Connect with us

Articles

അവര്‍ക്ക് നന്നായറിയാം; കൊലയാളി മുസ്‌ലിം അല്ലെന്ന്

നിരാശയുടെയും പകയുടെയും പാരമ്യത്തില്‍ എക്സ് മുസ്‌ലിംകള്‍ എത്രമാത്രം അപകടകാരികളാകുമെന്നതിന് തെളിവാണ് മഗ്ഡെബര്‍ഗ് കൊലയാളി. ഡിസംബര്‍ മധ്യത്തില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സഖ്യം പൊളിയുകയും ഹിതപരിശോധനയില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്ത ഘട്ടത്തിലാണ് ഈ ഭീകരാക്രമണമെന്നത് ഏറെ പ്രധാനമാണ്.

Published

|

Last Updated

എക്സ് മുസ്‌ലിമെന്ന് സ്വയം പരിചയപ്പെടുത്തുന്നയാളാണ്. മുസ്‌ലിം വിരോധത്തിന്റെ കാളകൂട വിഷം വമിപ്പിക്കുന്നയാള്‍. ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമെതിരെ നുണകള്‍ പടച്ചുവിട്ട് സാമൂഹിക മാധ്യമങ്ങളില്‍ അനുയായികളെ കൂട്ടാന്‍ തത്രപ്പെടുന്നയാളാണ്. ഡോക്ടറാണെന്ന് പറയുന്നു. മുസ്‌ലിംകള്‍ക്ക് നേരെ വിദ്വേഷം പടര്‍ത്തി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന പാര്‍ട്ടികളോടാണ് അനുഭാവം. അവര്‍ക്ക് വേണ്ടി ആശയപരിസരമൊരുക്കാനാണ് ജീവിതം ഉഴിഞ്ഞു വെക്കുന്നത്. ഇസ്‌ലാം ഉപേക്ഷിച്ച് സമ്പൂര്‍ണ യുക്തിവാദിയായി എന്ന് പ്രഖ്യാപിക്കുകയും ഈ പാതയിലേക്ക് വിശ്വാസികളെ വലിച്ചിഴക്കുകയും ചെയ്യുമ്പോഴും പേര് ഉപേക്ഷിക്കാന്‍ തയ്യാറല്ല. നിഷ്‌കളങ്കരായ മനുഷ്യരെ ആശയക്കുഴപ്പത്തിലാക്കാന്‍ ഉപകരിക്കുമല്ലോ എന്ന് കരുതിയും തന്റെ രാഷ്ട്രീയ ഒക്കച്ചങ്ങായിമാരെ സുഖിപ്പിക്കാന്‍ വേണ്ടിയും ആ പേരങ്ങനെ കൊണ്ടുനടക്കുന്നു. ആരെക്കുറിച്ചാണ് ഈ പറയുന്നത്? നല്ല പരിചയം തോന്നുന്നുണ്ട് അല്ലേ. ജര്‍മനിയിലെ മഗ്ഡെബര്‍ഗ് നഗരത്തില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാറിടിച്ച് കയറ്റി അഞ്ച് പേരെ വകവരുത്തിയ ഭീകരവാദിയെക്കുറിച്ചാണ് ഈ പറഞ്ഞതെല്ലാം.

