Uae
അബൂദബി; അവധിക്കാലത്ത് ജോലി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ഡ്-ഓഫ്-സര്‍വീസ് ഉണ്ടാവില്ല
അവരുടെ യഥാര്‍ഥ ജോലി സമയം ആറ് മണിക്കൂറില്‍ കൂടരുത്. ദിവസേന, ഒന്നോ അതിലധികമോ വിശ്രമ ഇടവേളകള്‍ നല്‍കണം.
അബൂദബി | ട്രെയിനികളോ ജോലി ചെയ്യുന്നവരോ ആയ ജുവനൈല്‍ വിദ്യാര്‍ഥികളെ പരമാവധി ഏഴ് മണിക്കൂറിലധികം തുടര്‍ച്ചയായി ജോലിസ്ഥലത്ത് നിര്‍ത്തുന്നതിനെതിരെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും മുന്നറിയിപ്പ് നല്‍കി.
അവരുടെ യഥാര്‍ഥ ജോലി സമയം ആറ് മണിക്കൂറില്‍ കൂടരുത്. ദിവസേന, ഒന്നോ അതിലധികമോ വിശ്രമ ഇടവേളകള്‍ നല്‍കണം. അതേസമയം അവധിക്കാല കാലയളവില്‍ പരിശീലനം നേടുന്നതോ ജോലി ചെയ്യുന്നതോ ആയ ഒരു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് എന്‍ഡ്-ഓഫ്-സര്‍വീസ് റിവാര്‍ഡിനോ ഏതെങ്കിലും അവധിക്കാല അനുകൂല്യത്തിനോ അര്‍ഹതയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയം അംഗീകരിച്ച തൊഴില്‍ അല്ലെങ്കില്‍ പരിശീലന കരാറില്‍ എന്താണ് വ്യവസ്ഥ ചെയ്തിരിക്കുന്നത് അത് മാത്രമാണ് ലഭിക്കുക. വിദ്യാഭ്യാസ അവധിക്കാലത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനോ ജോലിക്കെടുക്കാനോ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും നിരവധി ബാധ്യതകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. വൈകുന്നേരം എട്ട് മുതല്‍ രാവിലെ ആറ് വരെയാവണം ഇവരുടെ പരമാവധി ജോലി സമയം.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ സാഹചര്യങ്ങള്‍ പരിഗണിക്കാതെ ഓവര്‍ടൈം ജോലിക്ക് നിയോഗിക്കുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്‌മെന്റിന് ശേഷം വിദ്യാര്‍ഥിയെ ജോലിസ്ഥലത്ത് നിര്‍ത്തുന്നത് അനുവദനീയമല്ല. കൂടാതെ വിശ്രമ ദിവസങ്ങളില്‍ അവരെ പരിശീലിപ്പിക്കുന്നതോ ജോലിക്ക് നിയമിക്കുന്നതോ അനുവദനീയമല്ല.