Connect with us

Articles

ഹൃദയഭേദകം ഈ ദുരന്ത കാഴ്ചകള്‍

ഒരവയവത്തിന് വേദനിക്കുമ്പോള്‍ മറ്റവയവങ്ങളെല്ലാം അതിന്റെ നോവനുഭവിക്കുന്നതു പോലെയാണ് കേരളത്തിന്റെ കാര്യം. ഒരിടത്ത് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇതര നാട്ടുകാരും എല്ലാ വിഭാഗങ്ങളും ഒന്നിച്ചുറക്കമൊഴിച്ച് രക്ഷാദൗത്യത്തിനെത്തുന്ന മനോഹര കാഴ്ച. നേരത്തേയും നാമിത് കണ്ടതാണ്. കോട്ടയത്തും അതാവര്‍ത്തിക്കുക തന്നെ ചെയ്തു. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള കുത്സിത ശ്രമങ്ങളെ തള്ളിക്കളയുന്ന തരത്തിലുള്ള മഹാ മാതൃകയാണ് ഇവിടെ ഈ ദുരന്ത മുഖത്തും കാണാനായത്.

Published

|

Last Updated

പുല്ലകയാറിന്റെ തീരത്ത് ഇടുക്കി ജില്ലയില്‍പ്പെട്ട മുക്കുളം ജുമുഅത്തു പള്ളിക്ക് സമീപം മലഞ്ചെരുവിലാണ് സൈനുദ്ദീന്‍ മുസ്ലിയാരും കുടുംബവും താമസിക്കുന്നത്. ഒക്ടോ. 16ന് ശനിയാഴ്ച കാലത്ത് പത്ത് മണിയോടെ വീടിനടുത്തു കൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കലിതുള്ളിക്കടന്നു പോയ മലവെള്ളപ്പാച്ചിലില്‍ നിന്ന് തലനാരിഴ വ്യാത്യാസത്തിനാണീ കുടുംബം രക്ഷപ്പെട്ടത്. തലേന്നാള്‍ മുതല്‍ നീണ്ടുനിന്ന മഴക്കിടയില്‍ വിമാനമിറങ്ങുന്നതു പോലെ ഒരു ഇരമ്പല്‍ കേട്ടു. നോക്കുമ്പോള്‍ അകലെ മലമടക്കുകളില്‍ നിന്ന് കുത്തിയൊലിച്ചു വന്ന വെള്ളത്തിനൊപ്പം മണ്ണും ചെളിയും കൂറ്റന്‍ പാറകളും തൊട്ടടുത്തു കൂടെ നിലം തൊടാത്ത മട്ടില്‍ താഴേക്ക് ഒഴുകുന്നു. കടപുഴകിയ വന്‍ മരങ്ങള്‍ നിലം പതിക്കാതെ കുത്തനെയാണ് വെള്ളത്തോടൊപ്പം നീങ്ങിയത്. നിമിഷ നേരം കൊണ്ട് താഴ്വാരത്തൊരു പുഴ തന്നെ രൂപം കൊണ്ടിരുന്നു. സൈനുദ്ദീന്‍ മുസ്ലിയാരുടെ കുടുംബം പറയുന്നു.

മേല്‍ പള്ളിക്കു താഴെ മലയുടെ താഴ്്വാരത്ത് ഒന്നര വര്‍ഷം മുമ്പാണ് 1,200 സ്‌ക്വയര്‍ ഫീറ്റില്‍ ഫസ്ലി ഒരു സ്വപ്ന ഭവനം നിര്‍മിച്ച് താമസമാക്കിയത്. വീട് നിന്ന സ്ഥലത്ത് ഇപ്പോള്‍ മലമുകളില്‍ നിന്ന് ഉരുള്‍പൊട്ടലായി ഉരുണ്ടു വന്നടിഞ്ഞ കൂറ്റന്‍ കല്ലുകളും അവക്കു മുകളില്‍ അമര്‍ന്ന് കിടക്കുന്ന വീടിന്റെ പൊട്ടിപ്പൊളിഞ്ഞ കോണ്‍ക്രീറ്റ് കഷണങ്ങളും മാത്രം ബാക്കി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വീടും പുരയിടവും സമ്പാദ്യവുമെല്ലാം മലവെള്ളം നക്കിത്തുടച്ചു കൊണ്ടുപോയി. ഒപ്പം അയല്‍പക്ക വീടുകളും നാമാവശേഷമായി.

മലമുകളില്‍ നിന്ന് ഉരുള്‍പൊട്ടി കുത്തിയൊലിച്ചു വന്ന് മുക്കുളം പള്ളിക്കടുത്ത് നിന്ന് ഒരു പുഴയായി രൂപപ്പെട്ടൊഴുകിയ മലവെള്ളം വീടുകളടക്കം വഴിയിലുള്ളതെല്ലാം ഒഴുക്കിക്കൊണ്ടുപോയി. അപകടം മുന്നില്‍ കണ്ട് ഫസ്ലിയും വീട്ടുകാരും തൊട്ടടുത്ത വീട്ടില്‍ അഭയം തേടിയിരുന്നു. അപ്പോഴാണ് അക്കാര്യമോര്‍ത്തത്, സ്വരുക്കൂട്ടി വെച്ച ഒരു ലക്ഷത്തോളം രൂപയും സ്വര്‍ണവും അകത്തുണ്ടല്ലൊ. ജീവന്‍ പണയം വെച്ച് വീണ്ടും വീട്ടില്‍ കയറി, പക്ഷേ, അപ്പോഴേക്കും എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയതു ഭാഗ്യം, നിമിഷ നേരം കൊണ്ട് എല്ലാം വെള്ളം കൊണ്ടുപോയിരുന്നു. വന്നടിഞ്ഞ കല്ലുകള്‍ക്കു മുകളിലെ സ്ലാബിനടിയില്‍ തന്റെ ജീവിത സമ്പാദ്യമായി കരുതി വെച്ച പൊന്നും പണവും സുരക്ഷിതമായുണ്ടാകുമെന്നതിലപ്പുറം വിശ്വസിക്കാന്‍, ഒടുങ്ങാത്ത നെടുവീര്‍പ്പിനിടയില്‍ ഫസ്ലിക്കിപ്പോഴും കഴിയുന്നില്ല. ഈ ദുരന്തത്തില്‍ ഇങ്ങനെ കിടപ്പാടം പൂര്‍ണമായി നഷ്ടപ്പെട്ടവരേറെയാണിവിടെ. ഇളംകാട്, ഏന്തയാര്‍, കൂട്ടിക്കല്‍, കൊക്കയാര്‍, കല്ലുപാലം… പ്രദേശങ്ങളില്‍.

ചിലര്‍ അങ്ങനെയാണ്, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍. അഥവാ അപരന് കൈത്താങ്ങാവുന്നത് സ്വന്തം ജീവ ദൗത്യമായി കണ്ട് സര്‍വവും സമര്‍പ്പിക്കുന്നവര്‍. പര്യടനാനന്തരം ജില്ലാ നേതാക്കളെ കൂട്ടി നടത്തിയ അവലോകന യോഗ സ്ഥലത്തേക്ക് എത്തിയ മുണ്ടക്കയത്തെ വന്ദ്യവയോധികന്‍ അലക്സ് എന്ന കൊച്ചേട്ടന്‍ അക്കൂട്ടത്തിലാണ്. കെട്ടുകണക്കിന് നിസ്‌കാരപ്പായകളും ചെരുപ്പും മറ്റു അവശ്യവസ്തുക്കളും നിറച്ച വാഹനവുമായിട്ടാണ് അദ്ദേഹം ഞങ്ങളെ കാണാനെത്തിയത്. പാവങ്ങളെ സഹായിക്കല്‍ ജീവിതചര്യയാക്കി തന്റെ സമ്പാദ്യങ്ങളുടെ ഭൂരിഭാഗവും വ്യയം ചെയ്ത അദ്ദേഹം പ്രളയ ദുരിതബാധിത പ്രദേശങ്ങളില്‍ തുടക്കം മുതല്‍ തന്നെ തന്റെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. നിസ്‌കാരപ്പായക്കെട്ട് നല്‍കുമ്പോള്‍ അദ്ദേഹം പറഞ്ഞു – ഇത് നിസ്‌കരിക്കുന്നവര്‍ക്ക് മാത്രമേ നല്‍കാവൂ. ചേര്‍ത്ത് നിര്‍ത്തിയൊരു പടമെടുക്കാന്‍ തുനിഞ്ഞപ്പോള്‍ ‘ഫ്ളാഷാക്കണ്ട, ആരെയും അറിയിക്കാനല്ല ചെയ്യുന്നത് നിങ്ങള്‍ പ്രാര്‍ഥിച്ചാല്‍ മതി’ എന്നായിരുന്നു പ്രതികരണം. വലതു കൈ നല്‍കുന്നത് ഇടതു കൈ അറിയരുതെന്ന് ചിന്തിക്കുന്ന ഉദാരമതികളും ഉദാരമനസ്‌കതയും തന്നെയാണ് ഈ നാടിന്റെ നന്മയെന്ന് കൊച്ചേട്ടന്‍ അടിവരയിട്ട് തരുന്നു.