സഊദി അറേബ്യയില്‍ നിന്നുള്ള ഡോക്ടറാണ് ഭീകരാക്രമണം നടത്തിയ താലിബ് അല്‍ അബ്ദുല്‍ മുഹ്സിനെന്ന് പോലീസിനെ ഉദ്ധരിച്ച് ബി ബി സി റിപോര്‍ട്ട് ചെയ്യുന്നു. മാനസികരോഗ വിദഗ്ധനാണത്രെ. തന്നെപ്പോലെ ഇസ്ലാം ഉപേക്ഷിച്ച് ഗള്‍ഫ് നാടുകളില്‍ നിന്ന് വരുന്നവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനായി ഒരു വെബ്സൈറ്റ് നടത്തുന്നുണ്ട്. ഇസ്‌ലാം വിരുദ്ധതയും കുറേ ഗൂഢാലോചനാ സിദ്ധാന്തങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ളത്. ജര്‍മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ എഫ് ഡി)യുടെ പ്രവര്‍ത്തകനാണ് ഇയാള്‍. സഊദിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് 2006ല്‍ ജര്‍മനിയിലെത്തി. 2016ല്‍ അഭയാര്‍ഥി കാര്‍ഡ് തരപ്പെടുത്തി. മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് ജര്‍മനി അഭയം കൊടുക്കുന്നതിലാണ് ഇയാളുടെ കലി മുഴുവന്‍. കഴിഞ്ഞ ആഗസ്റ്റില്‍ ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ: ‘ജര്‍മനി ഇസ്‌ലാമികവത്കരിക്കപ്പെടാന്‍ പോകുകയാണ്. ഈ ദുരവസ്ഥക്കെതിരെ എന്തെങ്കിലും കനപ്പെട്ടത് ചെയ്തേ തീരൂ’. അയാള്‍ അത് നടപ്പാക്കിയിരിക്കുന്നു.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മാര്‍ക്കറ്റില്‍ തടിച്ചുകൂടിയ മനുഷ്യര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു ഈ ഭീകരന്‍. ഈ എക്സ് മുസ്‌ലിം ഭീകരന്റെ ലക്ഷ്യമെന്തായിരുന്നു? ജര്‍മനി പോലെ കുടിയേറ്റക്കാരോട് അനുഭാവപൂര്‍വം സമീപനമെടുക്കുന്ന ഒരു രാജ്യത്ത്, താലിബ് എന്ന് പേരുള്ള, സഊദിയില്‍ നിന്ന് വരുന്ന ഒരാള്‍, ക്രിസ്മസ് ആഘോഷത്തിലേക്ക് വണ്ടിയോടിച്ച് കയറ്റുമ്പോള്‍ ഉണ്ടാകാനിടയുള്ള വ്യാഖ്യാനങ്ങളും വിവാദവും രാഷ്ട്രീയ ചര്‍ച്ചകളും തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യം. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ആ ലക്ഷ്യം അയാള്‍ നേടി. കുടിയേറ്റക്കാരാണ് സര്‍വ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ആര്‍ത്തുവിളിച്ച് നാസി ഗ്രൂപ്പുകള്‍ രംഗത്തിറങ്ങി. താലിബ് എന്ന പേരും സഊദിയെന്ന ദേശവും മാത്രം മതിയായിരുന്നു അവര്‍ക്ക്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും മുന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലിന്റെയും കുടിയേറ്റ നയമാണ് ജര്‍മനിയെ അരക്ഷിതമാക്കിയതെന്ന് അവര്‍ വാദിച്ചു. തെരുവ് പ്രക്ഷുബ്ധമായി. താലിബ് ഇസ്‌ലാം മതം ഉപേക്ഷിച്ചതാണെന്ന വസ്തുത മറച്ചുവെച്ച്, മുസ്‌ലിം പേരുള്ള എല്ലാവരും പൊട്ടന്‍ഷ്യല്‍ ടെററിസ്റ്റുകളാണെന്ന് അലറി. 2016ല്‍ പടിഞ്ഞാറന്‍ ബെര്‍ലിനില്‍ ഐ എസ് തീവ്രവാദി ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ലോറി ഓടിച്ച് കയറ്റി 13 പേരെ വധിച്ചിരുന്നു. അന്ന് നടത്തിയ അതേ വിദ്വേഷ പ്രചാരണമാണ് എ എഫ് ഡി താലിബിനെ മുന്‍നിര്‍ത്തി നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ജര്‍മന്‍ പതിപ്പാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡ്യൂട്ട്ഷ്ലാന്‍ഡ് (ജര്‍മനി)- എ എഫ് ഡി. പാശ്ചാത്യ രാജ്യങ്ങളിലാകെ പടരുന്ന തീവ്രവലതുപക്ഷ തരംഗത്തിന് ജര്‍മനിയില്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി. തീവ്രദേശീയതയാണ് ഇവരുടെ പ്രത്യയശാസ്ത്രം. ആര്യന്‍ മേധാവിത്വത്തിനായി ഹിറ്റ്ലര്‍ കാണിച്ചു കൂട്ടിയ എല്ലാ ഫാസിസ്റ്റ് നടപടികളെയും ഇക്കൂട്ടര്‍ ആവേശത്തോടെ ആഘോഷിക്കുന്നു. ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നതില്‍ ലോകത്തെ ഏറ്റവും അപകടകരമായ തന്ത്രങ്ങള്‍ പയറ്റുന്ന ഗ്രൂപ്പ്. ഇവരുടെ യുവജന വിഭാഗമായ യു എഫ് ഡി തെരുവില്‍ കലാപവുമായിറങ്ങാന്‍ കാത്തിരിക്കുന്ന സാമൂഹികവിരുദ്ധരുടെ സംഘമാണ്. സര്‍വ കുടിയേറ്റക്കാരെയും അടിച്ചിറക്കണമെന്നും അതിര്‍ത്തിയടക്കണമെന്നും എ എഫ് ഡി ആക്രോശിക്കുന്നു. 2013ല്‍ രൂപവത്കൃതമായ എ എഫ് ഡി പാര്‍ട്ടി 11 വര്‍ഷം കൊണ്ട് അതിവേഗ വളര്‍ച്ചയാണ് കൈവരിച്ചത്. 2013ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം വോട്ട് പോലും ഈ പാര്‍ട്ടിക്ക് നേടാനായിരുന്നില്ല. ഒറ്റയാളും ബുണ്ടസ്റ്റാഗി(ജര്‍മന്‍ പാര്‍ലിമെന്റ്)ലെത്തിയില്ല. 2024ല്‍ എത്തുമ്പോള്‍ രാജ്യത്തെ രണ്ടാമത്തെ കക്ഷിയാണ് എ എഫ് ഡി. ഫെബ്രുവരിയില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭരണസഖ്യത്തെ തകര്‍ക്കാന്‍ നവനാസി കൂട്ടായ്മക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ദേശീയത ആളിക്കത്തിച്ചും മുസ്‌ലിം വെറുപ്പ് പടര്‍ത്തിയും ആരാധനാലയ തര്‍ക്കങ്ങള്‍ സൃഷ്ടിച്ചും ഇന്ത്യയില്‍ ബി ജെ പി നേടിയ മേല്‍ക്കൈക്ക് സമാനമാണ് എ എഫ് ഡിയുടെ ജൈത്രയാത്ര.

