Connect with us

Afghanistan crisis

താലിബാൻ ഇപ്പോള്‍ ഇവരുടെ കൈകളിൽ

2016ല്‍ അഫ്ഗാന്‍- പാക് അതിര്‍ത്തിയില്‍ വെച്ച് യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖ്താര്‍ മന്‍സൂറിന്റെ പിന്‍ഗാമിയായാണ് ഹൈബതുല്ല വരുന്നത്.

Published

|

Last Updated

അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്‍ സൈന്യത്തെ പുറത്താക്കാന്‍ അമേരിക്കയുടെ സഹായസഹകരണങ്ങളോടെയാണ് 1980കളില്‍ താലിബാന്‍ സ്ഥാപിതമാകുന്നത്. 1994ല്‍ ആഭ്യന്തര യുദ്ധത്തിലെ പ്രധാനിയായി താലിബാന്‍ മാറുകയും 1996ല്‍ രാജ്യത്തിന്റെ അധിക മേഖലകളും പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്നുള്ള കിരാത ഭരണവും ആക്രമണങ്ങളും അൽ ഖാഇദയുടെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണവും അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശവുമെല്ലാം സമീപകാല ചരിത്രങ്ങളാണ്. ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു. നിലവില്‍ താലിബാനെ നയിക്കുന്ന പ്രധാനികളായ ആറ് പേരെ അറിയാം:

ഹൈബതുല്ല അഖുന്‍സാദ

വിശ്വസ്ത നേതാവ് എന്നറിയവപ്പെടുന്ന ഹൈബതുല്ല അഖുന്‍സാദ താലിബാന്റെ പരമോന്നത നേതാവാണ്. സംഘത്തിന്റെ രാഷ്ട്രീയ, മതകീയ, സൈനിക കാര്യങ്ങളിലെ അവസാനവാക്ക്. 2016ല്‍ അഫ്ഗാന്‍- പാക് അതിര്‍ത്തിയില്‍ വെച്ച് യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖ്താര്‍ മന്‍സൂറിന്റെ പിന്‍ഗാമിയായാണ് ഹൈബതുല്ല വരുന്നത്. 2016 മെയ് മാസം പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് വരെ 15 വര്‍ഷത്തോളം തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ കുഛ്‌ലാകിലുള്ള മസ്ജിദിലായിരുന്നു ഹൈബതുല്ല.

മുല്ല മുഹമ്മദ് യാഖൂബ്

താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ മകനാണ് മുല്ല മുഹമ്മദ് യാഖൂബ്. സൈനിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു. നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെട്ടതോടെ താലിബാന്‍ മേല്‍നോട്ടം മുഴുവന്‍ ഏറ്റെടുക്കാന്‍ യാഖൂബിനെ പലപ്പോഴായി പ്രേരിപ്പിച്ചെങ്കിലും 2016ല്‍ അഖുന്‍സാദയുടെ പേര് യാഖൂബ് മുന്നോട്ടുവെക്കുകയായിരുന്നു. 30 വയസ്സ് പിന്നിട്ടിട്ടേയുള്ളൂവെന്നാണ് കരുതുന്നത്.

സിറാജുദ്ദീന്‍ ഹഖാനി

പ്രധാന കമാന്‍ഡര്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകനായ സിറാജുദ്ദീന്‍ ഹഖാനിയാണ് ഹഖാനി ശൃംഖലയുടെ മേല്‍നോട്ടം. പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാന്റെ സാമ്പത്തിക, സൈനിക വസ്തുവകകളുടെ മേല്‍നോട്ടം ഹഖാനി ഗ്രൂപ്പിനാണ്. അഫ്ഗാനില്‍ ആദ്യമായി ചാവേര്‍ ബോംബാക്രമണം നടത്തിയവര്‍ ഹഖാനികളാണ്. പ്രസിഡന്റായിരിക്കെ ഹാമിദ് കര്‍സായിയെ ലക്ഷ്യമിട്ടതും ഇന്ത്യന്‍ എംബസിയിലെതുമടക്കം നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഹഖാനി ഗ്രൂപ്പാണ്.

മുല്ല അബ്ദുല്‍ ഗാനി ബറാദര്‍

നിലവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട മുല്ല അബ്ദുല്‍ ഗാനി ബറാദര്‍ താലിബാന്റെ സഹസ്ഥാപകരിലൊരാളാണ്. ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ താലിബാനെ നയിച്ചത് ബറാദര്‍ ആയിരുന്നു. മുല്ല ഉമറിന്റെ വിശ്വസ്തനായ കമാന്‍ഡര്‍മാരിലൊരാളായ ബറാദറിനെ 2010ല്‍ കറാച്ചിയില്‍ വെച്ച് സുരക്ഷാ സേന പിടികൂടിയിരുന്നു. 2018ല്‍ വിട്ടയച്ചു.

ഷേര്‍ മുഹമ്മദ് അബ്ബാസ് സ്തനിക്‌സായി

മുമ്പ് താലിബാന്‍ സര്‍ക്കാറില്‍ ഉപ മന്ത്രിയായിരുന്നു. ഒരു പതിറ്റാണ്ടോളം ദോഹയില്‍ ജീവിച്ച സ്തനിക്‌സായി 2015 മുതല്‍ അവിടെയുള്ള താലിബാന്‍ രാഷ്ട്രീയ ഓഫീസിന്റെ തലവനായിരുന്നു. അഫ്ഗാന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്.

അബ്ദുല്‍ ഹക്കീം ഹഖാനി
താലിബാന്‍ ചര്‍ച്ചാ സംഘത്തിന്റെ തലവനായിരുന്നു. താലിബാന്റെ മുന്‍ ചീഫ് ജസ്റ്റിസായ ഹക്കീം, പ്രബല സമിതിയുടെ നേതാവ് കൂടിയാണ്.

---- facebook comment plugin here -----

Latest