അസീസ് ബഡായില്‍ മുണ്ടക്കയത്തെ പൗരപ്രമുഖനും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയുമാണ്. സുന്നി പ്രാസ്ഥാനിക നേതൃത്വവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചു പോരുന്ന വ്യക്തിത്വം. കൂട്ടിക്കല്‍ പുഴയോരത്തുള്ള അദ്ദേഹത്തിന്റെ ഓഡിറ്റോറിയത്തിലും വെള്ളവും ചെളിയും കയറിയിരുന്നു. അത് പൂര്‍ണമായും മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രീകൃത ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ വിട്ടുനല്‍കിയാണ് അദ്ദേഹം ‘ബഡാ’ മാതൃകയായത്.

പ്രായം തളര്‍ത്താത്ത സേവകനാണ് കുമളിയിലെ അലി മുസ്ലിയാര്‍. മുണ്ടക്കയത്തും പരിസരത്തുമുണ്ടായ മഴ ദുരന്ത വാര്‍ത്ത കേട്ട പാടെ പിന്നെയൊന്നും പിന്തിച്ചില്ല. എസ് വൈ എസ് സാന്ത്വനം മുദ്രണം ചെയ്ത വളണ്ടിയര്‍ കോട്ടുമിട്ട് നേരേ ദുരന്ത മുഖത്തേക്ക്. എരുമേലി സ്വദേശി, ഇപ്പോള്‍ താമസം കുമളിയില്‍. മുണ്ടക്കയത്തേക്ക് 59 കി.മീറ്റര്‍ ദൂരമുണ്ട്. വയസ്സ് 60 പിന്നിട്ടു. 16ന് വീട് വിട്ടിറങ്ങിയ അലി മുസ്ലിയാര്‍ തുടര്‍ച്ചയായി പത്ത് ദിവസം ദുരന്ത ഭൂമിയിലെ ചെളിയിലും ചേറിലും കര്‍മനിരതനാണ്. ഭാര്യയും മൂന്ന് മക്കളുമുള്ള മുസ്ലിയാരോട് വീട്ടിലെ കാര്യം തിരക്കിയപ്പോള്‍ ‘അലല്ലാഹ്’ എന്ന ഒറ്റവാക്കിലായിരുന്നു മറുപടി. ഉരുള്‍പൊട്ടലും പ്രളയവും മൂലം എല്ലാം നഷ്ടപ്പെട്ട അനേകം ഹതഭാഗ്യരുടെ കണ്ണീര്‍ക്കയത്തില്‍ അദ്ദേഹം സര്‍വവും മറക്കുകയായിരുന്നു. പിന്നെ വിശ്രമമില്ലാത്ത വളണ്ടിയര്‍. കോട്ടയം നഗരത്തില്‍ കടയില്‍ ജോലി ചെയ്യുന്ന തലശ്ശേരി ചിറക്കര സ്വദേശി ത്വല്‍ഹത്ത് രണ്ടാഴ്ചയോളം ജോലി ലീവെടുത്താണ് സേവനത്തില്‍ മുഴുകിയത്. ഇങ്ങനെ ഇതരര്‍ക്ക് വേണ്ടി സര്‍വാത്മനാ സമര്‍പ്പിക്കുന്ന എത്രയെത്ര കര്‍മയോഗികളാണ് കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കോട്ടയത്ത് സേവനത്തിനെത്തിയത്!

