Connect with us

Editors Pick

മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മീൻ ഐസ് കട്ടകൾ നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ അല്ലെങ്കിൽ അല്പം വെള്ളം നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

Published

|

Last Updated

തിരക്കിട്ട ജീവിതരീതിയും ഒട്ടേറെ പ്രശ്നങ്ങളുമൊക്കെയായി നടക്കുന്ന നമ്മൾക്ക് വലിയൊരു ആശ്വാസമാണ് ഫ്രിഡ്ജ്. നാലുദിവസത്തേക്കുള്ള ഭക്ഷണം ഒരുമിച്ചുണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് പലരും. മീനിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഒരാഴ്ചത്തേക്കുള്ള മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരും ചുരുക്കമല്ല. നമ്മൾ വാങ്ങുന്ന മീനിനെ എങ്ങനെ ഫ്രഷായി ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നതിനെക്കുറിച്ച് നോക്കാം

മീൻ വാങ്ങുന്നതിനു മുൻപ് അത് ഫ്രഷ് ആണോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഫ്രഷായ മീനിന് തിളക്കമുള്ള കണ്ണുകളും ചുവന്ന ചെതുമ്പലുകളും ആയിരിക്കും. മീൻ വാങ്ങിയ ഉടൻ അത് വൃത്തിയാക്കി കഴുകി അഴുക്ക്, ചെതുമ്പൽ എന്നിവ നീക്കം ചെയ്യണം.

ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മീൻ ഐസ് കട്ടകൾ നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ അല്ലെങ്കിൽ അല്പം വെള്ളം നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ആക്കി വയ്ക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിന്റെ ഫ്രീസറിൽ ആണ് മീൻ സൂക്ഷിക്കേണ്ടത്. വായു കടക്കാത്ത രീതിയിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ പൊതിഞ്ഞുവേണം മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ.

മീൻ ഫ്രിഡ്ജിൽ നിന്ന് എടുത്ത് ഉപയോഗിക്കുമ്പോൾ ഫ്രീസ് ചെയ്ത മീൻ ഉടൻ പാകം ചെയ്യരുത്. ഇതിലുള്ള ഐസ് കട്ടകൾ എല്ലാം പോയി സാധാരണ നിലയിൽ എത്തിയതിനു ശേഷം വേണം പാചകം ചെയ്യാൻ. ഒരുപാട് ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മീനുകളിൽ ദുർഗന്ധം, നിറംമാറ്റം, വെള്ളമൊലിപ്പ് എന്നിവ കണ്ടാൽ അത്തരം മീനുകൾ ഉപയോഗിക്കരുത്.

ഓരോ തവണയും ഫ്രിഡ്ജിൽ നിന്ന് എടുത്ത ശേഷം മീൻ ഉടൻ തന്നെ തിരികെ വെക്കുവാനും ശ്രദ്ധിക്കുക. പഴയ മീനിനൊപ്പം പുതിയ മീൻ സൂക്ഷിക്കരുത്. പഴയ മീൻ പുതിയ മീനിന് മുൻപ് ഉപയോഗിച്ച് തീർക്കണം.

മീൻ നാരങ്ങാനീരിലോ ഉപ്പ് വെള്ളത്തിലോ മുക്കിവച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും നല്ലതാണ്. മഞ്ഞൾപൊടിയും ഉപ്പും മുളകുപൊടിയും പുരട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മീനിന്റെ പുതുമ നില നിർത്താനും സാധിക്കും.

ഇനി മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഒരുങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കേണ്ട. മാത്രമല്ല ഒരുപാട് ദിവസം മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കാത്തതാണ് നല്ലത്. മൂന്നോ നാലോ ദിവസത്തേക്കുള്ള മീൻ ഫ്രിഡ്ജിൽ വാങ്ങി വയ്ക്കുന്നതൊന്നും കുഴപ്പമില്ല. എന്നാൽ ഒന്നു രണ്ടാഴ്ചത്തേക്കുള്ള മീൻ ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നിങ്ങൾക്ക് ഫുഡ്‌ ഇൻഫെക്ഷൻ ഉണ്ടാവാൻ കാരണമാകുമെന്ന് ഓർക്കുക.

Latest