wayand landslide
അവർ 29 പേർ ആരെന്നറിയില്ല; പുത്തുമലയിൽ അവർ ഒന്നിച്ചുറങ്ങും
154 ശരീര ഭാഗങ്ങളും പുത്തുമലയിൽ സംസ്കരിക്കുന്നു; ദുരന്തത്തിൽ അകപ്പെട്ട 180 ഓളം മനുഷ്യർ ഇപ്പോഴും കാണാമറയത്ത്
കൽപ്പറ്റ | മൂന്ന് ഗ്രാമങ്ങൾ ശ്മശാനഭൂമിയാക്കി മാറ്റിയ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 29 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയിൽ സംസ്കരിച്ചു. ഹാരിസൺ മലയാളം ലിമിറ്റഡ് പ്ലാന്റേഷനിലെ ശ്മശാനത്തിൽ സർവമത പ്രാർഥനയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഖബറിടത്തിൽ മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡി എൻ എ സാംപിൾ നമ്പർ രേഖപ്പെടുത്തിയാണ് സംസ്കരിക്കുന്നത്. ഡിഎൻഎ പരിശോധനാ ഫലം ലഭ്യമായാൽ ബന്ധുക്കൾക്ക് ഉറ്റവരുടെ ഖബറിടം കണ്ടെത്താൻ ഇത് സഹായകമാകും.
ദുരന്തത്തിൽ അകപ്പെട്ട 180 ഓളം മനുഷ്യർ ഇപ്പോഴും കാണാമറയത്താണ്. ഇവർക്കായി ഏറ്റവും ദുർഘടമായ പാതയിലൂടെ ചൊവ്വാഴ്ച മുതൽ തിരച്ചിൽ നടത്തും. സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിന്റെ ഇരുകരകളിലും നിലമ്പൂർ വരെയും ചൊവ്വാഴ്ച അന്വേഷണം നടത്താനാണ് തീരുമാനം. സൂചിപ്പാറക്ക് താഴെയുള്ള രണ്ട് വെള്ളച്ചാട്ടങ്ങളിലും പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കും. പരിശീലം ലഭിച്ച ഡോഗ് സ്‌ക്വാഡുമായാണ് തിരച്ചിൽ നടക്കുക.
തിങ്കളാഴ്ച നടത്തിയ തിരച്ചിലിൽ വയനാട്ടിൽ നിന്ന് അഞ്ചും നിലമ്പൂരിൽ നിന്ന് ഒരു മൃതദേഹവുമാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. 226 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആറ് സോണുകളിലായി നടന്ന തിരച്ചിലിൽ വിവിധ സേനകളിൽ നിന്നായി 1,174 പേർ പങ്കെടുത്തു. 112 ടീമുകളായി 913 വളണ്ടിയർമാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേർന്നു. സ്‌കൂൾ റോഡിലും പരിസരത്തും കൂടുതൽ യന്ത്രങ്ങൾ പരിശോധനക്കെത്തിച്ചു.
മൃതശരീരങ്ങൾ തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധന ഇപ്പോഴും തുടരുകയാണ്. ഇതിനായി 83 രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.