Connect with us

National

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരം; പാര്‍ലമെന്റില്‍ പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യ സംഖ്യം

ബജറ്റ് അവതരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യ സംഖ്യനേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സംഖ്യം ഇന്ന് പാര്‍ലമെന്റില്‍ വലിയ പ്രതിഷേധം നടത്തും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നാണ് ഇന്ത്യ സംഖ്യത്തിന്റെ വിമര്‍ശനം.

ബജറ്റ് അവതരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യ സംഖ്യനേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.തുടര്‍ന്നാണ് ഇന്ന് പാര്‍ലമെന്റില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ തീരുമാനമായത്.

ബജറ്റ് എന്ന സങ്കല്‍പ്പം തന്നെ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് തകര്‍ത്തു. മിക്ക സംസ്ഥാനങ്ങളോടും വലിയ വിവേചനം കാണിച്ചിരിക്കുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തണമെന്നാണ് ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളുടേയും തീരുമാനമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് കസേര സംരക്ഷണ ബജറ്റെന്ന് (കുര്‍സി കൊ ബച്ചാവോ ബജറ്റ്) ഇന്നലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക കോപ്പിയടിച്ചതാണ്. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ അവര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. സാധാരണ ഇന്ത്യക്കാര്‍ക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന എംപി സഞ്ജയ് റാവത്ത്, ഡിഎംകെ എംപി ടി ആര്‍ ബാലു തുടങ്ങിയവരും തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി നേതാക്കളുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.