Editors Pick
നിർബന്ധമായും കണ്ടിരിക്കേണ്ട ഇന്ത്യയിലെ 8 വെള്ളച്ചാട്ടങ്ങൾ ഇവയാണ് !
പശ്ചിമഘട്ടത്തിലെ ഉയർന്ന കൊടുമുടികളിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ദൂദ്‌സാഗർ വെള്ളച്ചാട്ടം മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്നത് ഉഗ്രൻ കാഴ്ചയാണ്.

ലോകത്തിലെ ഏറ്റവും സുന്ദരമായ ചില വെള്ളച്ചാട്ടങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഉയരംകൊണ്ടും പ്രകൃതിയുടെ ആകൃതികൊണ്ടുമെല്ലാം വളരെ മനോഹരമായവ. ഒരു സഞ്ചാരി കണ്ടിരിക്കേണ്ട ഇന്ത്യയിലെ പ്രധാന വെള്ളച്ചാട്ടങ്ങളെ കുറിച്ച് അറിഞ്ഞാലോ ?
നോഹ്‌സ്‌ങ്കിതിയാങ് വെള്ളച്ചാട്ടം – മേഘാലയ
‘സെവൻ സിസ്റ്റേഴ്‌സ് വെള്ളച്ചാട്ടം’ എന്നും അറിയപ്പെടുന്ന നോഹ്‌സ്‌ങ്കിതിയാങ്ങിൽ 7 അരുവികൾ ഒരു സമൃദ്ധമായ പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്നത് കാണാൻ അതിമനോഹരമാണ്. ചിറാപുഞ്ചിയിലെ മൗസ്‌മൈ ഗ്രാമത്തിനടുത്താണ് ഇത്. 1,033 അടി ഉയരമുള്ള പാറയിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. മൺസൂൺ കാലമാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
അതിരപ്പിള്ളി വെള്ളച്ചാട്ടം – കേരളം
ബാഹുബലി, ദിൽ സേ തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം കഥാപാത്രമായിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രം കൂടിയാണിത്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ചാലക്കുടി പുഴയുടെ ഭാഗമാണ്. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും അതിവിശാലമായാണ് വെള്ളം താഴേക്ക് പതിക്കുന്നത്. സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: മൺസൂൺ, ശീതകാലം.
ദൂദ്‌സാഗർ വെള്ളച്ചാട്ടം -ഗോവ
പശ്ചിമഘട്ടത്തിലെ ഉയർന്ന കൊടുമുടികളിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ദൂദ്‌സാഗർ വെള്ളച്ചാട്ടം മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്നത് ഉഗ്രൻ കാഴ്ചയാണ്. ദൂരെ നിന്ന് നോക്കിയാൽ മലഞ്ചെരുവിലൂടെ ഒഴുകുന്ന പാൽപുഴ പോലെയാണ് വെള്ളച്ചാട്ടം. അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് സാങ്‌വെം താലൂക്കിലാണ്. നാല് തട്ടുകളുള്ള വെള്ളച്ചാട്ടം ബെലഗാവി -വാസ്‌കോ ഡ ഗാമ റെയിൽ പാതയിലൂടെ സഞ്ചരിക്കുമ്പോൾ കാണാം.
ജോഗ് വെള്ളച്ചാട്ടം – കർണാടക
830 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം. സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് ഈ വെള്ളച്ചാട്ടം.കാണാൻ ഏറ്റവും നല്ല സമയം: മൺസൂൺ.
തലക്കോണ വെള്ളച്ചാട്ടം
ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കിടേശ്വര ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന തലക്കോണ വെള്ളച്ചാട്ടം ട്രെക്കിംഗിന് അനുയോജ്യമായ സ്ഥലമാണ്. ഒക്ടോബർ മുതൽ ജനുവരി വരെയാണ് കാണാൻ പറ്റിയ സമയം
ഹൊഗെനക്കൽ വെള്ളച്ചാട്ടം
തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഹൊഗെനക്കൽ എന്നാൽ കന്നഡയിൽ “പുകയും പാറകളും” എന്നാണ് അർത്ഥമാക്കുന്നത്. വെള്ളച്ചാട്ടത്തിലെ മൂടൽമഞ്ഞിന്‍റെ രൂപത്തെയാണ് ഇത് വിവരിക്കുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് സന്ദർശനത്തിന് പറ്റിയ സമയം.
ചാച്ചായി വെള്ളച്ചാട്ടം
മധ്യപ്രദേശിലെ രേവ ജില്ലയിലെ തംസ അല്ലെങ്കിൽ ടോൺസ് നദിയുടെ ഒരു പോഷകനദിയായ ബിഹാദ് നദിയിലാണ് ചാച്ചായി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ആകെ 130 മീറ്റർ (430 അടി) ഉയരമുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ചാച്ചായി ശക്തമായ ഒഴുക്കിന് പേരുകേട്ടതാണ്. ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെയാണ് സന്ദർശിക്കാൻ പറ്റിയ സമയം.
ദസ്സാം വെള്ളച്ചാട്ടം- ജാർഖണ്ഡ്
റാഞ്ചി ജില്ലയിലെ ബുണ്ടു ഉപവിഭാഗത്തിൽ തൈമര ഗ്രാമത്തിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദസ്സാം വെള്ളച്ചാട്ടത്തെ അതുല്യമാക്കുന്നത് 10 നീരൊഴുക്കുകൾ ഒന്നിച്ചുചേർന്ന് ഒരു മനോഹരമായ കാഴ്ച സൃഷ്ടിക്കുന്നു എന്നതാണ്. മൺസൂണിലാണ് കാണാൻ ഏറ്റവും ഭംഗി.