Articles
അവജ്ഞയേ അവരര്‍ഹിക്കുന്നുള്ളൂ
പ്രാക്തന ഹൈന്ദവ സ്വത്വത്തിലേക്ക് 142 കോടി ജനത അധിവസിക്കുന്ന വലിയൊരു രാജ്യത്തെ ചുരുട്ടിക്കെട്ടാനും മുസ്‌ലിംകളെ അധമ പൗരന്മാരായി ഇകഴ്ത്തിക്കെട്ടാനുമുള്ള ആധിപത്യ മനോഘടനയുടെ ആര്‍ എസ് എസ് പദ്ധതിയാണ് ആര്‍ എസ് എസ് ആചാര്യന്‍ മോഹന്‍ ഭഗവത് അനാവൃതമാക്കുന്നത്.
വൈജാത്യങ്ങളും വൈവിധ്യങ്ങളും പൂര്‍ണമായി ഉള്‍ക്കൊണ്ട്, ജനാധിപത്യ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയെന്ന മഹത്തായ ഒരാശയത്തെ പ്രകാശിപ്പിച്ച നമ്മുടെ ഭരണഘടന പോലൊരു പ്രാമാണിക രേഖ ആധുനിക ലോകചരിത്രത്തില്‍ വേറെയുണ്ടോ എന്ന് സംശയമാണ്. 1787ല്‍ ഫിലാഡെല്‍ഫിയയില്‍ സമാരംഭം കുറിച്ച രാഷ്ട്രീയ ദൗത്യത്തിന് ശേഷമുള്ള ഏറ്റവും മഹത്തായ സംഭവവികാസമെന്നാണ് ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് ഈ വിഷയത്തിലെ ആധികാരിക ചരിത്രകാരനായ ഗ്രാന്‍വില്ലെ ഓസ്റ്റിന്‍ നിരീക്ഷിച്ചത്. അമേരിക്കയിലെ സ്വാതന്ത്ര്യ പ്രഖ്യാപനം കഴിഞ്ഞ് 160 വര്‍ഷത്തിന് ശേഷം “ഇന്ത്യക്കാര്‍’ രൂപഭാവം നല്‍കിയ ഭരണഘടനയെ ശ്രേഷ്ഠമാക്കുന്നത് എല്ലാ ഭിന്നതകളെയും വൈരുധ്യങ്ങളെയും തട്ടിമാറ്റി പൗരസമത്വം അത് ഉദ്‌ഘോഷിക്കുന്നു എന്നതാണ്. ആ ഭരണഘടന ഇന്ന് കടുത്ത വെല്ലുവിളി നേരിടുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും അതിന്റെ പ്രത്യയശാസ്ത്ര സ്രോതസ്സായ ആര്‍ എസ് എസില്‍ നിന്നുമാണ്. ആ വെല്ലുവിളി എത്രത്തോളം രൂക്ഷമാണ് എന്നതിന്റെ നിദര്‍ശനമാണ് കഴിഞ്ഞ ദിവസം ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് സംഘടനാ മുഖപത്രങ്ങളായ പാഞ്ചജന്യക്കും ഓര്‍ഗനൈസറിനും നല്‍കിയ അഭിമുഖത്തിലെ അത്യന്തം അപകടകരവും വിഷലിപ്തവുമായ പ്രസ്താവങ്ങള്‍.
