National
മോഷ്ടാവ് ചമഞ്ഞ് മുത്തശ്ശിയുടെ സ്വര്‍ണം കവര്‍ന്നു; യുവാവ് പിടിയില്‍
റമസാന്‍ വ്രതാരംഭത്തിൻ്റെ അത്താഴം കഴിഞ്ഞ സമയത്തായിരുന്നു മോഷണം

മംഗളൂരു | മോഷ്ടാവ് ചമഞ്ഞ് 92 വയസ്സുള്ള സ്വന്തം മുത്തശ്ശിയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ യുവാവ് പിടിയിലായി. അജ്ഞാത പുരുഷന്‍ വീട്ടില്‍ അതിക്രമിച്ചു കയറി തന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായി വയോധിക പരാതിപ്പെട്ടതോടെയാണ് അന്വേഷണം നടന്നത്. സംഭവത്തില്‍ താജമ്മുള്‍ ഹസന്‍ അസ്‌കേരിയെ(33) യാണ് ഭട്കല്‍ ടൗണ്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം. അന്വേഷണത്തെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി പ്രതി അറസ്റ്റിലാവുകയായിരുന്നു. മുത്തശ്ശിയെ കെട്ടിയിട്ടാണ് മോഷണം നടത്തിയത്. റമസാന്‍ വ്രതം അനുഷ്ഠിക്കുന്നതിന് അത്താഴം കഴിച്ച ശേഷം വീട്ടിലെ സ്ത്രീകള്‍ പ്രാര്‍ഥനയിലായിരുന്നു. പുരുഷന്മാര്‍ ഈ സമയം പള്ളിയില്‍ നിസ്‌കാരരത്തിനും പോയി. ഈ സമയത്താണ് കവര്‍ച്ച നടന്നത്.
സഹായത്തിനായി മറ്റുള്ളവരെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമി വായ മൂടി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന് വൃദ്ധ പറഞ്ഞു. വീട്ടിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് നാല് മിനിട്ടുനുള്ളില്‍ കുറ്റകൃത്യം നടന്നതായും പ്രതി തടസ്സമില്ലാതെ അകത്തുകടന്ന് പോയതായും വ്യക്തമായി.
കവർച്ചക്ക് ശേഷം കുറ്റവാളിയെ കണ്ടെത്താൻ അധികാരികളെ സഹായിക്കുന്നതായി നടിച്ച് മുത്തശ്ശിക്കുവേണ്ടി പ്രതി തന്നെ പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണം പുരോഗമിക്കുമ്പോൾ, പോലീസിന് അയാളുടെ നീക്കങ്ങളിൽ സംശയം തോന്നി. ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു.