Connect with us

International

ഗൂഗിളില്‍ രണ്ടാം ഘട്ട പിരിച്ചുവിടല്‍ ഉണ്ടാകും;സൂചന നല്‍കി സുന്ദര്‍ പിച്ചൈ

സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടലിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാക്കേജുകള്‍ നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ| ഗൂഗിള്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി സിഇഒ സുന്ദര്‍ പിച്ചൈ. രണ്ടാം ഘട്ട പിരിച്ചുവിടല്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ജനുവരിയില്‍ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം അല്ലെങ്കില്‍ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കമ്പനിയില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉടന്‍ നടക്കുമെന്ന് അദ്ദേഹം സൂചന നല്‍കിയത്.

ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിനു ശേഷം കൂടുതല്‍ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട് ഗൂഗിള്‍. ഇതിലൊന്നാണ് ജീവനക്കാര്‍ക്ക് നല്‍കുന്ന ആപ്പിള്‍ മാക്ബുക്ക് ലാപ്‌ടോപ്പ് ഇനി എഞ്ചിനീയറിംഗ് ടീമിന് മാത്രം നല്‍കുമെന്നതാണ്. എഞ്ചിനീയറിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ക്രോംബുക്ക് ലാപ്‌ടോപ്പുകള്‍ നല്‍കും. ഇത് കൂടാതെ ഫുഡ് അലവന്‍സുകളും മറ്റ് ആനുകൂല്യങ്ങളും ഗൂഗിള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഓഫീസില്‍ നിന്നും വിവിധ വകുപ്പുകളിലായി 450 ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം, സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടലിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാക്കേജുകള്‍ നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഓരോ ജീവനക്കാരന്റെയും സേവനകാലയളവ് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും പാക്കേജുകള്‍ തീരുമാനിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.

 

 

Latest