Editors Pick
ഇന്ത്യയിലെ മികച്ച ശുദ്ധവായു കിട്ടുന്ന നഗരങ്ങൾ ഇവയാണ്
എയർ ക്വാളിറ്റി ഇൻഡക്‌സിൽ (എക്യുഐ) ഏറ്റവും 'നല്ല' വായു രേഖപ്പെടുത്തിയത് തമിഴ്‌നാട്ടിലെ പാൽകലൈപേരൂരിലാണ്.
പല ഇന്ത്യൻ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം വർദ്ധിക്കുകയും വായുവിൻ്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്നു. അത്തരം സമയങ്ങളിൽ, പലരും തങ്ങളുടെ നഗരത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വായു നിലവാരമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. 241 ഇന്ത്യൻ നഗരങ്ങളിലെ മലിനീകരണ തോത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യാഴാഴ്ച പുറത്തുവിട്ടു.
എയർ ക്വാളിറ്റി ഇൻഡക്‌സിൽ (എക്യുഐ) ഏറ്റവും ‘നല്ല’ വായു രേഖപ്പെടുത്തിയത് തമിഴ്‌നാട്ടിലെ പാൽകലൈപേരൂരിലാണ്. എക്യുഐ 20 ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും മലിനവായു ഉള്ള ഡൽഹിയിൽ ഇത് 306 ആണ് എന്നാലോചിക്കണം. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഒരു ചെറിയ നഗരമാണ് പാൽകലൈപേരൂർ. ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയുടെ പ്രധാന ക്യാമ്പസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്.
നല്ല വായുവിന് പട്ടികയിൽ ഇടംപിടിച്ച രണ്ടാമത്തെ നഗരം ഒഡീഷയിലെ ബാലാസോർ ആണ്. തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് 215 കിലോമീറ്ററും കൊൽക്കത്തയിൽ നിന്ന് 300 കിലോമീറ്ററും മാറിയാണ് ഈ നഗരം. ബാലേശ്വര് എന്നും ഇത് അറിയപ്പെടുന്നു. ബാലാസോറിൻ്റെ എയർ ക്വാളിറ്റി ഇൻഡക്‌സ് 23 ആണ്.
മിസോറാമിൻ്റെ തലസ്ഥാനമായ ഐസ്വാൾ ആണ് പട്ടികയിൽ തൊട്ടുപിന്നിൽ. 25 ആണ് എക്യുഐ. തമിഴ്‌നാട്ടിലെ രാമനാഥപുരം (25), മധുര (29), കർണാടകയിലെ ചിക്കബെല്ലാപൂർ (28), മടിക്കേരി (29), ചിക്കമംഗളൂരു (30), സിക്കിം തലസ്ഥാനമായ ഗാംഗ്‌ടോക്ക് (30), മഹാരാഷ്‌ട്രയിലെ നാഗോൺ (30) എന്നിവയാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്.