International
ബഹിരാകാശത്ത് അവര്‍ കരസ്ഥമാക്കിയത് ചരിത്ര നേട്ടങ്ങള്‍
സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്

കാലിഫോര്‍ണിയ | നാസയുടെ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരികെ വരാനിരിക്കെ ഇത്തവണത്തെ ദൗത്യത്തില്‍ ഇരുവരും പങ്കുവഹിച്ച ചരിത്ര നിമിഷങ്ങള്‍ ഏറെ.
1. ബഹിരാകാശ നടത്തം: സാഹസികമായ ബഹിരാകാശ നടത്തം ( സ്‌പേസ് വാക്ക് ) വിപുലമായ പരിശീലനവും കൃത്യതയും ആവശ്യമുള്ളതാണ്. ഇത്തവണ സുനിതയും ബുച്ചും ബഹിരാകാശ നടത്തത്തിന്റെ ഭാഗമായി. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത ഇത്തവണത്തെ യാത്രയില്‍ സ്വന്തമാക്കി. ഐ എസ് എസിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് ഇത് അധികവും ആവശ്യമായി വരുന്നത്. വിവിധ പര്യടനങ്ങളിലെ ഒമ്പതു ബഹിരാകാശ നടത്തങ്ങളിലായി സുനിത ആകെ 62 മണിക്കൂറും ആറ് മിനിറ്റും സ്‌പേസ് വാക്ക് നടത്തി. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റും സ്‌പേസ് വാക്ക് നടത്തിയ ഇതിഹാസ യാത്രിക പെഗ്ഗി വിന്‍സ്റ്റണിന്റെ (നാസ) റെക്കോര്‍ഡാണ് സുനിത മറികടന്നത്.
2. ഗവേഷണങ്ങളും പരീക്ഷണങ്ങളും: ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് സഹായകമാകുന്ന ബഹിരാകാശ മെഡിസിന്‍, റോബോട്ടിക്‌സ്, മെറ്റീരിയല്‍ സയന്‍സ് തുടങ്ങിയ ഗവേഷണങ്ങളിലും ശാസ്ത്രീയ പരീക്ഷണങ്ങളിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസത്തെ അപ്രതീക്ഷിത വാസത്തിനിടെ സുനിത വില്യംസും ബുച്ച് വില്‍മോറും പങ്കെടുത്തു. സ്റ്റേഷന്‍ സംവിധാനങ്ങള്‍ തകരാറുകളില്ലാതെ നിലനിര്‍ത്തുന്നതിലും അതിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിലും സുനിതയും ബുച്ചും നിര്‍ണായക പങ്ക് വഹിച്ചു. ഐ എസ് എസിന്റെ കമാന്‍ഡറായി സേവനമനുഷ്ഠിച്ചുകൊണ്ട് സുനിത വില്യംസ് നിലയത്തിന്റെ ഉത്തരവാദിത്തങ്ങളും നേതൃത്വവും ഏറ്റെടുത്തതും ശ്രദ്ധേയമായി.
സുനിത വില്യംസ് 2024 ഡിസംബറില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കപ്പോളയില്‍ യീസ്റ്റ്, ബാക്ടീരിയ സാമ്പിളുകള്‍ അടങ്ങിയ സയന്‍സ് ഹാര്‍ഡ്വെയര്‍ പ്രദര്‍ശിപ്പിച്ചു. റോഡിയം ബയോ മാനുഫാക്ചറിംഗ് 03 പഠനത്തിന്റെ ഭാഗമായിരുന്നു ഈ സാമ്പിളുകള്‍. സൂക്ഷ്മാണുക്കളുടെ വളര്‍ച്ച, ഘടന, ഉപാപചയ പ്രവര്‍ത്തനം എന്നിവയെ സൂക്ഷ്മ ഗുരുത്വാകര്‍ഷണം എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് ഈ പഠനം.
3. ബഹിരാകാശത്ത് 3000 ദിനം: നാസയുടെ ബഹിരാകാശ യാത്രികനും ഫ്‌ലൈറ്റ് എന്‍ജിനീയറുമായ നിക്ക് ഹേഗ് ഐ എസ് എസില്‍ വച്ച് ബുച്ചും സുനിയും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്കൊപ്പം 2025 മാര്‍ച്ച് അഞ്ചിന് ഒരു ചിത്രം പങ്കിട്ടു. അടിക്കുറിപ്പില്‍ ഒരു പ്രധാന നേട്ടം ചൂണ്ടിക്കാട്ടിക്കൊണ്ട് ഹേഗ് എഴുതി… ഞങ്ങളുടെ ഏഴ് പേരുടെയും വ്യക്തിഗത ദിവസങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, ഞങ്ങള്‍ ബഹിരാകാശത്ത് 3000 ദിവസങ്ങള്‍ എത്തി!-അതായിരുന്നു ആ നേട്ടം.
4. ബഹിരാകാശത്തെ ക്രിസ്മസ് ആഘോഷം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ വീട്ടില്‍ നിന്ന് വളരെ അകലെയാണെങ്കിലും ക്രിസ്മസ് ആഘോഷിച്ചു. സ്പേസ് എക്സിന്റെ കാര്‍ഗോ ദൗത്യത്തിന് ശേഷമാണ് ഈ ഉത്സവ നിമിഷം ഉണ്ടായത്. അവധിക്കാല സമ്മാനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഐഎസ്എസിലേക്ക് ഇവര്‍ക്കായി നാസ എത്തിച്ചിരുന്നു. ഇത് ക്രൂവിന് ബഹിരാകാശത്ത് ക്രിസ്തുമസ് ആഘോഷിക്കാന്‍ അവസരമൊരുക്കി. ടീം ചില ഗെയിമുകളും കളിച്ചു.
5. താങ്ക്‌സ് ഗിവിങ് ഡേ: സുനിത വില്യംസും ബാരി വില്‍മോറും സഹപ്രവര്‍ത്തകരും 2024 നവംബര്‍ അവസാനം പരമ്പരാഗത വിഭവങ്ങളായ സ്‌മോക്ക്ഡ് ടര്‍ക്കി, ക്രാന്‍ബെറി സോസ്, ഗ്രീന്‍ ബീന്‍സ്, ആപ്പിള്‍ കോബ്ലര്‍ എന്നിവയടക്കമുള്ള വിഭവവുമായി താങ്ക്‌സ് ഗിവിങ് ഡേ ആഘോഷിച്ചു. ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയാനാണ് താങ്ക്‌സ് ഗിവിങ് ഡേ ആഘോഷിക്കുന്നത്. താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷം ബഹിരാകാശ യാത്രികരെ സംബന്ധിച്ച് അവരുടെ അനുഭവങ്ങളും കുടുംബങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയുമെല്ലാം വെളിപ്പെടുത്തി.