കോട്ടയത്ത് തീവ്രമഴയും ഉരുള്‍പൊട്ടലും കൊടും നാശം വിതച്ച മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, ഇളംകാട്, ഏന്തയാര്‍, ചാമപ്പാറ, തീക്കോയി പ്രദേശങ്ങള്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍, ജനറല്‍ സെക്ര. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സാന്ത്വനം സെക്ര. പി എ അബ്ദുല്‍ ജബ്ബാര്‍ സഖാഫി എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ചപ്പോള്‍ കരളലിയിക്കുന്നതായിരുന്നു കണ്ട ഓരോ രംഗങ്ങളും.

2018 മുതല്‍ പേമാരിയും ഉരുള്‍പൊട്ടലും തുടര്‍ന്നുള്ള പ്രളയക്കെടുതികളും തുടര്‍ച്ചയായി അനുഭവിക്കുകയാണ് കേരളം. 2018ലും 19ലും അതാവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം പ്രളയ സാധ്യതാ പ്രവചനങ്ങളുണ്ടായെങ്കിലും അതില്ലാതെ നാം രക്ഷപ്പെട്ടു. ചുരുക്കത്തില്‍ ആണ്ടുതോറുമുള്ള ആചാരങ്ങള്‍ പോലെയായിരിക്കുകയാണ് കേരളത്തില്‍ മഴക്കെടുതികള്‍. ഇക്കൊല്ലം നിനച്ചിരിക്കാതെയാണ് കെടുതികളുണ്ടായത്. അതും ഒട്ടും പ്രതീക്ഷിക്കാത്ത കോട്ടയം ജില്ലയില്‍. നേരത്തേ കോട്ടയത്തിന് ഇത്തരമൊരനുഭവമില്ലത്രെ.

കെടുതികള്‍ മൂലമുണ്ടാകുന്ന ആള്‍നാശത്തിനു പുറമെ വീടും കുടിയും ജീവിതോപാധികളുമെല്ലാം നഷ്ടപ്പെട്ട് ജീവിതത്തിന്റെ പുറംപോക്കുകളിലേക്ക് വലിച്ചെറിയപ്പെടുന്നത് ആയിരങ്ങളാണ്. കോട്ടയത്തും ചിത്രം വ്യത്യസ്തമല്ല. ഇവിടെ ദുരന്തം തീവ്ര മഴയായും ഉരുള്‍പൊട്ടലായും പ്രളയമായും സംഹാര താണ്ഡവമാടിയത് പകല്‍ വെളിച്ചത്തായത് ആള്‍നാശം ഗണ്യമായി കുറയാന്‍ കാരണമായെന്ന മഹാഭാഗ്യമാണ് എല്ലാവരും പറയുന്നത്. അപകടം കണ്ടറിഞ്ഞ് കൂരകളില്‍ നിന്ന് പുറത്തിറങ്ങിയതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് പ്രദേശത്തുകാര്‍ ഒന്നടങ്കം പറയുന്നു.

ഈ പ്രളയവും നമുക്കേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. അതിലൊന്ന് കേരളത്തിന്റെ പാരമ്പര്യ സൗഹൃദ പാഠമാണ്. സമൂഹത്തിനിടയില്‍ വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള കുത്സിത ശ്രമങ്ങളെ തള്ളിക്കളയുന്ന തരത്തിലുള്ള മഹാ മാതൃകയാണ് കോട്ടയത്തെ ദുരന്ത മുഖത്തും കാണാനായത്. നാനാത്വത്തില്‍ ഏകത്വം എന്നതിലാണല്ലോ രാജ്യത്തിന്റെ അസ്തിത്വം കുടികൊള്ളുന്നത്. മതമോ ജാതിയോ മറ്റു വൈജാത്യങ്ങളോ നോക്കാതെ ആപത് ഘട്ടങ്ങളില്‍ എല്ലാം മറന്ന് കൈ കോര്‍ക്കുകയും അപരന് വേണ്ടി സര്‍വവും സമര്‍പ്പിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നതാണ് കേരളത്തിന്റെ വേറിട്ട മാതൃക. ഇത് എന്ത് വില കൊടുത്തും നില നിര്‍ത്തണം.

