Connect with us

articles

ട്രംപിനെ അവരർഹിക്കുന്നുണ്ട്

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയിരിക്കുന്നു. സെനറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കൂടി കരുത്തറിയിച്ചതോടെ റിപബ്ലിക്കന്‍ പാര്‍ട്ടി അതിശക്തമായ നിലയിലാണ്. ഈ വിജയം ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ അടക്കം സര്‍വ തീവ്രവലതുപക്ഷക്കാരെയും ആവേശം കൊള്ളിക്കും. ഇതിനകം നവനാസി പാതയിലേക്ക് സഞ്ചരിച്ചു കഴിഞ്ഞ യൂറോപ്പ് കൂടുതല്‍ അപകടകരമായ നിലയിലേക്ക് കൂപ്പുകുത്താന്‍ ട്രംപ് പ്രചോദനമാകും.

Published

|

Last Updated

ട്രംപിന്റെ വിജയം ചരിത്രപരമെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചക്ക് ശ്രമിച്ച് പരാജയപ്പെട്ട പ്രസിഡന്റായിരുന്നു അദ്ദേഹം. പക്ഷേ, പിന്‍മാറാന്‍ കൂട്ടാക്കിയില്ല. നാല് വര്‍ഷത്തിന് ശേഷം വീണ്ടും മത്സരിച്ച് പ്രസിഡന്റായിരിക്കുന്നു. 127 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു തിരിച്ചു വരവ്.

പോപ്പുലര്‍ വോട്ടില്‍ തന്നെ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടുവെന്നതാണ് മറ്റൊരു അതൃപ്പം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളെല്ലാം ഇലക്ടറല്‍ കോളജിലെ വോട്ടിംഗിലാണ് വിജയമുറപ്പിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ബരാക് ഒബാമ രണ്ട് ഊഴത്തിലും വിജയിച്ചത് ജനകീയ വോട്ടുകളില്‍ ഉജ്വല വിജയം നേടിയാണെന്നോര്‍ക്കണം. ഒബാമയെ രണ്ട് ഊഴം തിരഞ്ഞെടുത്ത് ലിബറല്‍ ജനാധിപത്യത്തിന്റെ വഴിയിലേക്ക് ആഘോഷപൂര്‍വം കടന്നുവന്ന അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥ അതിന്റെ എതിര്‍ ദിശയിലേക്ക് ബഹുദൂരം ഓടിപ്പോയി തീവ്രവലതുപക്ഷത്തിന്റെ ചെളിക്കളത്തില്‍ ചാടിയിരിക്കുന്നുവെന്നാണ് ട്രംപിന്റെ പോപ്പുലര്‍ വോട്ട് വിജയം വ്യക്തമാക്കുന്നത്.

റെഡ് സ്റ്റേറ്റുകള്‍ (റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള സ്റ്റേറ്റുകള്‍), ബ്ലൂ സ്റ്റേറ്റുകള്‍ (ഡെമോക്രാറ്റിക് കേന്ദ്രങ്ങള്‍) എന്ന പതിവ് വിഭജനത്തെയും ചാഞ്ചാട്ട സ്റ്റേറ്റുകളെന്ന ആകാംക്ഷയെയുമെല്ലാം അപ്രസക്തമാക്കി ട്രംപിന് സമ്പൂര്‍ണ ആധിപത്യം നോടാന്‍ സാധിച്ചുവെന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. ചാഞ്ചാട്ട സ്റ്റേറ്റുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പെന്‍സില്‍വാനിയ, വിസ്‌കോന്‍സിന്‍, മിഷിഗണ്‍, ജോര്‍ജിയ, നോര്‍ത്ത് കരോലിന, അരിസോണ, നവാദ എന്നിവിടിങ്ങളിലെല്ലാം ട്രംപ് മുന്നേറിയെങ്കില്‍ അമേരിക്കന്‍ ജനത ഒട്ടും സന്ദേഹമില്ലാതെ വോട്ട് ചെയ്തുവെന്നാണല്ലോ മനസ്സിലാക്കേണ്ടത്. കൂടുതല്‍ കുടിയേറ്റവിരുദ്ധരും യുദ്ധോത്സുകരും അതിദേശീയവാദികളും മുസ്‌ലിംവിരുദ്ധരും ആത്യന്തികമായി ഭയചകിതരുമാണ് അമേരിക്കക്കാരെന്നതിന്റെ തെളിവാണ് ട്രംപിന്റെ രണ്ടാം വരവ്.