സര്‍സംഘ്ചാലകിന്റെ അഭിമുഖം ആസൂത്രിതമാണ്. രാജ്യത്തോട് വല്ലതും വിളിച്ചുപറയാനുണ്ടെങ്കില്‍ മാധ്യമങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ നാഗ്പൂര്‍ സംഘം എന്നും നല്ല മെയ്്വഴക്കം കാട്ടാറുണ്ട്. കേള്‍ക്കുമ്പോള്‍ നിരുപദ്രവകരമെന്ന് തോന്നിപ്പിക്കുന്ന ഭഗവതിന്റെ പരാമര്‍ശങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും അവ അത്യന്തം വിഷലിപ്തവും ദുഷ്ടലാക്കോടെയുമാണെന്ന്. തങ്ങള്‍ ഈ രാജ്യം ഭരിച്ചവരാണെന്നും ഇനിയും ഭരിക്കുമെന്നും തങ്ങള്‍ ഉയര്‍ന്ന വംശമാണെന്നും ഞങ്ങളുടെ പാത മാത്രമാണ് ശരി എന്നും മറ്റുള്ളവര്‍ തെറ്റാണെന്നും ഞങ്ങള്‍ വ്യത്യസ്തരാണ്, അങ്ങനെ തന്നെ തുടരുകയും ചെയ്യും, ഹിന്ദുക്കളുടെ കൂടെ ജീവിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല എന്നൊക്കെ ചിന്തിക്കുന്ന മേധാവിത്വ മനോഭാവം മുസ്‌ലിംകള്‍ കൈവെടിയണം എന്നും എന്നാല്‍ അവര്‍ക്ക് പേടിയില്ലാതെ ഇവിടെ ജീവിക്കാമെന്നുമാണ് ആര്‍ എസ് എസ് തലവന്‍ പറഞ്ഞുവെച്ചത്. ഒരു യുദ്ധസിദ്ധാന്തം കൂടി അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. “”ഹിന്ദു സമൂഹം കഴിഞ്ഞ ആയിരം വര്‍ഷമായി യുദ്ധത്തിലാണ്. വൈദേശിക അധിനിവേശങ്ങള്‍ക്കെതിരെ, വൈദേശിക സ്വാധീനത്തിനെതിരെ, വൈദേശിക ഗൂഢാലോചനക്കെതിരെ അവര്‍ ഇപ്പോഴും യുദ്ധത്തിലാണത്രെ. ഈ ദിശയില്‍ സംഘ്പരിവാറിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടത്രെ. മറ്റു പലരും ഈ വിഷയം സംസാരിക്കുന്നുമുണ്ട്. ഇതിനൊക്കെ കാരണം ഹിന്ദു സമൂഹം ഉണര്‍ന്നിരിക്കുന്നുവെന്നതാണ്. യുദ്ധത്തിലേര്‍പ്പെട്ടവര്‍ അക്രമാസക്തമാകുക സ്വാഭാവികമാണ്.” ഹിന്ദുത്വയെ അതിന്റെ സകല തീവ്രതയോടും കൂടി നിര്‍വചിക്കാന്‍ ആര്‍ എസ് എസ് തലവന്‍ മുതിരുന്നുണ്ട്. “”ഹിന്ദു നമ്മുടെ സ്വത്വമാണ്, നമ്മുടെ ദേശീയതയാണ്, നമ്മുടെ നാഗരിക വ്യതിരിക്തതയാണ്. ആ വ്യതിരിക്തതയാണ് എല്ലാവരെയും നമ്മളായി കാണാന്‍ കാരണം. എല്ലാവരെയും ഒപ്പം കൂട്ടുന്നത്. നമ്മള്‍ ഒരിക്കലും പറയില്ല ഞാനാണ് ശരി, മറ്റുള്ളവര്‍ തെറ്റാണ് എന്ന്. നിങ്ങളുടെ ഇടങ്ങളില്‍ നിങ്ങള്‍ ശരിയാണ്, എന്റെയിടത്ത് ഞാനാണ് ശരി. നമ്മള്‍ എന്തിന് പോരാടണം, നമുക്ക് ഒരുമിച്ച് നീങ്ങാം”. കേള്‍ക്കുമ്പോള്‍ ഇമ്പമുള്ള വാക്കുകള്‍. എന്നാല്‍ അകം നിറയെ വിഷവും വിദ്വേഷവും വഞ്ചനയുമാണ്. ഈ രാജ്യം ഹിന്ദുസ്ഥാനാണ്. എന്നും അത് തന്നെയായിരിക്കുമെന്നും ആര്‍ എസ് എസ് ആചാര്യന്‍ ആവര്‍ത്തിക്കുന്നുണ്ട്.
