Connect with us

feature

കനൽ തിളക്കമാണ് ഈ വരികൾക്ക്

താളം തെറ്റിയോടുന്ന കാലത്തിനോട് കലഹിക്കാനുള്ള ആയുധമാണ് ഈ ഇരുമ്പ് പണിക്കാരന് കവിത.

Published

|

Last Updated

താളം അധ്വാനത്തിന്റെതാണ് രമേശൻ കല്ലേരിക്ക്. എന്നാൽ കവിതയിലേക്ക് താളത്തെ ചേർത്ത് അനുദിനം പ്രതിരോധത്തിന്റെ പാട്ടുകളുയർത്തുന്നു. ആഞ്ഞുപെയ്യുന്ന ചുറ്റിക ചുവട്ടിൽ ചുട്ടുപഴുത്ത ഇരുമ്പ് പുതിയ രൂപങ്ങൾ പ്രാപിക്കുമ്പോൾ നിലം തൊടാ മോഹത്തിന്റെ കവിതപ്പക്ഷികൾ മനസ്സിൽ മുളയ്ക്കും. അതിന്റെ ചിറകടികൾക്കും ചുറ്റികയുടെ ശബ്ദത്തിനും ഒരേ താളമാകും. മണ്ണിൽ അത് ഇന്നലെയുടെ നന്മകൾ തിരയും. അന്യനാകാതെ അരികിൽ നിൽക്കാൻ വാക്കിനാൽ അഭ്യർഥിക്കും.

സൗഹൃദത്തിൽ സ്നേഹം ചാലിച്ച് നന്മയിലേക്ക് കൈകൾ നീട്ടും. അപ്പോൾ ആർക്കും ചെവി കൊടുക്കാതിരിക്കാനാകില്ല ഈ കവിതകൾക്ക്. താളം തെറ്റിയോടുന്ന കാലത്തിനോട് കലഹിക്കാനുള്ള ആയുധമാണ് ഈ ഇരുമ്പ് പണിക്കാരന് കവിത. അത്രയും ആഴത്തിൽ നാട്ടുനന്മയും കിനാവും ഉൾച്ചേർത്ത് നാളേക്ക് വേണ്ടി പുതിയ പുതിയ കവിതയുമായി രമേശൻ കല്ലേരി പണിശാലയിൽ തിരക്കിലാണ്. സമാന്തര പ്രസിദ്ധീകരണങ്ങളിലും സുവനീറുകളിലും ചില മാസികയിലുമെല്ലാം രമേശന്റെ കവിത അച്ചടിച്ചു വന്നിട്ടുണ്ട്‌. കവിയരങ്ങിലും തെരുവിലും കവിത ചൊല്ലി നമ്മുടെ ഇന്നലെകളെ ഓർമിപ്പിക്കുകയാണിദ്ദേഹം.

“നിണക്കുരുതി’എന്ന ഏറ്റവും അവസാന കവിതാ ആൽബം സമൂഹമാധ്യമങ്ങൾ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. ചുറ്റും ലഹരിക്കടിപ്പെട്ട് വീണു പോകുന്ന നാഗരികതയുടെ തെളിമയൊട്ടുമില്ലാത്ത ലോകത്തിനെയാണ് കവിതയിൽ വരച്ചു വെക്കുന്നത്. വിലാസങ്ങളില്ലാതായിപ്പോയവരുടെ വിലാസമാകാൻ കവിതക്കല്ലാതെ മറ്റൊന്നിനും പറ്റില്ലെന്നറിയുന്ന കവി പുതിയ കാലത്തിനോട് നാട്ടിടവഴികളുടെമേൽ വിലാസമറിയിക്കുന്നു. എല്ലാം പണം കൊണ്ട് നേടാനാവുമെന്ന് ഊറ്റം കൊള്ളുന്ന കാലത്തിനോട് നേരിനൊട്ടും വെളിച്ചം കുറയുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ഒന്നും നേടാനില്ലാതെ വരികളിൽ പ്രതീക്ഷ നിറച്ച് ജീവിതവും സാംസ്‌കാരിക മനസ്സും പുലർത്തുന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിനടുത്ത് കുറുപ്പോളി പരേതരായ കുഞ്ഞികേളുവിന്റെയും നാരായണിയുടെയും മകനാണ് രമേശൻ. ഭാര്യ സുനിതയും മക്കൾ യുവകവി സൂരജ് കല്ലേരിയും ചിത്രകാരി സുകൃതയും കവിതാലോകത്ത് കൂട്ടിനായി ഒപ്പമുണ്ട്.

Latest