Kerala
മൃതദേഹത്തില്‍ മുറിവുകളോ ക്ഷതങ്ങളോ ഇല്ല; ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
ഇന്ന് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി ഉച്ചക്ക് മൂന്നിന് ആചാര പ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിക്കും
നെയ്യാറ്റിന്‍കര | സമാധി കേസില്‍ കല്ലറ പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ശരീരത്തില്‍ മുറിവുകളോ ക്ഷതങ്ങളോ ഇല്ല. വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നും വിവരമുണ്ട്. എന്നാല്‍ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. മരണ കാരണം വ്യക്തമല്ലെന്നാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. രാസപരിശോധനാ റിപോര്‍ട്ട് കൂടി പുറത്തുവന്നതിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അറിയിച്ചു.
മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് വിവരം. മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്‌സറെ പരിശോധന നടത്തിയിരുന്നു. മൃതദേഹം ഇന്ന് നെയ്യാറ്റിന്‍കര മിംസ് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച് നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് നാളെ ഉച്ചക്ക് മൂന്നിന് ആചാര പ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ ഇന്ന് രാവിലെയാണ് പൊളിച്ചത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്. വായ തുറന്ന നിലയിലായിരുന്നുണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിരുന്നു.