ആദ്യ ഊഴത്തില്‍ ട്രംപ് തോല്‍പ്പിച്ചത് ഹിലാരി ക്ലിന്റനെയായിരുന്നു. ഇത്തവണ കമലാ ഹാരിസിനെയും. ആദ്യ വനിതാ പ്രസിഡന്റെന്ന ചരിത്രപരമായ ചുവടുവെപ്പില്‍ നിന്ന് രാജ്യത്തെ ഇത്തവണയും ട്രംപ് തടഞ്ഞുവെന്നര്‍ഥം. കമല ജയിച്ചെങ്കില്‍ ഇന്ത്യന്‍ വംശജയായ ആദ്യ യു എസ് പ്രസിഡന്റെന്ന ചരിത്രവും പിറക്കുമായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വ്യാജമെങ്കിലും ചെറിയൊരു ആനന്ദമൊക്കെ അത് പകരുമായിരുന്നു. രാഷ്ട്രീയത്തില്‍ പുരുഷ മേധാവിത്വം പിടിമുറുക്കിയതിന്റെ നിദര്‍ശനമായി ട്രീസാ ഉണ്ടേമിനെപ്പോലുള്ള ഗവേഷകര്‍ ഈ വിജയത്തെ വിലയിരുത്തുന്നുണ്ട്. ഇത് ഭാഗികമായി മാത്രമേ ശരിയാകുന്നുള്ളൂ. ഡെമോക്രാറ്റിക് പാര്‍ട്ടി നിലവിലെ പ്രസിഡന്റ് ജോ ബൈഡനെയായിരുന്നുവല്ലോ ട്രംപിനെ എതിരിടാന്‍ നിയോഗിച്ചത്.

അദ്ദേഹം തന്നെയായിരുന്നു ഗോദയിലെങ്കിലും ഇതേ വിജയമോ അതിനേക്കാള്‍ തിളക്കമുള്ള വിജയമോ ട്രംപ് നേടുമായിരുന്നു. എന്നുവെച്ചാല്‍ ട്രംപ് തോല്‍പ്പിച്ചത് സ്ത്രീകളെയാണ് എന്നതുകൊണ്ട് മാത്രം അതില്‍ ജെന്‍ഡര്‍ പ്രശ്‌നം കൊണ്ടുവരാനാകില്ലെന്ന് തന്നെ. എന്നാല്‍ ട്രംപിന്റെ ചലനങ്ങളിലും വാക്കുകളിലും നിലപാടുകളിലുമെല്ലാം ഒരു മെയില്‍ ഷോവനിസ്റ്റിനെ കാണാനാകുമെന്നത് വസ്തുതയാണ്. ഒരു പുരുഷ സ്ഥാനാര്‍ഥി എന്നതിനപ്പുറം ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത മേധാവിത്വ പ്രകടനങ്ങളിലും പരനിന്ദയിലും അഭിരമിക്കുന്ന ഒരാള്‍ എന്ന നിലയിലാണ് ട്രംപിനെ കാണേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ അമേരിക്കയിലെ വോട്ടര്‍മാര്‍ മസില്‍ പവര്‍ രാഷ്ട്രീയത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്ന് കാണാനാകും. അതാകട്ടെ അമേരിക്കന്‍ സാമ്രാജ്യത്വം കാലങ്ങളായി നിരവധി രാജ്യങ്ങളില്‍ പ്രയോഗിച്ച ബലാത്കാര രാഷ്ട്രീയം ജനങ്ങുടെ മാനസികാവസ്ഥയില്‍ ഉണ്ടാക്കിയ മാറ്റം തന്നെയാണ് താനും.

