cover story
അവർ ഇന്നും കാത്തിരിപ്പിലാണ്...
ബഹുരാഷ്ട്ര കുത്തകകള്‍ക്കെ തിരെയുള്ള സമരത്തിനൊപ്പം അധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിയുടെ സ്വപ്നം കൂടി സാക്ഷാത്കരിക്കാനുള്ള സമരമാണ് പ്ലാച്ചിമടയില്‍ നടക്കുന്നത്. ഇത് വിജയിച്ചാല്‍ പ്ലാച്ചിമട സമരം ബഹുരാഷ്ട്ര കുത്തകയെ മുട്ട് കുത്തിക്കുന്നതിന് പുറമെ മറ്റൊരു ചരിത്രത്തിന് കൂടി വഴിതുറക്കും. അത് യാഥാര്‍ഥ്യമാക്കാനുള്ള പോരാട്ടത്തിലാണ് പ്ലാച്ചിമട ജനത.
അവകാശ ചരിത്രത്തിലെ വേറിട്ട ഇടമായിരുന്നു പ്ലാച്ചിമട. ജനങ്ങളെയും പ്രകൃതിയെയും ചൂഷണം ചെയ്ത ഒരു ബഹുരാഷ്ട്ര കമ്പനിയെ മുട്ടുകുത്തിച്ച സമര ചരിത്രം. ഭരണകൂടങ്ങളെയും നിയമവാഴ്ചകളെയും ചൊല്‍പ്പടിക്കലാക്കി സാമ്രാജ്യം വ്യാപിപ്പിക്കാനുള്ള അവരുടെ ശ്രമം സാധാരണ മനുഷ്യരുടെ നിശ്ചയദാര്‍ഢ്യത്തിനുമുമ്പില്‍ മുട്ടുകുത്തി. പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരങ്ങള്‍ക്കു പറയാനുള്ളത് നിഷ്‌കളങ്കരായ ഗ്രാമീണര്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ നടത്തിയ നീണ്ട സമരത്തിന്റെ അനുഭവമാണ്.
കൊക്കകോള കമ്പനി പ്ലാച്ചിമട വിട്ടിട്ട് കൊല്ലം ഇരുപത് കഴിഞ്ഞു. താഴിട്ട് പൂട്ടിയ കമ്പനിയില്‍ കൊക്കകോളയുടെ ബോര്‍ഡ് പോലുമില്ല. എന്നിട്ടും കമ്പനിക്ക് മുന്നിലെ മരച്ചുവട്ടിലെ സമരക്കുടിലില്‍ എല്ലാ ദിവസവും വൈകുന്നേരം ചെറുസംഘമായി തദ്ദേശവാസികള്‍ ഒത്തുകൂടുകയാണ്. ഇത് മറ്റൊന്നിനുമല്ല. കമ്പനി വെള്ളം ഊറ്റിക്കുടിച്ച വരണ്ട ഭൂമിയും വിഷാംശം കലര്‍ന്ന അസംസ്‌കൃത വസ്തുക്കള്‍ തള്ളിയ ഊഷര ഭൂമിയും പ്രദേശത്തെ ജനങ്ങള്‍ക്ക് ഇപ്പോഴും ദുരിതം വിതക്കുകയാണ്.
പ്രകൃതിയെയും ജനങ്ങളെയും ചൂഷണം ചെയ്തു കോടിക്കണക്കിന് ആസ്തികളുണ്ടാക്കിയ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കിത്തരണമെന്ന ആവശ്യവുമായി പ്ലാച്ചിമട ജനത സമരം നടത്തുന്നത്. ഇത് പ്ലാച്ചിമടക്കാര്‍ക്കു വേണ്ടി മാത്രമല്ല. ഇനിയൊരു അനുഭവം രാജ്യത്ത് ഒരു ഗ്രാമത്തിനും സംഭവിക്കാതിരിക്കാന്‍ കൂടിയാണിത്. സാധാരണക്കാര്‍ക്കൊപ്പമാണ് തങ്ങളെന്ന ഗ്യാരന്റിയുമായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോഴും പ്ലാച്ചിമട ജനതയുടെ കരച്ചിലിന് ചെവികൊടുക്കാന്‍ അവരും തയ്യാറല്ല.
പ്ലാച്ചിമട കേവലം ഒരു ഗ്രാമത്തിന്റെ സമരമല്ല. സാധാരണക്കാരെ ചൂഷണം ചെയ്ത് അധികാരവും സമ്പത്തൂം കൊള്ളയടിക്കുന്ന ഭരണകൂടങ്ങള്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കുമെതിരെയുള്ള സമരമാണ്. പൂട്ടിയ കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം കൂടി ഈടാക്കിയാല്‍ സമരം ലോക ചരിത്രത്തില്‍ തന്നെ ഇടം നേടും. ഇതാണ് ഇപ്പോഴും പ്ലാച്ചിമട സമരത്തെ പ്രസക്തമാക്കുന്നതും.