ആര്‍ എസ് എസ്
തള്ളിക്കളയുന്ന ഇന്ത്യ
ഭരണഘടന രൂപഭാവം നല്‍കിയ ഇന്ത്യ എന്ന ആശയത്തെ പൂര്‍ണമായി നിരാകരിക്കുകയാണ് മോഹന്‍ ഭഗവത്. പ്രാക്തന ഹൈന്ദവ സ്വത്വത്തിലേക്ക് 142 കോടി ജനത അധിവസിക്കുന്ന വലിയൊരു രാജ്യത്തെ ചുരുട്ടിക്കെട്ടാനും മുസ്‌ലിംകളെ അധമ പൗരന്മാരായി ഇകഴ്ത്തിക്കെട്ടാനുമുള്ള ആധിപത്യ മനോഘടനയുടെ ആര്‍ എസ് എസ് പദ്ധതിയാണ് അദ്ദേഹം അനാവൃതമാക്കുന്നത്. മുസ്‌ലിംകള്‍ അഹങ്കാരികളും വംശീയ ഔന്നത്യം അവകാശപ്പെടുന്നവരും ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ അംഗീകരിക്കാത്തവരുമാണെന്ന് അനുയായികളുടെ മനസ്സിലേക്ക് വിഷം കോരിയൊഴിക്കാനാണ് ആര്‍ എസ് എസ് ആചാര്യന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഏത് മുസ്‌ലിമാണ് ഇവിടെ മേല്‍ക്കോയ്മാ മനഃസ്ഥിതി കൊണ്ടുനടക്കുന്നത്. 1193 മുതല്‍ 1857 വരെ അങ്ങ് കാണ്ഠഹാര്‍ മുതല്‍ ഇങ്ങ് ഡെക്കാന്‍ വരെ ഭരിച്ചപ്പോള്‍ പോലും ആരെങ്കിലും മേല്‍ക്കോയ്മാ മനോഭാവത്തോടെ പെരുമാറിയിട്ടുണ്ടോ? മതം അടിച്ചേല്‍പ്പിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ഇക്കാണുന്ന 110 കോടി ഹിന്ദുക്കള്‍ ഇവിടെ ഉണ്ടാകുമായിരുന്നോ? ഞങ്ങളുടെ പാത മാത്രമാണ് ശരി, നിങ്ങളുടേത് തെറ്റാണെന്ന വാദമുയര്‍ത്തി പോരാട്ടത്തിലേര്‍പ്പെട്ടിരുന്നുവെങ്കില്‍ ഹിന്ദുസ്വത്വമോ ചിഹ്നങ്ങളോ ഇവിടെ ബാക്കിയാകുമായിരുന്നോ? ഇന്നീ കാണുന്ന ലക്ഷക്കണക്കിന് ക്ഷേത്രങ്ങളും മഠങ്ങളും ആശ്രമങ്ങളും നിലനിന്ന് കാണുമോ? സാങ്കല്‍പ്പികവും വികലവുമായ സിദ്ധാന്തങ്ങള്‍ ചുട്ടെടുത്ത് അവക്ക് ചുറ്റും കുറച്ച് വികല മനുഷ്യരെ പോറ്റിവളര്‍ത്തുന്ന ആസുരതയുടെ താവളമായി പ്രസ്ഥാനത്തെ മാറ്റിയെടുത്തതാണ് ആര്‍ എസ് എസ് ഇന്ത്യാ മഹാരാജ്യത്തോട് ചെയ്ത ഒരു പാതകം. അതിന്റെ പ്രതിഫലനമാണ് വെള്ളം ചേര്‍ക്കാത്ത കള്ളങ്ങള്‍ നിരത്തുന്ന പ്രസ്താവങ്ങള്‍ നടത്തി അന്തരീക്ഷം മലീമസമാക്കുന്ന രീതിശാസ്ത്രം. ഹിന്ദുക്കള്‍ കഴിഞ്ഞ ആയിരം വര്‍ഷമായി മുസ്‌ലിംകളുമായി യുദ്ധത്തിലാണത്രെ. എന്തുകൊണ്ടാണ് ചരിത്രത്തിലെവിടെയും അത്തരത്തിലൊരു യുദ്ധത്തെ കുറിച്ച് നമുക്ക് വായിക്കാന്‍ സാധിക്കാതെ പോയത്? നമുക്ക് സുപരിചിതമായ കലിംഗ യുദ്ധവും മൂന്നാല് പാനിപ്പത്ത് യുദ്ധങ്ങളുമൊക്കെ രാജാക്കന്മാര്‍ തമ്മിലായിരുന്നു; മതങ്ങള്‍ തമ്മിലായിരുന്നില്ല. ഗോറിയിലെ മുഹമ്മദ് സോമനാഥ ക്ഷേത്രം ആക്രമിച്ചപ്പോഴും അഫ്ഗാന്‍ സേനാനായകന്‍ ഹിന്ദുവായ തിലകനായിരുന്നു. എന്തുകൊണ്ട് ഏഴെട്ട് നൂറ്റാണ്ട് കാലം സുല്‍ത്താന്‍മാരും തുഗ്ലക്കുമാരും ലോദിമാരും മുഗളന്മാരുമൊക്കെ ഇവിടെ ഭരിച്ചിട്ടും ഒരു കൂട്ടക്കൊല നടക്കാതെ പോയത്? എന്തുകൊണ്ട് ഹിന്ദുക്കള്‍ക്കെതിരെ മുസ്‌ലിം ഭരണാധികാരികളോ പ്രജകളോ ഒരു യുദ്ധം പ്രഖ്യാപിച്ചില്ല? വി എസ് നെയ്‌പോള്‍ എന്ന തീവ്ര വലത് എന്‍ ആര്‍ ഐ ദേശീയവാദി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയ “ദശലക്ഷക്കണക്കിന് കലാപങ്ങള്‍’ കാലഹരണപ്പെട്ട കള്ളങ്ങളാണെന്ന് മോഹന്‍ ഭഗവത് മനസ്സിലാക്കാതെ പോയതില്‍ സഹതപിക്കാതെ നിര്‍വാഹമില്ല.
വൈദേശിക അധിനിവേശങ്ങള്‍ക്കും സാംസ്‌കാരിക കടന്നുകയറ്റങ്ങള്‍ക്കുമെതിരെ ഒരിക്കലും ആര്‍ എസ് എസ് ആചാര്യന്റെ അനുയായികളോ അവരുടെ പൂർവികരോ യുദ്ധത്തിലേര്‍പ്പെട്ടിരുന്നില്ല എന്ന യാഥാര്‍ഥ്യം ഇനിയും തമസ്‌കരിക്കാന്‍ സാധ്യമല്ല. ചരിത്രപരമായി നോക്കുമ്പോള്‍ ഇന്ത്യ എന്ന ഒരു രാജ്യം തന്നെ മുസ്‌ലിംകളുടെ ആഗമനത്തിന് മുമ്പ് ഇവിടെ നിലനിന്നിരുന്നില്ല. ജാതീയമായ ഉച്ചനീചത്വങ്ങളും ജീര്‍ണതകളും ഭൂരിഭാഗം വരുന്ന ജനസഞ്ചയത്തെ ഛിന്നഭിന്നമാക്കി. സിന്ധുനദിക്കരയുടെ മറുകരയില്‍ ജീവിക്കുന്ന മനുഷ്യരെ ഹിന്ദു എന്ന സംജ്ഞ കൊണ്ട് വിശേഷിപ്പിക്കാന്‍ തുടങ്ങിയത് ആദ്യം പേര്‍ഷ്യക്കാരും പിന്നീട് അറബികളുമാണ്. “ഹിന്ദുസ്ഥാന്‍’ എന്ന് നമ്മുടെ ഉപഭൂഖണ്ഡത്തെ ആദ്യമായി വിളിച്ചത്, ശൈഖ് നിസാമുദ്ദീന്‍ ഔലിയയുടെ (1238-1325) അരുമ ശിഷ്യന്‍ മഹാകവി അമീര്‍ ഖുസ്രുവാണെന്ന് വിശ്വപ്രസിദ്ധ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് സമര്‍ഥിക്കുന്നുണ്ട്. 20ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങള്‍ വരെ ആ പേര് നിലവിലുണ്ടായിരുന്നു. ഹിന്ദുസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരം അവസാനിക്കുന്നിടത്ത് നിന്നാണ് ആധുനിക ഇന്ത്യയുടെ പ്രയാണമാരംഭിക്കുന്നത്. ഒരു വേള ഹിന്ദുസ്ഥാനെ മുസ്‌ലിം സ്വപ്‌ന സന്തതിയായി തള്ളിക്കളഞ്ഞ സംഘ്പരിവാരം ഇപ്പോഴതില്‍ പിടിച്ചുതൂങ്ങുന്നത് ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയാനാണ്. ഭരണഘടനയെ പൂര്‍ണമായി നിരാകരിച്ചാലേ മോഹന്‍ ഭഗവതിന്റെ സ്വപ്‌നത്തിലുള്ള ഹിന്ദു രാഷ്ട്രത്തിലേക്കുള്ള യാത്ര എളുപ്പമാകൂ. ഡോ. ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും പിന്‍ഗാമികളുമൊക്കെ വിറ്റഴിക്കാന്‍ ശ്രമിച്ച പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിപണിയിലിറക്കിയാല്‍ വന്‍ലാഭം കൊയ്യാമെന്നും ലക്ഷ്യപ്രാപ്തി ക്ഷിപ്രസാധ്യമാണെന്നും കണക്കുകൂട്ടുന്നുണ്ടെങ്കില്‍ തെറ്റി. ആര്‍ എസ് എസിന്റെ അജന്‍ഡ, രാഷ്ട്രശില്‍പ്പികള്‍ ത്യാഗത്തിന്റെ മഷി കൊണ്ട് എഴുതിത്തീര്‍ത്ത ഭരണഘടന നിലനില്‍ക്കുന്ന കാലത്തോളം നടക്കാന്‍ പോകുന്നില്ല. മുസ്‌ലിംകള്‍ക്ക് പേടിക്കാനൊന്നുമില്ല എന്ന ഭഗവതിന്റെ ആശ്വാസവചനം ഈ മണ്ണില്‍ പിറന്നുവീണ ഒരാളും ഗൗരവത്തിലെടുക്കില്ല. എന്നല്ല, അവജ്ഞയോടെ തള്ളുകയേ ചെയ്യൂ. മുസ്‌ലിംകള്‍ അവരുടെ വിശ്വാസവും ആചാരവും അനുഷ്ഠാനങ്ങളും കൈവെടിഞ്ഞ് ആര്‍ എസ് എസിന്റെ ഹിന്ദുരാഷ്ട്രത്തില്‍ രണ്ടാംകിട പൗരന്മാരായി ജീവിക്കാന്‍ മുന്നോട്ടുവരുമെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍സംഘ്ചാലകിന് തെറ്റി. ഈ മണ്ണ് ആരുടെയും പൈതൃക സ്വത്തല്ല. ഈ മണ്ണില്‍ ജീവിക്കുന്ന മുഴുവന്‍ മനുഷ്യജാലങ്ങളുടെയും തറവാട് സ്വത്താണിത്. ഡോ. ബാബാ സാഹിബ് അംബേദ്കര്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങളാണ് അതിന് വര്‍ണങ്ങള്‍ ചൊരിഞ്ഞ നിറക്കൂട്ട്.
ഹിന്ദുരാഷ്ട്രം എന്ന കുടിലമായ സ്വപ്‌നത്തിലേറി യാത്ര തുടരുമ്പോള്‍ ആര്‍ എസ് എസിനും അതിന്റെ തലവനും ഇനിയും കുറേ ജല്‍പ്പനങ്ങള്‍ നടത്തേണ്ടിവരും. അവ അവജ്ഞയോടെ തള്ളുക എന്നത് ഈ സന്ദിഗ്ധഘട്ടത്തില്‍ മഹത്തായൊരു രാഷ്ട്രീയ പോരാട്ടമാണ്.