ഇടക്കാലത്ത് ഒബാമയെ പരീക്ഷിച്ച് ആ മാറ്റം മറച്ചു പിടിച്ചെങ്കിലും ട്രംപിന്റെ ഒന്നാമൂഴം അത്തരം യുക്തികള്‍ക്കെല്ലാം പുറത്ത് വരാന്‍ അവസരമൊരുക്കി. 2020ല്‍ അദ്ദേഹം തോല്‍ക്കുമ്പോള്‍ ചരിത്രത്തിലാദ്യമായി യുവാക്കള്‍ ക്യാപിറ്റോള്‍ ഹില്ലിലേക്ക് ഇരച്ചു കയറുകയും കലാപം അഴിച്ചുവിടുകയും ചെയ്തത് ട്രംപിന്റെ രണ്ടാം വരവ് സുനിശ്ചിതമാണെന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഒട്ടും വിസ്മയമുണ്ടാക്കുന്നില്ല ട്രംപിന്റെ വിജയം.

ട്രംപ് ഒരു രാഷ്ട്രീയക്കാരനേയല്ല. അടിമുടി ബിസിനസ്സുകാരനാണ്. റിസോര്‍ട്ടുകള്‍ പണിയലാണ് പ്രധാന ബിസിനസ്സ്. കോടിക്കണക്കിന് ഡോളര്‍ ആസ്തിയുണ്ട്. അമേരിക്കയില്‍ മാത്രമല്ല മിക്ക വിദേശ രാജ്യങ്ങളിലും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളുണ്ട്. ഈ സാമ്പത്തിക ശക്തി തന്നെയാണ് ഡൊണാള്‍ഡ് ജെ ട്രംപിനെ മൂന്നാം തവണയും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് യോഗ്യനാക്കിയത്. അവ്യവസ്ഥയുടെ ആള്‍രൂപമാണ് അദ്ദേഹം. എല്ലാ തരം അതൃപ്തികളെയും അമര്‍ഷങ്ങളെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു. പാശ്ചാത്യ മൂല്യ സഞ്ചയം ഒരിക്കലും വകവെച്ച് കൊടുക്കാത്ത എല്ലാ തരം നെഗറ്റീവുകളെയും ഒരു മറയുമില്ലാതെയാണ് ട്രംപ് എടുത്തണിഞ്ഞത്. വെള്ളക്കാരില്‍ മഹാ ഭൂരിപക്ഷത്തിനും കറുത്തവരോടും തവിട്ടു നിറക്കാരോടും കൃത്യമായ വര്‍ണവെറിയുണ്ട്.

പക്ഷേ അവരത് തുറന്ന് പ്രകടിപ്പിക്കാതെ നോക്കും. ബരാക് ഒബാമയെ പ്രസിഡന്റാക്കും. പക്ഷേ അദ്ദേഹം ഭരിക്കുമ്പോള്‍ തന്നെ കറുത്ത മനുഷ്യര്‍ക്ക് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങേണ്ടി വരും. ലക്ഷണമൊത്ത സ്ത്രീ വിരോധികളാണ് സംശുദ്ധ അമേരിക്കക്കാര്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ പതനത്തിന് ശേഷം മുസ്‌ലിംവിരുദ്ധതയുടെ ഉത്പാദന, കയറ്റുമതി കേന്ദ്രമായി അമേരിക്ക പരിണമിച്ചിട്ടുണ്ട്. രാജ്യത്തെ മാന്ദ്യത്തിനും തൊഴില്‍ നഷ്ടത്തിനും കാരണം പുറത്ത് നിന്ന് വന്ന് ജോലി തട്ടിയെടുക്കുന്ന മെക്‌സിക്കോക്കാരും ഏഷ്യക്കാരുമാണെന്ന് ശരാശരി അമേരിക്കക്കാര്‍ വിശ്വസിക്കുന്നു. നവ നാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും അവിടെയുണ്ട്. എന്നാല്‍ ഇതൊന്നും പുറത്ത് കാണിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല.

