭാഗം മേധാവി ആന്റണി ഡേവിഡ് പ്രതികരിച്ചു. നോര്‍വെയും ഇത്തരമൊരു നിയമ നിര്‍മാണത്തിനൊരുങ്ങുന്നതായി റിപോര്‍ട്ടുണ്ട്. 15 വയസ്സാണ് അവരുടെ പരിഗണനയിലുള്ള പ്രായപരിധി. അമേരിക്കന്‍ സെനറ്റ് നേരത്തേ 13 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ബില്ല് അംഗീകരിച്ചിട്ടുണ്ട്.
വലിയ സാമൂഹിക പ്രശ്നവും ദുരന്തവുമായി മാറിയിരിക്കുകയാണ് കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും സാമൂഹിക മാധ്യമ പ്രവേശവും. ശൈശവ പ്രായത്തിലേ തുടങ്ങുന്നു ഫോണ്‍ ഉപയോഗം. പാട്ട് പാടിയും കളിക്കോപ്പുകള്‍ നല്‍കിയുമാണ് മുന്‍കാലങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളുടെ കരച്ചിലും ശാഠ്യവും ശമിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് സ്മാര്‍ട്ട് ഫോണുകളാണ് നല്‍കുന്നത്. ശിശു ആഹാരം കഴിക്കണമെങ്കില്‍ ഫോണ്‍ വേണം. പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും ഫോണ്‍ കൂടിയേ കഴിയൂ എന്നായിട്ടുണ്ട്. അതീവ ഗുരുതരമാണ് ഇതുണ്ടാക്കിത്തീര്‍ക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങള്‍. കുഞ്ഞുങ്ങളുടെ തലയോട്ടിക്ക് കട്ടി കുറവായതിനാല്‍ മൊബൈലില്‍ നിന്ന് പ്രസരിക്കുന്ന ഇലക്ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് 60 ശതമാനം കൂടുതല്‍ അവരെ ബാധിക്കുന്നു. പിടിവാശി, അമിതമായ ദേഷ്യം, ആത്മഹത്യാ പ്രവണത, അക്രമവാസന തുടങ്ങിയ പ്രശ്നങ്ങള്‍ കുട്ടികളില്‍ വര്‍ധിച്ചു വരുന്നതില്‍ മൊബൈല്‍ ഉപയോഗത്തിന് പങ്കുണ്ട്. ഓര്‍മശക്തിയെയും പഠനത്തെയും വൈജ്ഞാനിക വികാസത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
സോഷ്യല്‍ മീഡിയ വഴി കുട്ടികള്‍ അപരിചിതരുമായി നടത്തുന്ന ഇടപെടലുകള്‍ കെണികളിലേക്കും അപകടത്തിലേക്കും നയിക്കാറുണ്ട്. സൈബര്‍ കുറ്റവാളികള്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നത് സോഷ്യല്‍ മീഡിയ വഴിയുള്ള ബന്ധത്തിലൂടെയാണ്. കുട്ടികളോട് നഗ്‌ന സെല്‍ഫികള്‍ അയക്കാന്‍ ആവശ്യപ്പെടുകയും അതുവെച്ച് ബ്ലാക്ക് മെയില്‍ നടത്തുകയും ചെയ്ത സംഭവങ്ങള്‍ ധാരാളം റിപോര്‍ട്ട് ചെയ്യപ്പെട്ടതാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള കുട്ടികളുടെ ഇത്തരം ബന്ധങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ അറിയുന്നത് പലപ്പോഴും വളരെ വൈകിയാണ്. അപ്പോഴേക്കും അവര്‍ മാനസികമായി തകര്‍ന്നിരിക്കും.
ഫോണ്‍ ഉപയോഗത്തില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാന്‍ എന്താണ് വഴി? ഡ്രൈവിംഗ് ലൈസന്‍സിന് പ്രായ പരിധി നിശ്ചയിച്ചതു പോലെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനും പ്രായപരിധി നിശ്ചയിക്കുകയും ആ പ്രായത്തിനു മുമ്പ് ഉപയോഗം പൂര്‍ണമായി വിലക്കുകയും ചെയ്യുകയെന്നതാണ് സാമൂഹിക നിരീക്ഷകരില്‍ നല്ലൊരു പങ്കും നിര്‍ദേശിക്കുന്ന മാര്‍ഗം. 13,17,18,21 എന്നിങ്ങനെ പ്രായപരിധി സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യു എസ് കോണ്‍ഗ്രസ്സ് പാസ്സാക്കിയ ‘കോപ്പ’ (ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ട്) 13 വയസ്സാണ് നിര്‍ണയിച്ചത്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് നടത്തിയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കി അതത് രാജ്യങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ് പ്രായപരിധി.
അതേസമയം, സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തുമ്പോള്‍ കുട്ടികളില്‍ നിന്നുണ്ടാകുന്ന പ്രതികരണമെന്തായിരിക്കുമെന്ന വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട് പലരും. ആത്മഹത്യ പോലുള്ള അപകടകരമായ ചെയ്തികളിലേക്ക് നീങ്ങിയേക്കുമോ എന്നാണ് ഭയം. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടതില്ലെന്നും ചെറുപ്രായത്തിലുള്ളവരുടെ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയാല്‍ കുട്ടികള്‍ അതംഗീകരിക്കുമെന്നുമാണ് സാമൂഹിക നിരീക്ഷകരുടെ പക്ഷം. 18 വയസ്സിനു മുമ്പ് ഡ്രൈവിംഗിന് അനുമതിയില്ലെന്ന കാര്യം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക നിരീക്ഷകരുടെയും മനഃശാസ്ത്രജ്ഞരുടെയും അഭിപ്രായം തേടിയ ശേഷമാണ് വിവിധ രാജ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പരിധി നിശ്ചയിക്കാനുള്ള നിയമ നിര്‍മാണം നടത്തുന്നത്. ഇന്ത്യയിലും പ്രായപരിധി നിശ്ചയിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഇരുപത്തിയൊന്നോ പതിനെട്ടോ വയസ്സായി നിര്‍ണയിക്കണമെന്ന് 2023 സെപ്തംബറില്‍ കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര ഉത്തരവിനെതിരെ എക്സ് (ട്വിറ്റര്‍) സമര്‍പ്പിച്ച ഹരജിയുടെ പരിഗണനക്കിടയിലാണ് ജസ്റ്റിസുമാരായ ജി നരേന്ദറും വിജയ്കുമാര്‍ എ പാട്ടീലും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. സോഷ്യല്‍ മീഡിയ ഉപയോഗം സൃഷ്ടിക്കുന്ന വിപത്തുകള്‍ പരിഗണിക്കുമ്പോള്‍ ഇത്തരമൊരു നിയന്ത്രണം ഇവിടെയും അനിവാര്യമാണ്.