congress issue
കേരളത്തിലെ കോണ്‍ഗ്രസില്‍ 'പ്രതികാര' ദാഹം; താരിഖ് അന്‍വറിന്റെ വരവു തടയാന്‍ നീക്കം
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വേറെ പാര്‍ട്ടി ഉണ്ടാക്കി പുറത്തുപോകണമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും ചെയ്തതിന്റെ ഫലങ്ങള്‍ ഓരോരുത്തരും അനുഭവിക്കുമെന്ന കെ മുരളീധന്റെയും പരാമര്‍ശങ്ങള്‍ സോണിയാ ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണ് പ്രതികാര ദാഹത്തോടെയാണ് കേരളത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നത് എന്നു സോണിയാ ഗാന്ധിക്കു ബോധ്യപ്പെട്ടത്.
കോഴിക്കോട് | ഡി സി സി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പു മറയാക്കി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ‘അവസാനിപ്പി’ക്കാനുള്ള ആസൂത്രിത നീക്കം ബോധ്യപ്പെട്ടതോടെ സോണിയാ ഗാന്ധി വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെ സോണിയാ ഗാന്ധി അടിയന്തിരമായി കേരളത്തിലേക്ക് അയക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സോണിയാ ഗാന്ധി വിഷയത്തില്‍ ഇടപെടുന്നു എന്നു ബോധ്യപ്പെട്ടതോടെയാണ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും വീട്ടില്‍ ചെന്നു കണ്ട് ഒത്തു തീര്‍പ്പിന് നേതൃത്വം തയ്യാറായത് എന്നാണു വിവരം.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വേറെ പാര്‍ട്ടി ഉണ്ടാക്കി പുറത്തുപോകണമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും ചെയ്തതിന്റെ ഫലങ്ങള്‍ ഓരോരുത്തരും അനുഭവിക്കുമെന്ന കെ മുരളീധന്റെയും പരാമര്‍ശങ്ങള്‍ സോണിയാ ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണ് പ്രതികാര ദാഹത്തോടെയാണ് കേരളത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നത് എന്നു സോണിയാ ഗാന്ധിക്കു ബോധ്യപ്പെട്ടത്. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ്സിനെ സൃഷ്ടിക്കാന്‍ എന്ന പേരില്‍ കെ സുധാകരനും വി ഡി സതീശനും കെ സി വേണു ഗോപാലും ചേര്‍ന്നു നടത്തിയ നീക്കങ്ങള്‍ വൈരാഗ്യം മുന്‍നിര്‍ത്തിയുള്ള ഹീന നീക്കമായിരുന്നു എന്നു കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതില്‍ എ ഐ ഗ്രൂപ്പുകള്‍ വിജയം കണ്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ താരിഖ് അന്‍വറിന്റെ വരവു തടയുന്നതിനുള്ള അടവുകളാണ് ഇപ്പോള്‍ കെ സുധാകരന്‍ നടത്തുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസ്സിനെ അര്‍ധ കേഡര്‍ പാര്‍ട്ടിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഹൈക്കമാന്റ് പൂട്ടിടും എന്ന ഭീതി പടര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ അവഗണിച്ചതുമൂലം മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയാണ് ഹൈക്കമാന്റിനെ പുനര്‍ ചിന്തനത്തിനു പ്രേരിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും തരിഖ് അന്‍വര്‍ ഇനി കേരളത്തിലേക്കു വരേണ്ട ആവശ്യമില്ലെന്നും കെ സുധാകരന്‍ പ്രഖ്യാപിച്ചത് ഈ ഭയപ്പാടില്‍ നിന്നാണ്.
കേരളത്തില്‍ നേതൃപദവി ഏറ്റെടുത്തവര്‍ പ്രതികാര ദാഹത്തോടെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്നു സോണിയഗാന്ധി നിര്‍ദ്ദേശം നല്‍കിയതോടെയാണ് നേതൃത്വം മുതിര്‍ന്ന നേതാക്കളെ വീട്ടില്‍ ചെന്നു കണ്ടതെന്നാണു വിവരം. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിധിവിട്ടതോടെ സോണിയ ഗാന്ധി താരീഖ് അന്‍വറിനെ അതൃപ്തി അറിയിക്കുകയായിരുന്നു.
കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ നല്‍കിയ പരാതിയില്‍ സ്ഥാനങ്ങള്‍ ഗ്രൂപ്പുകള്‍ക്കു പങ്കിടണമെന്ന ആവശ്യമായിരുന്നില്ല ഉണ്ടായിരുന്നത്. പ്രതികാര ദാഹത്തോടെ ചിലര്‍ കരുക്കള്‍ നീക്കുന്നു എന്നതായിരുന്നു പരാതിയുടെ കാതല്‍.
തുടര്‍ന്നാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന നിര്‍ദേശം താരിഖ് അന്‍വറിന് സോണിയാഗാന്ധി നല്‍കിയത്്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അവരുടെ വീടുകളില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെങ്കിലും രണ്ടു നേതാക്കളും ഹൈക്കമാന്റിനു മുന്നില്‍ എത്തിച്ച പരാതി ഗൗരവമായി നിലനില്‍ക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന കെ പി സി സി, ഡി സി സി ഭാരവാഹികളുടെ നിയമനത്തിലും മുതിര്‍ന്ന നേതാക്കളെ മൂലക്കിരുത്താനുള്ള നീക്കമാണ് ഇതോടെ പാളിയത്. ഭാരവാഹികളുടെ നിയമനത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് പ്രസിഡന്റിനു നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നേതാക്കള്‍ ഉമ്മന്‍ ചാണ്ടി ചെന്നിത്തല എന്നിവരുമായി വീണ്ടും വിശദമായ ചര്‍ച്ചകള്‍ നടത്തും. പുനസ്സംഘടന ഉടന്‍ പൂര്‍ത്തിയാക്കാന്‍ മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനായിരിക്കും നേതാക്കള്‍ ഇനി കരുനീക്കുക.
അനുനയത്തിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. എന്നാല്‍ അവനവന്‍ ചെയ്തതിന്റെ ഫലം അനുഭവിക്കും എന്നു കെ മുരളീധരന്റെ പ്രതികരണം അവഗണിക്കാനാണ് നീക്കം. മുരളീധരനെ പ്രകോപിപ്പിച്ചാല്‍ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയുമെന്നതിനാലാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ തല്‍ക്കാലം അവഗണിക്കുന്നത്.