From the print
അവരാണ് ബദ്‌രീങ്ങള്‍
സമൃദ്ധി സമയത്തും അല്ലാത്തപ്പോഴും ഒന്നാം സ്ഥാനം അല്ലാഹുവിന്റെ വിഷയത്തിന് നല്‍കാന്‍ തയ്യാറുണ്ടോ? ഒട്ടും ഭയപ്പെടേണ്ടി വരില്ല. അല്ലാഹു സഹായിച്ചിരിക്കും.

ബദ്റിലെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയുമായി അവശേഷിക്കുന്ന മക്കക്കാര്‍ നാട്ടിലെത്തി ആ രംഗങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. അബൂലഹബ് നേരത്തേ തന്നെ തോല്‍വിയുടെ സൂചന അറിഞ്ഞതിനാല്‍ ബദ്റിലേക്ക് പോയിട്ടില്ല.
എന്നാലും ജയിക്കുമെന്ന ആശയില്‍ തന്നെയായിരുന്നു. ആളുകള്‍ കൂട്ടം കൂടി കഥ പറയുമ്പോള്‍ ഒരു കുട്ടി പറഞ്ഞു. അവര്‍ക്ക് (മുസ്‌ലിംകള്‍ക്ക്) മലക്കുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന്. ഇത് തീരെ ഇഷ്ടപ്പെടാത്ത അബൂലഹബ് ആ കുട്ടിയെ കോപം കാരണം അടിച്ചു. ഇതു കണ്ട അവന്റെ പോറ്റുമ്മ കൈയില്‍ കിട്ടിയ ഒരു വടിയെടുത്ത് അബൂലഹബിനെയും പ്രഹരിച്ചു. ശരീരത്തില്‍ മുറിവുകളായി, വ്രണമായി. അവസാനം ആരോരുമില്ലാതെ അനാഥനായി അബൂലഹബ് മരണമടഞ്ഞു. ധിക്കാരികള്‍ക്കേറ്റ പതനത്തിന്റെ ഭാഗമായിത്തന്നെയാണ് ആ വലിയ ധിക്കാരിയുടെയും അന്ത്യമുണ്ടായത്.
ബദ്‌രീങ്ങളില്‍ രണ്ട് വിഭാഗക്കാര്‍ ഉണ്ടല്ലോ? ഒന്ന് മുഹാജിറുകള്‍. അല്ലാഹുവിന്റെ ഇഷ്ടത്തിന് വേണ്ടി സമ്പത്ത്, കുടുംബം, നാട്, വീട് എല്ലാം അവഗണിച്ച് ശരീരവും ജീവിതവും സമര്‍പ്പിച്ചവര്‍. രണ്ട് അന്‍സ്വാറുകള്‍. അല്ലാഹു നല്‍കിയ എല്ലാ സൗകര്യങ്ങളും അല്ലാഹുവിന്റെ ഇഷ്ടത്തിന് ചെലവഴിക്കാന്‍ താത്്പര്യം കാണിച്ചവര്‍. ഇവരെക്കുറിച്ച് വി. ഖുര്‍ ആന്‍ അധ്യായം 9 വചനം നൂറില്‍ പറയുന്നത്: ‘അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവിനെയും തൃപ്തിപ്പെട്ടിരിക്കുന്നു’. ഇങ്ങനെ വലിയ സ്ഥാനമുള്ള ബദ്‌രീങ്ങളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയണം.
സമൃദ്ധി സമയത്തും അല്ലാത്തപ്പോഴും ഒന്നാം സ്ഥാനം അല്ലാഹുവിന്റെ വിഷയത്തിന് നല്‍കാന്‍ തയ്യാറുണ്ടോ? ഒട്ടും ഭയപ്പെടേണ്ടി വരില്ല. അല്ലാഹു സഹായിച്ചിരിക്കും. അവര്‍ എണ്ണത്തില്‍ കുറവായിരുന്നു, ആരോഗ്യം കുറഞ്ഞവരായിരുന്നു, ആയുധങ്ങളുടെ അപര്യാപ്തത ഉണ്ടായിരുന്നു. രസിപ്പിക്കാന്‍ അകമ്പടിയില്ലായിരുന്നു. പക്ഷേ, ഒന്ന് ഉണ്ടായിരുന്നു. ഉറച്ച വിശ്വാസം, നെഞ്ച് വിരിച്ച് അല്ലാഹ് എന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന ആത്മബലമുള്ള, ആയുധങ്ങള്‍ക്ക് കീഴ്പ്പെടുത്താന്‍ സാധിക്കാത്ത, നെഞ്ചിന്‍കൂട്ടിലിട്ട് ഉരുക്കിയെടുത്ത കറകളഞ്ഞ വിശ്വാസം. ഇതാണ് നമുക്ക് ഉണ്ടാകേണ്ടത്. ഭൗതികമായ സംവിധാനങ്ങളില്‍ മാത്രം അഭയം തേടി അല്ലാഹുവില്‍ വിശ്വസിക്കുന്നതില്‍ നിന്ന് അകന്നു പോകുന്നവര്‍ക്ക് ബദ്ര്‍ നല്‍കുന്നത് ധീരമായ ആത്മീയതയുടെ വിജയത്തിന്റെ അനുഭവമാണ്.
മലബാറിന്റെ മണ്ണില്‍ അധിനിവേശത്തിന്റെ ആക്രാന്തവുമായി വന്ന ഹിച്ച്‌കോക്കിന്റെ പീരങ്കികള്‍ക്ക് മുന്നില്‍ കുതറി മാറാതെ വിരിമാറ് കാണിച്ച് സ്വന്തം നാട്ടിലെ ഒരു തരി ഭൂമി അധിനിവേശ കൊള്ളക്കാര്‍ക്ക് തരില്ലെന്ന് പറഞ്ഞ് ധീരമായി ചെറുത്തു നിന്ന് മരണംവരിച്ച പൂര്‍വീകരുടെ ചുണ്ടിലും പോക്കറ്റിലും ബദ്ര്‍ പടപ്പാട്ടിന്റെ ഈരടികള്‍ ഉണ്ടായത് ബദ്ര്‍ അധിനിവേശ വിരുദ്ധതയുടെ പ്രതീകം കൂടിയായതിനാലാണ്.
ബദ്റിനെക്കുറിച്ചുള്ള രചനകളില്‍ പൂര്‍വികര്‍ നടത്തിയ ആത്മാര്‍ഥമായ ശ്രമങ്ങളാണ് വ്യത്യസ്തമായ കാവ്യങ്ങളും ചരിത്രരചനകളും. അവ നമുക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നുണ്ട്. ആ ശേഷിപ്പുകളെ നെഞ്ചോട് ചേര്‍ത്തുവെച്ച് അവരെ ഇഷ്ടം വെച്ച് ആത്മീയമായ ശക്തിപ്രാപിക്കാന്‍ നമുക്ക് കഴിയണം.