കേരള – തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള, കാര്‍ഷിക ഗ്രാമമായ പ്ലാച്ചിമടയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് 1999ലാണ് പെരുമാട്ടി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. കേരളത്തിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കുന്നതിന്റെ ഭാഗമായി അന്നത്തെ സംസ്ഥാന സര്‍ക്കാറിന്റെ ക്ഷണപ്രകാരമാണ് കൊക്കകോള കമ്പനി കേരളത്തിലേക്ക് എത്തുന്നത്.പ്രദേശവാസികളായ 500ല്‍ അധികം ആളുകള്‍ക്ക് ജോലി ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് പ്ലാച്ചിമടയില്‍ എത്തിയ കമ്പനി, ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത് 2000 മാര്‍ച്ചിലാണ്.
ഏതാണ്ട് 56 കോടി രൂപയായിരുന്നു അന്ന് ഈ പ്ലാന്റിനായി കമ്പനി മുതല്‍മുടക്കിയത്. തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമമായ പെരുമാട്ടി, കമ്പാലത്തറ, വെങ്കലക്കയം ജലസംഭരണികള്‍ക്ക് ചുറ്റുമുള്ള ഗ്രാമമാണ് പ്ലാച്ചിമട. പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ പ്ലാച്ചിമടയില്‍ കുടിവെള്ള ക്ഷാമവും മലിനീകരണവും രൂക്ഷമായി. കൃഷിഭൂമി മുഴുവന്‍ തരിശായി മാറിയതോടെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്ലാച്ചിമട പ്രദേശവാസികള്‍ സമരം ആരംഭിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ആദ്യസമരം തുടങ്ങിയത്. 2002 ഏപ്രില്‍ 22ന് ആദിവാസി നേതാവ് സി കെ ജാനു പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരം ഉദ്ഘാടനം ചെയ്തു.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 2004ല്‍ പ്ലാച്ചിമടയില്‍ സംഘടിപ്പിച്ച ലോക ജലസമ്മേളനത്തിലൂടെ സമരം കൂടുതല്‍ ചര്‍ച്ചയായി. ഒടുവില്‍ 2004 മാര്‍ച്ച് ഒമ്പതിന് കമ്പനിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവായി. എന്നാല്‍ കേരള ഹൈക്കോടതിയില്‍ നിന്ന് പ്രവര്‍ത്തനം തുടരാനുള്ള അനുമതി കമ്പനി നേടിയെടുത്തു. പിന്നീട് നിയമ പോരാട്ടങ്ങളിലൂടെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുന്നതില്‍ വിജയിച്ചെങ്കിലും കമ്പനിയുടെ വരവു മൂലം പ്രദേശവാസികള്‍ക്ക് ഉണ്ടായ പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
2009ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തി പ്രദേശവാസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കകോള കമ്പനിയില്‍ നിന്ന് ഈടാക്കാവുന്നതാണെന്ന് ശിപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള നിയമസഭ 2011ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ പാസാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി മോദിസര്‍ക്കാറിന് അയച്ചു. ബില്ല് അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീര്‍പ്പോടുകൂടി, 2015 ഡിസംബറില്‍ ബില്ല് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചയച്ചു.
കേന്ദ്ര സര്‍ക്കാര്‍ മടക്കി അയച്ചതെങ്കിലും നിലവിലെ സര്‍ക്കാര്‍ വീണ്ടും പുതിയ നിയമഭേദഗതികളോടെ തയ്യാറാക്കി കോളകമ്പനിയില്‍ നിന്നു നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. അതാണ് പ്ലാച്ചിമട നിവാസികള്‍ക്ക് പ്രതീക്ഷയേകുന്നതും. കമ്പനി വിട്ടു പോയിട്ടും പ്ലാച്ചിമടയിലെ അവസ്ഥയില്‍ ഇപ്പോഴും മാറ്റമൊന്നുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കിണറുകളിലെ വെള്ളത്തിന് രുചി വ്യത്യാസമുള്ളതിനാല്‍ കുടിക്കാറില്ല. വളമെന്ന് പറഞ്ഞ് നല്‍കിയ ഫാക്ടറി അവശിഷ്ടം നിക്ഷേപിച്ച കൃഷിയിടങ്ങള്‍ നശിച്ചു. കോളകമ്പനിക്ക് ചുറ്റുമായി കിടക്കുന്ന ആദിവാസി കോളനിയായ വിജയനഗര്‍, പ്ലാച്ചിമട, മാധവനായര്‍ കോളനി, തൊട്ടിച്ചിപതി, രാജീവ് നഗര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആയിരത്തിലേറെ കുടുംബങ്ങള്‍ ഇപ്പോഴും ദുരിതം പേറുകയാണ്.
കുടിക്കാന്‍ കഴിയാത്ത വെള്ളത്തില്‍ അരി വേവിക്കാനും കഴിയുന്നില്ല. ഈ വെള്ളത്തില്‍ കുളിച്ചാല്‍ തലക്കനവും കാലില്‍ വാതത്തിന്റെ മരവിപ്പും ഇപ്പോഴും അനുഭവപ്പെടുകയാണ്. പ്ലാച്ചിമടയില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയുള്ള കൊച്ചിക്കാട് എന്ന ഗ്രാമത്തിലെ ആളുകൾ തലച്ചുമടായി വെള്ളം കൊണ്ട് വന്നാണ് ഇപ്പോഴും ജീവിക്കുന്നത്. ഇതിനിടെ കമ്പനിയുടെ പേരില്‍ അവശേഷിക്കുന്ന 36.7 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാറിന് കൈമാറി രക്ഷപ്പെടാനും തന്ത്രം മെനയുന്നുണ്ട്്. പക്ഷേ, സ്ഥലം കൈമാറി കമ്പനി വിട്ടാല്‍ ആര് നാടിന്റെ നഷ്ടം നികത്തുമെന്നാണ് പ്ലാച്ചിമട നിവാസികളുടെ ചോദ്യം.
നഷ്ടപരിഹാരം നല്‍കാതെ കമ്പനിയെ നാടുവിടാന്‍ അനുവദിക്കരുത്, കമ്പനിക്കെതിരെ പട്ടിക ജാതി സംരക്ഷണ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കുക, താത്കാലിക നഷ്ടപരിഹാരം ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2022 ആഗസ്റ്റ് 15 മുതല്‍ രണ്ടാം ഘട്ടസമരത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി പ്ലാച്ചിമട നിവാസികള്‍ ഉന്നയിക്കുന്നുണ്ട്. പഞ്ചായത്തീ രാജ് ആക്ടില്‍ പരിഷ്‌കരണം വരുത്തി അധികാരം ജനങ്ങള്‍ക്ക് കൈമാറുക എന്നതാണ്.
ഇത് നടപ്പിലാക്കിയാല്‍ ഇനിയൊരിക്കലും രാജ്യത്ത് പ്ലാച്ചിമട ആവര്‍ത്തിക്കില്ലെന്നാണ് ഗ്രാമീണ ജനത പറയുന്നത്. പക്ഷേ, രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും ഇതിന് തയ്യാറാകുമോ? ഭരണകൂടങ്ങളെ അധികാരത്തില്‍ കയറ്റാന്‍ ജനങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളൂ. അധികാരം കിട്ടിയാല്‍ പിന്നെ ജനങ്ങളെ അവരുടെ ചൊല്‍പ്പടിയില്‍ കൊണ്ടുവരികയാണ് പതിവ്. ഇത്തരമൊരു സ്ഥിതി വിശേഷത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെയുള്ള സമരത്തിനൊപ്പം അധികാരം ജനങ്ങളിലേക്ക് എന്ന ഗാന്ധിയുടെ സ്വപ്നം കൂടി സാക്ഷാത്കരിക്കാനുള്ള സമരമാണ് പ്ലാച്ചിമടയില്‍ നടക്കുന്നത്. ഇത് വിജയിച്ചാല്‍ പ്ലാച്ചിമട സമരം ബഹുരാഷ്ട്ര കുത്തകയെ മുട്ട് കുത്തിക്കുന്നതിന് പുറമെ മറ്റൊരു ചരിത്രത്തിന് കൂടി വഴിതുറക്കും. അത് യാഥാര്‍ഥ്യമാക്കാനുള്ള പോരാട്ടത്തിലാണ് പ്ലാച്ചിമട ജനത. രണ്ടാം ഘട്ട സമരത്തില്‍ ഐക്യദാര്‍ഢ്യവുമായി മേധാപട്കറും ബഹുരാഷ്ട്ര കുത്തകള്‍ക്കെതിരെ സമരം നടത്തുന്ന പ്രഫുല്ല സമാന്തറയും പ്ലാച്ചിമടയിലെത്തിയിരുന്നു. ഇവരെ പോലുള്ള പ്രമുഖരുടെ പിന്തുണ സമരത്തിന് ആവേശം നല്‍കുന്നതായി പ്ലാച്ചിമട സമരസമിതിയും പറയുന്നു.
.