ഒരു എക്സ് മുസ്‌ലിം/യുക്തിവാദി എങ്ങനെയാണ് ഇത്തരമൊരു പാര്‍ട്ടിയുടെ അനുകൂലിയാകുന്നത്? ആ പാര്‍ട്ടിക്ക് കുടിയേറ്റവിരുദ്ധത കത്തിക്കാനായി ആളെക്കൊല്ലാന്‍ അയാള്‍ കാറുമായിറങ്ങുന്നതും ഇങ്ങ് കേരളത്തിലെ എക്സ് മുസ്‌ലിംകള്‍ നവനാസ്തിക സംഘങ്ങളില്‍ ചെന്ന് സംഘ്പരിവാര്‍ കോളാമ്പികള്‍ ആകുന്നതും തമ്മില്‍ വല്ലാത്ത സമാനതയുണ്ട്. ഇത് ഒരു ആഗോള പ്രതിഭാസമാണ്. കേവല യുക്തിവാദം മുസ്‌ലിം വിദ്വേഷത്തില്‍ മാത്രം കേന്ദ്രീകരിക്കുകയും അത് മുസ്‌ലിംകളോടുള്ള അടങ്ങാത്ത പകയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുമ്പോള്‍ തീവ്രവലതുപക്ഷ യുക്തികളിലേക്ക് ഇക്കൂട്ടര്‍ കൂപ്പുകുത്തുന്നു. അവര്‍ ഡൊണാള്‍ഡ് ട്രംപിന്റെയും ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും നരേന്ദ്ര മോദിയുടെയും ഡച്ച് നേതാവ് ഗീറ്റ്വൈല്‍ഡേഴ്സിന്റെയും ആരാധകരായിത്തീരുന്നു. യുക്തിവാദം മനുഷ്യത്വവിരുദ്ധമാകുന്നു. അത് അതിജീവന ശേഷിയുള്ളവരുടെ മാത്രം തത്ത്വശാസ്ത്രമാകുകയും ഹിറ്റ്ലറും ഗോഡ്സെയും ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. നിരാശയുടെയും പകയുടെയും പാരമ്യത്തില്‍ ഈ എക്സ് മുസ്‌ലിംകള്‍ എത്രമാത്രം അപകടകാരികളാകുമെന്നതിന് തെളിവാണ് മഗ്ഡെബര്‍ഗ് കൊലയാളി.

ഡിസംബര്‍ മധ്യത്തില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സഖ്യം പൊളിയുകയും ഹിതപരിശോധനയില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്ത ഘട്ടത്തിലാണ് ഈ ഭീകരാക്രമണമെന്നത് ഏറെ പ്രധാനമാണ്. ഫെബ്രുവരിയില്‍ രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സാമ്പത്തിക നയം, വിദേശനയം, തൊഴില്‍ തുടങ്ങി മനുഷ്യരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലാണ് ജര്‍മന്‍ രാഷ്ട്രീയം ഇപ്പോള്‍ ഊന്നുന്നത്. തികച്ചും പ്രതിലോമകരമായ സാമ്പത്തിക സിദ്ധാന്തങ്ങളാണ് എ എഫ് ഡിയടക്കമുള്ള നവനാസി പാര്‍ട്ടികള്‍ മുന്നോട്ട് വെക്കുന്നത്. ചര്‍ച്ച കുടിയേറ്റത്തിലേക്കും മുസ്‌ലിം പേടിയിലേക്കും കൊണ്ടുപോകാന്‍ ആ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നുണ്ട്. മഗ്ഡെബര്‍ഗ് കൊലയാളി ആ ആഗ്രഹം പൂര്‍ത്തീകരിച്ച് കൊടുത്തിരിക്കുന്നു. യു എസില്‍ ട്രംപിന് പണവും പ്രചാരണ പിന്തുണയും നല്‍കി അധികാരത്തിലെത്തിച്ച ‘എക്സ്’ ഉടമ ഇലോണ്‍ മസ്‌ക് ജര്‍മനിയിലും ചാടി വീണിട്ടുണ്ട്. ഒലാഫ് ഷോള്‍സ് കഴിവുകെട്ട ഭരണാധികാരിയാണെന്നും അക്രമം തടയാന്‍ അദ്ദേഹത്തിന് കഴിവില്ലെന്നും എ എഫ് ഡിയില്‍ മാത്രമാണ് ജര്‍മനിയുടെ രക്ഷയെന്നും അദ്ദേഹം തുറന്നടിച്ചു. കടുത്ത മുസ്‌ലിം വിരുദ്ധതയും വിദ്വേഷവും ഭീഷണിയും വിളമ്പാന്‍ താലിബിനെപ്പോലുള്ളവര്‍ക്ക് എക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ വിട്ടുകൊടുത്താണ് ഇലോണ്‍ മസ്‌ക് മുസ്ലിംകള്‍ ആക്രമിച്ചേ എന്ന് വിലപിക്കുന്നത്. മസ്‌കിന് നന്നായറിയാം ഈ കൊലയാളി മുസ്‌ലിം അല്ലെന്ന്. ജര്‍മനിയുടെ ഭാവി പ്രതീക്ഷയെന്ന് മസ്‌ക് വിശേഷിപ്പിച്ച എ എഫ് ഡിയുടെ ആളാണെന്നും അറിയാം. എല്ലാമറിഞ്ഞിട്ടും നുണ പറയുക തന്നെ. എല്ലാതരം ഫാസിസ്റ്റുകളുടെയും ആയുധം നുണയാണല്ലോ. ഗാന്ധിജിയെ കൊന്നത് ഒരു മുസ്‌ലിമാണെന്ന് അന്ന് ബിര്‍ളാ ഹൗസില്‍ തടിച്ചു കൂടിയവരില്‍ ചിലര്‍ വിളിച്ചു പറഞ്ഞിരുന്നുവല്ലോ. ഇന്ന് ആ വിളിച്ചു പറയല്‍ സാമൂഹിക മാധ്യമങ്ങളിലായി എന്നു മാത്രം. കേരളത്തിലെ ക്രിസ്ത്യന്‍ തീവ്രവാദി പ്രൊഫൈലുകള്‍ എത്ര വേഗമാണ് ജര്‍മനിയെച്ചൊല്ലി നുണ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്!