ദുരന്താവര്‍ത്തനങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താനുള്ള ശാസ്ത്രീയമായ പഠനങ്ങളും തുടര്‍ നടപടികളും ഇനിയും വൈകിക്കൂടെന്നതാണ് മറ്റൊരു പാഠം. ആരും എവിടെയും സുരക്ഷിതരല്ല, എവിടെയും എപ്പോഴും ദുരന്തങ്ങളുണ്ടാകാമെന്നതാണ് ഇപ്പോഴത്തെ കേരളത്തിന്റെ നില. ഇനിയെങ്കിലും ഇതിനൊരു പരിഹാരം വേണം. കെടുതികളുണ്ടാകുമ്പോഴുള്ള മുട്ടുശാന്തി പ്രയോഗങ്ങളിലൊതുങ്ങുന്നു പരിഹാര ക്രിയകളെന്നതാണ് ഗൗരവതരമായ കാര്യം. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ദുരന്തങ്ങള്‍ സംഭവിച്ചതിന് ശേഷം മാത്രമുള്ള ജാഗ്രതപ്പെടല്‍ മതിയാകില്ല എന്നാണ് ഇടവിട്ടുള്ള പ്രകൃതി ദുരന്തങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ആവര്‍ത്തിച്ചുള്ള കെടുതികള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയും അവരുടെ റിപ്പോര്‍ട്ട് പ്രകാരം മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.

പ്രകൃതിയോട് നാം സ്വീകരിക്കേണ്ട മനോഭാവം മാറണമെന്ന പാഠവും നാം പഠിച്ചേ മതിയാകൂ. പ്രകൃതിയും പ്രകൃതി വിഭവങ്ങളും മനുഷ്യരുടെ ലാഭക്കൊതിക്കിരയാകുന്നു. അതുമൂലം സന്തുലിതാവസ്ഥ താളം തെറ്റുന്നു. ഫലമോ, ഇത്തരം പ്രത്യാഘാതങ്ങളനുഭവിക്കേണ്ടി വരുന്നു. ഭൂമിയുടെ ആണിക്കല്ലുകളായ മലകളും കുന്നുകളും ഇടിച്ചു നിരത്തുകയും താഴ്ന്ന പ്രദേശങ്ങള്‍ നികത്തി നീരൊഴുക്ക് തടയുകയും ചെയ്യുന്നു. കേരളത്തിലെ ഉരുള്‍പൊട്ടലുകളുടെ അറുപത്തഞ്ച് ശതമാനവും ഭൂവിനിയോഗവുമായി ബന്ധപ്പെട്ടതാണെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പഠനങ്ങള്‍ പറയുന്നു. ഭൂപ്രദേശങ്ങളുടെ സ്വഭാവ സവിശേഷതകള്‍ പരിഗണിക്കാതെയുള്ള വിനിയോഗമാണ് വില്ലനാകുന്നത്. ഇവിടെ പ്രതികള്‍ മറ്റാരുമല്ല, പ്രകൃതിയെ ചൂഷണം ചെയ്യുന്ന നമ്മള്‍ തന്നെ. ഇരിക്കുന്ന കൊമ്പാണ് പ്രകൃതി ദുര്‍വിനിയോഗത്തിലൂടെ നാം മുറിച്ചുമാറ്റുന്നത്.

ഒരവയവത്തിന് വേദനിക്കുമ്പോള്‍ മറ്റവയവങ്ങളെല്ലാം അതിന്റെ നോവനുഭവിക്കുന്നതു പോലെയാണ് കേരളത്തിന്റെ കാര്യം. ഒരിടത്ത് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇതര നാട്ടുകാരും എല്ലാ വിഭാഗങ്ങളും ഒന്നിച്ചുറക്കമൊഴിച്ച് രക്ഷാദൗത്യത്തിനെത്തുന്ന മനോഹര കാഴ്ച. നേരത്തേയും നാമിത് കണ്ടതാണ്. കോട്ടയത്തും അതാവര്‍ത്തിക്കുക തന്നെ ചെയ്തു. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള കുത്സിത ശ്രമങ്ങളെ തള്ളിക്കളയുന്ന തരത്തിലുള്ള മഹാ മാതൃകയാണ് ഇവിടെ ഈ ദുരന്ത മുഖത്തും കാണാനായത്. ആപത് ഘട്ടങ്ങളില്‍ അഭിപ്രായഭേദങ്ങള്‍ മറന്ന് കൈകോര്‍ക്കുകയും പരക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നതാണ് കേരളത്തിന്റെ പാരമ്പര്യം.

