siraj editorial
മൂന്നാം തരംഗം: ഇന്ത്യയും ഭീതിയില്‍
കേരളത്തിലുമെത്തിയിട്ടുണ്ട് ഒമിക്രോണ്‍ രോഗബാധ. പതിനഞ്ച് പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. വ്യാപനം നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. രോഗികളുടെ എണ്ണം കൂടിയാല്‍ അവരെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജീകരണങ്ങള്‍ നടത്തിവരികയാണ്.
കൊവിഡിന്റെ മൂന്നാം തരംഗമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണ്. 230 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്, 65 പേര്‍. 54 രോഗികളുള്ള ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പ്രതിരോധത്തിന് നിലവിലുള്ള വാക്‌സീന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറയുന്നു.
യു കെയിലും ഫ്രാന്‍സിലുമുള്ള രോഗബാധയുടെ വ്യാപന തോത് പരിഗണിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര ശ്രദ്ധയും ജാഗ്രതയും കാണിച്ചില്ലെങ്കില്‍ ഇന്ത്യയിലും പ്രതിദിനം ലക്ഷക്കണക്കിന് പേരിലേക്ക് വ്യാപിക്കാന്‍ ഏറെ താമസമുണ്ടാകില്ലെന്നാണ് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുടെ മുന്നറിയിപ്പ്. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കണമെന്നും ദീര്‍ഘ വീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തില്‍ കൂടുതലുള്ളതോ, തീവ്രപരിചരണ വിഭാഗത്തില്‍ 40 ശതമാനം രോഗികള്‍ ഉള്ളതോ ആയ ഇടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കണം. ആവശ്യമെങ്കില്‍ നൈറ്റ് കര്‍ഫ്യൂ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജര്‍, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവ ക്രമീകരിക്കാകുന്നതാണ്. ഒമിക്രോണ്‍ ഭീഷണിയോടൊപ്പം തന്നെ ഡെല്‍റ്റ വകഭേദം ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന ഇടങ്ങളുണ്ടെന്നും സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉണര്‍ത്തുന്നു. വീടുകള്‍തോറുമുള്ള പരിശോധന നടത്താനും എല്ലാ കൊവിഡ് രോഗികളുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനും പദ്ധതിയുണ്ട്.
ഒമിക്രോണ്‍ പ്രതിരോധത്തിന്റെ ഭാഗമായി ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനത്തിന്റെ നിര്‍ദേശം. പല യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്. അവധി ദിനങ്ങളിലെയും ആഘോഷ വേളകളിലെയും ഒത്തുകൂടലുകള്‍ രോഗവ്യാപനവും മരണനിരക്കും ഉയര്‍ത്താന്‍ കാരണമാകും. മഹാമാരി എല്ലാവരിലും മടുപ്പുളവാക്കിയിട്ടുണ്ടെന്നത് ശരിയാണ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളുടെ കൂടെയുമെല്ലാം സമയം ചെലവഴിക്കാന്‍ ഏവരും ആഗ്രഹിക്കുന്നതും സ്വാഭാവികം. എന്നാല്‍ പ്രയാസമേറിയ ഈ ഘട്ടത്തില്‍ ലോകനേതാക്കളും ജനങ്ങളും കൂട്ടായി ഉറച്ച തീരുമാനങ്ങളെടുക്കുകയും അതിലൂടെ നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവന്‍ സംരക്ഷിക്കുകയും വേണം. ഒരു ജീവന്‍ ഇല്ലാതാകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഒരു ചടങ്ങ് ഒഴിവാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം രോഗവ്യാപനം ശക്തമാണ്. യു കെയില്‍ ദിനംപ്രതി ലക്ഷത്തോളം പേര്‍ക്കാണ് രോഗപ്പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. യു എസില്‍ അതിവേഗത്തിലാണ് രോഗം പടരുന്നതെന്നും വാക്സീന്‍ എടുത്തവരില്‍ പോലും ഒമിക്രോണ്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തിലുമെത്തിയിട്ടുണ്ട് രോഗബാധ. പതിനഞ്ച് പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. വ്യാപനം നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. രോഗികളുടെ എണ്ണം കൂടിയാല്‍ അവരെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജീകരണങ്ങള്‍ നടത്തിവരികയാണ്. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പ് വരുത്താനും മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈനും എഴ് ദിവസം സ്വയം നിരീക്ഷണവും മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണവുമാണ് നിഷ്‌കര്‍ശിച്ചത്. ഇവര്‍ ഒരു കാരണവശാലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കൊവിഡ് പോസിറ്റീവ് ആയാല്‍ ജനിതക പരിശോധനക്ക് അയക്കും. പെട്ടെന്നൊരു സ്ഥലത്ത് ക്ലസ്റ്റര്‍ ഉണ്ടായാല്‍ അവിടെ നിന്നുള്ള സാമ്പിളുകളും ജനിതക പരിശോധനക്ക് അയക്കും. ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ നെഗറ്റീവായാല്‍ തന്നെയും നിരീക്ഷിച്ച ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു. എങ്കിലും സംസ്ഥാനത്ത് 75 ശതമാനമാളുകളും രണ്ട് വാക്സീനുകളെടുത്ത സാഹചര്യത്തില്‍ രോഗവ്യാപനം ഭീതിദമായ സ്ഥിതിവിശേഷത്തിലെത്താന്‍ സാധ്യതയില്ലെന്ന ആശ്വാസത്തിലാണ് അധികൃതര്‍. വാക്സീന്‍ നല്‍കാന്‍ ലക്ഷ്യം വെച്ച 2.66 കോടിയാളുകളില്‍ 2,00,32,229 പേരും രണ്ട് ഡോസും എടുത്തു കഴിഞ്ഞു. 98 ശതമാനം പേര്‍ക്ക് ആദ്യ ഡോസും നല്‍കിയിട്ടുണ്ട്. ദേശീയ ശരാശരി യഥാക്രമം ഇത് 58.98 ശതമാനവും 88.33 ശതമാനവുമാണ്. എങ്കിലും സംസ്ഥാനത്തും അതിര്‍ത്തി സംസ്ഥാനങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതിലും അലംഭാവം അരുത്.