പാശ്ചാത്യ നാടുകളെ കാത്തിരിക്കുന്ന യഥാര്‍ഥ ഭീകരത ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നു ക്രിസ്മസ് മാര്‍ക്കറ്റില്‍. മതനിഷേധികളുടെയും നവനാസി ഗ്രൂപ്പുകളുടെയും ഇസ്‌ലാമോഫോബിക്കുകളുടെയും പിന്തുണയോടെ തഴച്ച് വളരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ പടിഞ്ഞാറിന്റെ എല്ലാ രാഷ്ട്രീയ മൂല്യങ്ങളെയും തകര്‍ത്തെറിഞ്ഞ് രഥയാത്ര നടത്തുകയാണ്. സ്വീഡനില്‍ ദി സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ബ്രിട്ടനില്‍ ദി യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി, നെതര്‍ലാന്‍ഡ്സില്‍ പാര്‍ട്ടി ഫോര്‍ ഫ്രീഡം, ഡെന്‍മാര്‍ക്കില്‍ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി, ബെല്‍ജിയത്തില്‍ ഫ്ളമിഷ് ഇന്ററസ്റ്റ് പാര്‍ട്ടി, ആസ്ത്രിയയില്‍ ഫ്രീഡം പാര്‍ട്ടി ഓഫ് ആസ്ത്രിയ, ഇറ്റലിയില്‍ ദി നോര്‍തേണ്‍ ലീഗ്, ഫ്രാന്‍സില്‍ മാരിനെ ലീ പെന്നിന്റെ നാഷനല്‍ റാലി പാര്‍ട്ടി, അമേരിക്കയില്‍ ട്രംപിസം കീഴടക്കിയ റിപബ്ലിക്കന്‍ പാര്‍ട്ടി… അവര്‍ എല്ലായിടത്തുമുണ്ട്. ഇവര്‍ പടച്ചുവിടുന്ന വിദ്വേഷത്തിന് ലോകത്തെയാകെ തരിപ്പണമാക്കാനുള്ള പ്രഹരശേഷിയുണ്ട്.

ക്രിസ്മസ് ദിനത്തില്‍ നഗരത്തില്‍ കാണുന്ന ഒരു മുസ്‌ലിമിനെയെങ്കിലും താന്‍ കൊല്ലുമെന്നാണ് വടക്കന്‍ ജര്‍മനിയിലെ ബ്രമര്‍ഹാവനില്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായ യുവാവ് ടിക്ടോക്കില്‍ പ്രഖ്യാപിച്ചത്. ഉള്ളിലാകെ പടര്‍ന്ന പക ഇങ്ങനെയാണ് പ്രവര്‍ത്തിക്കുക.

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest