Connect with us

From the print

അവസാന യാത്രക്കായി അവരെത്തി സ്വപ്നങ്ങൾ പാതിവഴിയിൽ

വിങ്ങുന്ന മനസ്സുമായെത്തിയ കൂട്ടുകാരും നാട്ടുകാരും അവരെ ആശ്വസിപ്പിക്കാൻ പോലുമാകാതെ ആ കണ്ണീർത്തുരുത്തിൽ ഒറ്റപ്പെട്ടു

Published

|

Last Updated

കൊച്ചി | സമ്മാനങ്ങളും പ്രതീക്ഷകളുമായി ഇടക്കിടെ എത്തിയിരുന്ന ഉറ്റവർ ചേതനയറ്റ് അവസാന യാത്രക്കായെത്തിയപ്പോൾ പലർക്കും താങ്ങാനായില്ല. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകൾ മനസ്സിലേക്ക് ഇരച്ചെത്തിയപ്പോൾ അവർ പൊട്ടിക്കരഞ്ഞു. വിങ്ങുന്ന മനസ്സുമായെത്തിയ കൂട്ടുകാരും നാട്ടുകാരും അവരെ ആശ്വസിപ്പിക്കാൻ പോലുമാകാതെ ആ കണ്ണീർത്തുരുത്തിൽ ഒറ്റപ്പെട്ടു. ജീവിതം കരുപ്പിടിപ്പിക്കാൻ മറുനാട്ടിലേക്ക് പോയി അപ്രതീക്ഷിത ദുരന്തത്തിനിരയാകേണ്ടി വന്നവരുടെ ഓർമകൾ സൃഷ്ടിച്ച വികാരനിർഭരമായ രംഗങ്ങൾക്കാണ് ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങളെ വിമാനത്താവളത്തിൽ വരുന്നതിൽ നിന്നും മനഃപൂർവം വിലക്കിയിരുന്നെങ്കിലും അതൊന്നും വകവെക്കാതെയാണ് അടുത്ത ബന്ധുക്കളിൽ പലരും എത്തിയത്. കാർഗോ ടെർമിനലിന് സമീപം 17 മേശകളാണ് മൃതദേഹങ്ങൾ കിടത്താനായി ഒരുക്കിയിരുന്നത്. വെള്ളത്തുണി വിരിച്ച മേശയിൽ മരണപ്പെട്ടയാളുടെ ചിത്രവും വിലാസവും അച്ചടിച്ച പേപ്പർ പതിച്ചിരുന്നു. ഇതു കണ്ടുകൊണ്ട് രാവിലെ തന്നെയെത്തിയ പലരും സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി.

രാവിലെ 8.30ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും 10.25 നാണ് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ സി 130 ജെ ട്രാൻസ്‌പോർട്ട് വിമാനം എത്തുന്നത്. അപ്പോഴേക്കും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ രംഗത്തുള്ളവർ ഒന്നടങ്കം വിമാനത്താവളത്തിലെത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹങ്ങൾ കാർഗോ വിഭാഗത്തിലെ ഹാളിലെത്തിച്ചു. അവിടെ നിന്ന് 11.40ഓടെ തിരുവനന്തപുരം സ്വദേശി അരുൺ ബാബുവിന്റെ ചേതനയറ്റ ശരീരമാണ് ആദ്യം പൊതുദർശന വേദിയിലേക്കെത്തിച്ചത്. മുഖ്യമന്ത്രി, തമിഴ്‌നാട് മന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയവർ പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലിയർപ്പിച്ചു.

മരിച്ച 23 മലയാളികളുടേയും ഏഴ് തമിഴ്‌നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ച ശേഷമായിരുന്നു പോലീസിന്റെ ഗാർഡ് ഓഫ് ഓണർ. ഇതിന് ശേഷമായിരുന്നു ആദരാഞ്ജലികൾ അർപ്പിക്കാനും മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോകാനുമുള്ള അവസരം. ഇതിനിടയിൽ ഉയർന്ന ഉറ്റവരുടെ കണ്ണീരും വിലാപങ്ങളും ആരുടെയും ഹൃദയം തകർക്കുന്നതായിരുന്നു.
2.30 ഓടെ മൃതദേഹങ്ങൾ വഹിച്ചുള്ള ആംബുലൻസുകളും അകടമ്പടിയായുള്ള പോലീസ് വാഹനങ്ങളും വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 23 ആംബുലൻസുകളിലാണ് ഓരോരുത്തരുടെയും മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയത്. ഓരോ ആംബുലൻസിനും കേരള പോലീസിന്റെ പൈലറ്റ് വാഹനവും കൂടെയുണ്ടായിരുന്നു. തമിഴ്നാട് ആംബുലൻസിന് സംസ്ഥാന അതിർത്തി വരെയും പോലീസ് അകമ്പടി നൽകി.

Latest