അതുകൊണ്ട് യു എസ് മാധ്യമങ്ങളില്‍ നല്ല പങ്കും ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രം ട്രംപും കമലയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെന്നായിരുന്നു. ഫാസിസത്തിന്റെ പല സ്വഭാവ വിശേഷങ്ങളിലൊന്ന് ഈ അടിയൊഴുക്കാണ്. ട്രംപ് മത- വംശ- ലിംഗ വെറി സൂക്ഷിക്കുന്നയാളാണ്. സ്ത്രീലമ്പടനാണ്. നികുതി വെട്ടിപ്പുകാരനാണ്. കുടിയേറ്റവിരുദ്ധനാണ്. പക്ഷേ ഒരിക്കലും ആ ഐഡന്റിറ്റികള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചില്ല. തോക്ക് നിയമം ഇനിയും ഉദാരമാക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് ട്രംപ്. അമേരിക്കയിലെ ശരാശരി വോട്ടര്‍മാര്‍ പുറത്ത് കാണിക്കാന്‍ ഇഷ്ടപ്പെടാത്തതും ഉള്ളില്‍ സൂക്ഷിക്കുന്നതുമായ സര്‍വ വൈകാരികതകളുടെയും പ്രതിനിധിയാകാന്‍ ട്രംപിന് സാധിച്ചുവെന്നതാണ് അദ്ദേഹത്തെ ഇത്ര ആധികാരികമായ വിജയത്തിന് അര്‍ഹനാക്കുന്നത്.

ചൈനയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഭൗമ രാഷ്ട്രീയ കരുനീക്കങ്ങള്‍ അമേരിക്കയുടെ പ്രസക്തിക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ബൈഡന്റെ വിദേശ നയം അമേരിക്കന്‍ പ്രൈഡ് ഉയര്‍ത്തുന്നതില്‍ അമ്പേ പരാജയപ്പെട്ടുവെന്ന വിമര്‍ശം ഈ പശ്ചാത്തലത്തില്‍ ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ശക്തനായ ഭരണാധികാരി വേണമെന്ന് അമേരിക്കക്കാര്‍ ആഗ്രഹിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. ചൈനയെ ശക്തമായി നേരിടാന്‍ ട്രംപിസത്തിന്റെ അടിസ്ഥാന ആശയമായ അമേരിക്ക ഫസ്റ്റ് എന്ന നയം അനിവാര്യമെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. ഇന്ത്യയിലെ മേക് ഇന്‍ ഇന്ത്യ പോലെ വെറും മുദ്രാവാക്യമല്ല അമേരിക്ക ഫസ്റ്റ്. മറിച്ച് എല്ലാ അന്താരാഷ്ട്ര കരാറുകളില്‍ നിന്നും പിന്‍വാങ്ങി യു എസ് വ്യവസായത്തെയും ധനകാര്യ സ്ഥാപനങ്ങളെയും സംരക്ഷിച്ചു നിര്‍ത്താനുള്ള അടഞ്ഞ സാമ്പത്തിക നയമാണത്.

യു എസും മറ്റ് പാശ്ചാത്യ ശക്തികളും ദീര്‍ഘകാലം നിലകൊണ്ട ആഗോളവത്കരണത്തിന് നേര്‍ വിപരീതമാണത്. നികുതി രംഗത്ത് ട്രംപ് പ്രഖ്യാപിച്ച ഇളവുകള്‍ സാധാരണക്കാരെ ആകര്‍ഷിച്ചു. ബൈഡന്‍ ദുര്‍ബലനായ പ്രസിഡന്റായിരുന്നുവെന്നും അദ്ദേഹത്തിന്റെ കീഴിലെ വൈസ് പ്രസിഡന്റിനും അത്രയേ സാധിക്കൂവെന്നുമുള്ള ട്രംപിന്റെ പ്രചാരണം കുറിക്കു കൊണ്ടു. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒരു ഘട്ടത്തില്‍ പിന്‍വാങ്ങേണ്ടി വന്നതും പകരക്കാരിയായി കമല വന്നതും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകാം.

