Connect with us

odd news

ജനാധിപത്യം സംരക്ഷിക്കാൻ ഇപ്പോഴും അവർ ഗോലികൾ നിക്ഷേപിക്കുന്നു

പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയക്ക് മാത്രം അവകാശപ്പെട്ട തിരഞ്ഞെടുപ്പ് രീതിയാണിത്

Published

|

Last Updated

ബഞ്ചുൾ | സുസ്ഥിരതയും ജനാധിപത്യ പുരോഗതിയും ആഗ്രഹിച്ച് ഗാംബിയയിലെ ജനങ്ങൾ പെട്ടികളിൽ മാർബിൾ ഗോളങ്ങൾ (ഗോലി) നിക്ഷേപിച്ചു. തങ്ങളുടെ ഊഴം കാത്ത് വരി നിന്നാണ് അവർ ആ ദൗത്യം നിറവേറ്റിയത്. ഇതെന്തെങ്കിലും അനുഷ്ഠാനമാണെന്ന് കരുതിയാൽ തെറ്റി. പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയക്ക് മാത്രം അവകാശപ്പെട്ട തിരഞ്ഞെടുപ്പ് രീതിയാണിത്.

2016ൽ മുൻ പ്രസിഡന്റ്്യഹ്‌യ ജമ്മെയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം ഗാംബിയയിലെ ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. നിലവിലെ പ്രസിഡന്റ്അദാമ ബാരോയോട് പരാജയപ്പെട്ട ജമ്മെ 2017ൽ ഇക്വറ്റോറിയൽ ഗിനിയയിൽ രാഷ്ട്രീയ അഭയം തേടി. ഇത്തവണ ബാരോക്ക് അഞ്ച് എതിരാളികളാണുള്ളത്.

ഗാംബിയയുടെ തിരഞ്ഞെടുപ്പ് രീതി മറ്റെവിടെയും കാണില്ല. ഓരോ സ്ഥാനാർഥിക്കും നിശ്ചയിച്ചിരിക്കുന്ന സവിശേഷമായ പെട്ടികളിൽ വോട്ടർമാർ പ്രത്യേകതരം മാർബിൾ ഗോളം നിക്ഷേപിക്കുന്നതാണ് രീതി. ആരെങ്കിലും ഒന്നിലധികം ഗോലികൾ പെട്ടിയിൽ നിക്ഷേപിച്ചാൽ അത്രയും തവണ ശബ്ദം മുഴങ്ങുകയും ഉദ്യോഗസ്ഥർ കള്ളവോട്ട് പിടിക്കുകയും ചെയ്യും. വോട്ടെടുപ്പ് അവസാനിക്കുമ്പോൾ, ഓരോ പെട്ടിയിലുമുള്ള ഗോലികൾ എണ്ണിത്തിട്ടപ്പെടുത്തും.

ഈ വോട്ടെടുപ്പ് രീതിക്കെതിരെ വിമർശം ഉയരുന്നുണ്ടെങ്കിലും മാറ്റാൻ ഗാംബിയ തയ്യാറല്ല. പ്രസിഡന്റ്മത്സരത്തിന് കൂടുതൽ സ്ഥാനാർഥികൾ എത്തിയാലുള്ള ബുദ്ധിമുട്ടാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് മുന്പ് മൂന്ന് പെട്ടികളേ വേണ്ടിവന്നുള്ളൂ. ഇത്തവണ അത് ആറായി ഉയർന്നു. എങ്കിലും, 1965ൽ സ്വാതന്ത്രമായ ശേഷം അവലംബിക്കുന്ന ഈ വോട്ടിംഗ് രീതി മാറ്റില്ലെന്ന് തന്നെയാണ് ഗാംബിയ വ്യക്തമാക്കുന്നുത്. സാക്ഷരതാ നിരക്ക് വളരെ കുറഞ്ഞ രാജ്യത്ത് ബാലറ്റ് ഒഴിവാക്കിയുള്ള വോട്ടെടുപ്പ് സംവിധാനം തികച്ചും സുതാര്യവും നീതിയുക്തവുമാണെന്ന് അദാമ ബാരോ പ്രതികരിച്ചു.

Latest