Ongoing News
മുംബൈക്ക് മൂന്നാം തോല്‍വി; മൂന്നാം ജയത്തോടെ രാജസ്ഥാന്‍ ഒന്നാമത്
പാണ്ഡ്യയുടെ സംഘത്തെ കുറഞ്ഞ സ്‌കോറിന് കശക്കിയെറിഞ്ഞ ബൗളര്‍മാരാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
മുംബൈ | ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈക്ക് ഐ പി എലിലെ ശനിദശ തുടരുന്നു. തോല്‍വിയില്‍ മുംബൈ ഹാട്രിക് പൂര്‍ത്തിയാക്കി. ഇന്നത്തെ അങ്കത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് മുംബൈയെ ആറ് വിക്കറ്റിന് തകര്‍ത്തത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സഞ്ജു സാംസണും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
പാണ്ഡ്യയുടെ സംഘത്തെ കുറഞ്ഞ സ്‌കോറിന് കശക്കിയെറിഞ്ഞ ബൗളര്‍മാരാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. തങ്ങളുടെ കേന്ദ്രമായ വാംഖഡെയിലാണ് പരാജയമേറ്റു വാങ്ങേണ്ടി വന്നത് എന്നത് മുംബൈക്ക് ഇരട്ട പ്രഹരമായി. മുംബൈ അവസാന സ്ഥാനത്ത് തുടരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 125 റണ്‍സില്‍ പിടിച്ചുകെട്ടിയ രാജസ്ഥാന്‍ 27 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. 39 പന്തില്‍ പുറത്താകാതെ 54 റണ്‍സെടുത്ത റിയാന്‍ പരാഗിന്റെ ബാറ്റിംഗാണ് രാജസ്ഥാന്റെ ജയം എളുപ്പമാക്കിയത്. പരാഗിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. എട്ട് റണ്‍സുമായി ശുഭം ദുബെ പരാഗിന് കൂട്ടുനിന്നു.
യശസ്വി ജയ്സ്വാള്‍ (പത്ത്), സഞ്ജു സാംസണ്‍ (12), ജോസ് ബട്്ലര്‍ (13) എന്നിവരെ നഷ്ടമായി 6.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 48 എന്ന നിലയില്‍ രാജസ്ഥാന്‍ പതറിയെങ്കിലും പരാഗിന്റെയും അശ്വിന്റെയും (16) ഇന്നിംഗ്സിലൂടെ റോയല്‍സ് വിജയം കണ്ടു.
നേരത്തേ, രാജസ്ഥാന്‍ ബൗളര്‍മാരുടെ കനത്ത ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 125 റണ്‍സെടുത്തത്. 21 പന്തില്‍ 34 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. തിലക് വര്‍മ 29 പന്തില്‍ 32 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ (14 പന്തില്‍ 16), ടിം ഡേവിഡ് (24 പന്തില്‍ 17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍.
നേരിട്ട ആദ്യ പന്തില്‍ രോഹിത് ശര്‍മ പുറത്തായി. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു സാംസണിന്റെ മനോഹരമായ ക്യാച്ചിലൂടെയായിരുന്നു രോഹിതിന്റെ മടക്കം. തൊട്ടടുത്ത പന്തില്‍ നമന്‍ ദീറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ബോള്‍ട്ട് മുംബൈയെ വിറപ്പിച്ചു. ഡേവാള്‍ഡ് ബ്രെവിസിനും ഒരു പന്ത് മാത്രമായിരുന്നു ആയുസ്സ്. ബോള്‍ട്ടിന്റെ പന്തില്‍ നാന്ദ്രെ ബര്‍ഗറിന് ക്യാച്ച്.
പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഇഷാന്‍ കിഷനെ (14 പന്തില്‍ 16) ബര്‍ഗറിന്റെ പന്തില്‍ സഞ്ജു പിടിച്ചു പുറത്താക്കി. മുംബൈ 3.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടമായപ്പോള്‍ മുംബൈയുടെ അക്കൗണ്ടില്‍ 20 റണ്‍സ് മാത്രം. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ-തിലക് വര്‍മ കൂട്ടുകെട്ട് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മുംബൈക്ക് അല്‍പ്പം ആശ്വാസമായി. സ്‌കോര്‍ 76ല്‍ നില്‍ക്കെ പാണ്ഡ്യയെ യുസ്്വേന്ദ്ര ചഹല്‍ റോവ്്മാന്‍ പവലിന്റെ കൈകളിലെത്തിച്ചു. ആറ് ബൗണ്ടറികളടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്.
16ാം ഓവറില്‍ തിലക് വര്‍മയും മടങ്ങുമ്പോള്‍ സ്‌കോര്‍ 95. പിന്നീട് ടിം ഡേവിഡും ജസ്പ്രീത് ബുംറയും (എട്ട്) ചേര്‍ന്നാണ് സ്‌കോര്‍ നൂറ് കടത്തിയത്. രാജസ്ഥാനു വേണ്ടി ട്രെന്റ്‌ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും മൂന്ന് വിക്കറ്റ് വീതം നേടി. ബര്‍ഗറിന് രണ്ടും ആവേശ് ഖാന് ഒരു വിക്കറ്റും ലഭിച്ചു. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചാഹല്‍ മൂന്ന് വിക്കറ്റെടുത്തത്.