Kerala
സി പി എം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ച കൊഴുക്കുന്നതിനിടെ 'അടൂരിനെ' ചൊല്ലി ബഹളം
വിമര്‍ശനങ്ങളുടെ പെരുമഴ; ഇ പിയെയും സുധാകരനെയും വെറുതെവിട്ടില്ല
പത്തനംതിട്ട | സി പി എം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ച കൊഴുക്കുന്നതിനിടെ ബഹളം. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃസ്ഥാനത്ത് അടൂരില്‍ നിന്ന് ഉള്ളവരാണെന്ന വിമര്‍ശനം പ്രതിനിധികള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് ബഹളം ഉണ്ടായത്. അടൂരില്‍ നിന്നുള്ള പ്രതിനിധി രാജശേഖരക്കുറുപ്പാണ് വിമര്‍ശനം ആദ്യം ഉന്നയിച്ചത്. ഇരവിപേരൂര്‍ ഏരിയകളില്‍ നിന്നുള്ളവരും ഇത് ഏറ്റുപിടിച്ചു. വേദിയിലുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി വിമര്‍ശനം ചിരിച്ചുകൊണ്ടാണ് കേട്ടിരുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി, കെ എസ്് കെ റ്റി യു ജില്ലാ സെക്രട്ടറി, എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്, പാലിയേറ്റീവ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ബാലസംഘം രക്ഷാധികാരി, സി ഐ റ്റി യു ജില്ലാ സെക്രട്ടറി ഈ സ്ഥാനങ്ങളെല്ലാം വഹിക്കുന്നത് അടൂരുകാരാണെന്നതായിരുന്നു വിമര്‍ശനം. അടൂരുകാരുടെ ജില്ലാ സമ്മേളനം എന്നുകൂടി പറയണമെന്നും പ്രതിനിധികള്‍ പ്രതിഷേധമായി പറഞ്ഞതോടെയാണ് അടൂരിലെ തന്നെ മറ്റു ചില പ്രതിനിധികള്‍ ബഹളവുമായി എഴുന്നേറ്റത്്. പ്രസീഡിയം ആവര്‍ത്തിച്ച് ഇടപെട്ടാണ് പ്രതിനിധികളെ ശാന്തമാക്കിയത്.
വിമര്‍ശനങ്ങളുടെ പെരുമഴ; ഇ പിയെയും സുധാകരനെയും വെറുതെവിട്ടില്ല
ഇ.പി. ജയരാജന്‍ എന്നും വിവാദങ്ങളുടെ തോഴനാണെന്നും ഇതു പാര്‍ട്ടിക്കു ദോഷകരമായി മാത്രമേ മാറിയിട്ടുള്ളൂവെന്നും സമ്മേളന പ്രതിനിധികള്‍. ബി ജെ പി നേതാവ് പ്രകാശ് ജാവേദ്കറെ ഇ പി കണ്ടതിനേക്കാള്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്ന് വിമര്‍ശനം ഉണ്ടായി. ഇപ്പോഴും വിശദീകരണം ലഭിക്കാത്ത പല വിഷയങ്ങളും ഇ പിയുമായി ബന്ധപ്പെട്ടുണ്ട്. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇ പി സ്വയം മാറിയതോ മാറ്റിയതോ എന്ന് അംഗങ്ങള്‍ ആരാഞ്ഞു. ആത്മകഥ വിവാദം മുതല്‍ ഇപി പാര്‍ട്ടിയെ വെട്ടിലാക്കിയ നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടും സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാട് ഗുണകരമായില്ലെന്ന അഭിപ്രായവും ഉയര്‍ന്നു. ജി സുധാകരനെപോലെയുള്ള നേതാക്കള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകളും നടപടികളും തുടരുന്നത് സാധാരണ പ്രവര്‍ത്തകരുടെയിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന അഭിപ്രായവും ഉണ്ടായി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന ചിന്ത മന്ത്രിമാര്‍ക്കു പോലുമില്ല. ഈ ഒരു ധാരണ പാര്‍ട്ടി നേതൃത്വത്തിനുമില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പല മേഖലയിലും നിരാശജനകമാണ്. മന്ത്രിമാര്‍ പലരും പരാജയമാണെന്നും ആക്ഷേപമുണ്ടായി. ആരോഗ്യമേഖല കുത്തഴിഞ്ഞു. ജനകീയ വിഷയങ്ങളില്‍ മന്ത്രിമാര്‍ ഇടപെടുന്നില്ലെന്നും പ്രതിനിധികള്‍ പരാതിപ്പെട്ടു. സാധാരണക്കാരുടെ പെന്‍ഷന്‍ മുടങ്ങിയതടക്കമുള്ള വിഷയങ്ങളാണ ്‌ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു കാരണം. ഇപ്പോള്‍ നല്‍കുന്നതുപോലെയെങ്കിലും പെന്‍ഷന്‍ നേരത്തെ നല്‍കിയിരുന്നെങ്കില്‍ അതിന്റെ പ്രയോജനം തെരഞ്ഞെടുപ്പില്‍ ലഭിക്കുമായിരുന്നുവെന്ന് പ്രതിനിധികള്‍ പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ പാര്‍ട്ടിയില്‍ ക്രിമിനല്‍ വത്കരണം
ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി ചര്‍ച്ചയില്‍ പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സംഘപരിവാര്‍ ബന്ധമുള്ളവരും സിപിമ്മില്‍ ചേരുന്ന പ്രവണത ജില്ലയില്‍ വര്‍ധിച്ചു വരികയാണെന്നും ഇവരെ സ്വീകരിക്കുന്നതിലൂടെ ആര്‍ക്കാണ് ഗുണമെന്നും പ്രതിനിധികള്‍ ചോദിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും പത്തനംതിട്ടയില്‍ നിരവധി ക്രിമിനലുകളും യുവമോര്‍ച്ച പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നത് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക്പല ആവശ്യങ്ങള്‍ക്കും ഈ ക്രിമിനലുകളെയാണ് ഉപയോഗിക്കുന്നതെന്ന ആരോപണമുണ്ടായി. നവകേരള സദസ് പ്രഹസനമായതായും ഒരു പരാതി പോലും പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും മല്ലപ്പള്ളിയില്‍ നിന്നുള്ള അംഗം പറഞ്ഞു.
എഡിഎം നവീന്‍ ബാബുവിന്റെ വിഷയത്തില്‍ സിഐടിയു സംസ്ഥാന സമിതി അംഗം കൂടിയായ മലയാലപ്പുഴ മോഹനന് എതിരെയും വിമര്‍ശനം ഉയര്‍ന്നു. പത്തനംതിട്ട, കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ക്ക് രണ്ട് നിലപാട് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ മോഹനന്‍ ശ്രമിച്ചുവെന്നും നവീന്‍ ബാബു വിഷയത്തില്‍ ചിലര്‍ വക്താക്കളായി ചമഞ്ഞു എന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. കൊടുമണ്‍ ഏരിയ കമ്മിറ്റിയില്‍ നിന്നാണ് വിമര്‍ശനം ഉയര്‍ന്നത്. സമ്മളനത്തില്‍ പോലീസിനും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പോലീസ് സ്റ്റേഷനില്‍ സിപിഎംകാരനാണെങ്കില്‍ ലോക്കപ്പ് ഉറപ്പാണ്. ബിജെപികാരനാണെങ്കില്‍ തലോടലും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി