National
രാജസ്ഥാനില്‍ ഭരണതുടര്‍ച്ചയുണ്ടാകും; സച്ചിന്‍ പൈലറ്റ്
സര്‍ക്കാരുകള്‍ മാറിമാറി വരുന്ന പ്രവണത ഇത്തവണ ഉണ്ടാകില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും അവസരം ലഭിക്കുമെന്ന് ഉറപ്പുണ്ട്.

ജയ്പൂര്‍| രാജസ്ഥാനില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസിന് വീണ്ടും അവസരം ലഭിക്കുമെന്നും ജനവികാരം സര്‍ക്കാരിന് അനുകൂലമാണെന്നും സച്ചിന്‍ പറഞ്ഞു. സര്‍ക്കാരുകള്‍ മാറിമാറി വരുന്ന പ്രവണത ഇത്തവണ ഉണ്ടാകില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗസംഖ്യ കിട്ടുമെന്നും ജനസേവനത്തിന് പ്രതിജ്ഞാബദ്ധരായവര്‍ക്കായിരിക്കും ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള പ്രകടമായ ഭിന്നതയെക്കുറിച്ചും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. പാര്‍ട്ടിക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് രണ്ടോ മൂന്നോ പേരുടെ കാര്യമല്ല. രാജസ്ഥാനിലെ കോണ്‍ഗ്രസ് ഘടകം ഒറ്റക്കെട്ടാണെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
അതേസമയം രാജസ്ഥാനിലെ 200 നിയമസഭാ സീറ്റുകളില്‍ 199 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഗംഗാനഗറിലെ കരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേരത്തെ അന്തരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് രാവിലെ 9 മണി വരെ 9.77% പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. ഡിസംബര്‍ മൂന്നിനാണ് ഫല പ്രഖ്യാപനം.