തന്റെ ആദ്യ ഊഴത്തിന്റെ പരിചയ സമ്പത്ത് ട്രംപ് നന്നായി വിനിയോഗിച്ചു. നയത്തിന്റെ തുടര്‍ച്ചയുണ്ടാകുമെന്നും അത് അമേരിക്കന്‍ അന്തസ്സ് ഉയര്‍ത്തുമെന്നും അക്രമാസക്തമായ ഭാഷയില്‍ ട്രംപ് പറയുമ്പോള്‍ അതിന് വലിയ വിശ്വാസ്യത കൈവന്നു. ഇലോണ്‍ മസ്‌കിന്റെ പിന്തുണ ട്രംപിന് വലിയ മുതല്‍ക്കൂട്ടായി. തന്റെ വിജയ പ്രഖ്യാപന പ്രസംഗത്തില്‍ ട്രംപ് മസ്‌കിനെ എടുത്തു പറഞ്ഞത് ഇതിന്റെ തെളിവാണ്. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റീനിന്റെ സാന്നിധ്യം ട്രംപിന് ഗുണമായെന്ന വിലയിരുത്തലുണ്ട്. അവരുടെ മുഖം ട്രംപിന്റെ മുഖവുമായി ചേര്‍ത്ത് ചില ട്രോളുകള്‍ ഇറങ്ങിയിരുന്നു. അവര്‍ പിടിച്ച വോട്ടുകള്‍, പ്രത്യേകിച്ച് സ്വിംഗ് സ്റ്റേറ്റുകളില്‍, കമലക്ക് ലഭിക്കേണ്ടതായിരുന്നുവെന്നാണ് വ്യാഖ്യാനം. സത്യത്തില്‍ അവര്‍ മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങള്‍ ട്രംപിസത്തിന് നേര്‍ വിപരീതമായിരുന്നു. കമലയെയും ട്രംപിനെയും എതിര്‍ത്ത് ഗ്രീന്‍ പാര്‍ട്ടി ക്യാമ്പയിന്‍ ചെയ്യുകയുമുണ്ടായി. പക്ഷേ, കണക്കിന്റെ കളിയാണല്ലോ വോട്ടെടുപ്പ്. ചെറുതായെങ്കിലും കമലക്ക് വിനയാകാന്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കാരണമായി.