വടക്ക് കാസര്‍കോട് മുതല്‍ തെക്ക് തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ കോട്ടയത്തിന്റെ മലമടക്കുകളില്‍ ഓടിയെത്തി ദിവസങ്ങളോളം രക്ഷാദൗത്യത്തില്‍ പങ്കാളികളായി. ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും എടുത്തെറിയപ്പെട്ടവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വസ്ത്രവും അവശ്യ മരുന്നുകളുമെല്ലാമെത്തിച്ച് കേരളം ദുരിതബാധിതര്‍ക്കൊപ്പം നിന്നു.

ദുരന്ത മുഖത്ത് സര്‍ക്കാര്‍ രക്ഷാ സംവിധാനങ്ങളോട് ചേര്‍ന്നു നിന്ന് കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തില്‍ വിപുലമായ സേവന പ്രവര്‍ത്തനങ്ങളാണ് നടന്നത്. കോട്ടയത്തിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള അയ്യായിരത്തിലേറെ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി. സ്റ്റേറ്റ് എമര്‍ജന്‍സി കണ്‍ട്രോള്‍ ബോര്‍ഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. മുണ്ടക്കയത്ത് കണ്‍ട്രോള്‍ റൂം തുറന്നു. കൂട്ടിക്കല്‍ ഓഡിറ്റോറിയം, ഇളംകാട് സാന്ത്വന കേന്ദ്രം എന്നിവ കേന്ദ്രീകരിച്ച് സേവന പ്രവര്‍ത്തനങ്ങളും ഭക്ഷ്യധാന്യ വിതരണവും കാര്യക്ഷമമാക്കി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അയ്യായിരത്തോളം ഭക്ഷ്യ, ധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. ടാങ്കറുകള്‍ ഏര്‍പ്പെടുത്തിയും ബോട്ടിലുകളിലും കുടിവെള്ളമെത്തിച്ചു നല്‍കി. വസ്ത്രം, അവശ്യമരുന്ന് തുടങ്ങിയവ ലഭ്യമാക്കി. മുന്നൂറിലേറെ വീടുകളും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും കിണറുകളും ശുചീകരിച്ചു. ഏഴ് സാന്ത്വനം ആംബുലന്‍സുകള്‍ സര്‍വീസ് നടത്തി. റോഡുകളും നടപ്പാതകളും യാത്രാ യോഗ്യമാക്കി. ഞങ്ങള്‍ പര്യടനത്തിനെത്തുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വളണ്ടിയര്‍മാരും തൃശൂരില്‍ നിന്നുള്ള ആംബുലന്‍സും കര്‍മനിരതമായിരുന്നു. അടിക്കടിയുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് എടുത്തു പറയാതെ വയ്യ. എന്നാല്‍ അടിയന്തരമായി പ്രഖ്യാപിച്ച സഹായം അര്‍ഹരായവര്‍ക്ക് ഉടനടി ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാകണം. ഒച്ചിന്റെ വേഗതയിലിഴയുന്നത് പിന്തുണ ലഭിക്കാത്തതിന് തുല്യമാകും. ഒപ്പം വ്യാപാര സ്ഥാപനങ്ങളും ജീവിതോപാധികളും നഷ്ടപ്പെട്ടവര്‍ ഇവിടെ ധാരാളമാണ്. അവരെക്കൂടി ചേര്‍ത്തു പിടിക്കുന്ന തരത്തിലുള്ള സമ്പൂര്‍ണ സുരക്ഷാ പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് പ്രത്യാശിക്കാം.

 

Latest