മിഷിഗണില്‍ ട്രംപ് നേടിയ ഭൂരിപക്ഷം നോക്കിയാല്‍ മതിയാകും എന്ത് സംഭവിച്ചുവെന്ന് മനസ്സിലാക്കാന്‍. അവിടെ വന്‍തോതില്‍ അറബ് അമേരിക്കന്‍ വോട്ടര്‍മാരുണ്ട്. ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശവും വംശഹത്യയുമാണ് ആ വോട്ടര്‍മാരുടെ മുന്‍ഗണന നിര്‍ണയിക്കേണ്ടിയിരുന്നത്. ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമാക്കുന്നതിന് അമേരിക്കന്‍ പിന്തുണ പ്രഖ്യാപിക്കുന്ന ഫയലില്‍ ഒപ്പിട്ട പ്രസിഡന്റാണ് ട്രംപ്. നെതന്യാഹുവിന്റെ ഉറ്റ സുഹൃത്താണ് നെതന്യാഹു. മരുമകന്‍ ജെറാര്‍ഡ് കുഷ്‌നര്‍ ജൂതനാണ്. ഒരിക്കല്‍ പോലും ട്രംപ് ഇസ്‌റാഈലിന്റെ നരനായാട്ടിനെ അപലപിച്ചിട്ടില്ല. എന്നിട്ടും മിഷിഗണ്‍ ട്രംപ് പിടിച്ചു. കമലയുടെ വിശ്വാസ്യതാ നഷ്ടം അത്രമേല്‍ രൂക്ഷമായിരുന്നു. ട്രംപില്‍ നിന്ന് വ്യത്യസ്തമായ ഒരു നയം മുന്നോട്ട് വെക്കാന്‍ ഇപ്പോള്‍ ഭരണം കൈയിലുള്ള കമലയുടെ പാര്‍ട്ടിക്ക് സാധിച്ചില്ല. ബദല്‍ മുന്നോട്ട് വെക്കാതെ തീവ്രവലതുപക്ഷത്തിന്റെ മൃദു പതിപ്പുകള്‍ ആവര്‍ത്തിക്കുന്ന സര്‍വര്‍ക്കുമുള്ള പാഠമാണത്. മൃദു ട്രംപിസത്തേക്കാള്‍ നല്ലത് ട്രംപിസം തന്നെയല്ലേ. മൃദു ഹിന്ദുത്വത്തേക്കാള്‍ നല്ലത് ഹിന്ദുത്വ തന്നെയല്ലേയെന്ന് മനുഷ്യര്‍ ചിന്തിച്ചാല്‍ ഒരു രക്ഷയുമില്ല. ഫലസ്തീന്‍ വേദനക്ക് പരിഹാരം കാണാന്‍ ട്രംപിന് സാധിക്കുമെന്ന് വിശ്വസിക്കുന്ന അറബ് അമേരിക്കന്‍ വോട്ടര്‍മാര്‍ വന്‍തോതിലുണ്ടായിരുന്നുവത്രെ.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഡൊണാള്‍ഡ് ജെ ട്രംപ് എന്ന വൈറ്റ് സൂപ്രമാസിസ്റ്റ് (വെള്ള മേധാവിത്വവാദി) വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയിരിക്കുന്നു. സെനറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കൂടി കരുത്തറിയിച്ചതോടെ റിപബ്ലിക്കന്‍ പാര്‍ട്ടി അതിശക്തമായ നിലയിലാണ്. ഈ വിജയം ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ അടക്കം സര്‍വ തീവ്രവലതുപക്ഷക്കാരെയും ആവേശം കൊള്ളിക്കും. ഇതിനകം നവനാസി പാതയിലേക്ക് സഞ്ചരിച്ചു കഴിഞ്ഞ യൂറോപ്പ് കൂടുതല്‍ അപകടകരമായ നിലയിലേക്ക് കൂപ്പുകുത്താന്‍ ട്രംപ് പ്രചോദനമാകും. യു എന്നില്‍ അമേരിക്കയുടെ വീറ്റോ അധികാരം കൂടുതല്‍ ക്രൗര്യത്തോടെ വിനിയോഗിക്കപ്പെടും. ഇറാനുമേല്‍ കൂടുതല്‍ ശാസനകള്‍ പിറക്കും. ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മുമ്പില്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അടയും.

ട്രംപിന്റെ രണ്ടാം വരവ് അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ ചില ഗുണഫലങ്ങള്‍ ഉണ്ടാക്കുമെന്നത് കാണാതിരിക്കാനാകില്ല. കഴിഞ്ഞ ഊഴത്തിലേത് പോലെ ഇത്തവണയും ട്രംപ് യുദ്ധങ്ങള്‍ തുടങ്ങിവെക്കില്ല. നാറ്റോക്ക് യു എസ് ഫണ്ട് ചെയ്യുന്നത് നിര്‍ത്തും. യുക്രൈനുള്ള സൈനിക സഹായം നിയന്ത്രിക്കും. വിദേശ മണ്ണില്‍ യു എസ് സൈനിക സാന്നിധ്യം കുറയ്ക്കുകയെന്ന നയവും ട്രംപ് തുടരും. അഫ്ഗാനില്‍ നിന്ന് സൈനിക പിന്‍മാറ്റം നടത്തിയആളാണല്ലോ ട്രംപ്. എന്നാല്‍ ഇതൊന്നും യുദ്ധവിരുദ്ധത കൊണ്ടല്ല. മറിച്ച് അമേരിക്കന്‍ സമ്പത്ത് ഈ വക കാര്യങ്ങളിലേക്ക് ഒഴുകരുതെന്ന സാമ്പത്തിക യുക്തി കൊണ്ടാണ്. ആള്‍ക്ക് ബിസിനസ്സ് അറിയാം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്