Connect with us

Uae

മുപ്പത്തിയേഴ് വിദ്യാലയ റോഡുകള്‍ നവീകരിച്ചു

ഈ നടപടി സ്‌കൂള്‍ യാത്രാ സമയം 15 ശതമാനം മുതല്‍ 20 ശതമാനം വരെ കുറക്കുന്നു

Published

|

Last Updated

ദുബൈ| മുപ്പത്തിയേഴ് വിദ്യാലയ റോഡുകള്‍ നവീകരിച്ചതായി ആര്‍ ടി എ. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് എട്ട് പ്രധാന ട്രാഫിക് മെച്ചപ്പെടുത്തലുകള്‍ പൂര്‍ത്തിയാക്കി. ഈ നടപടി സ്‌കൂള്‍ യാത്രാ സമയം 15 ശതമാനം മുതല്‍ 20 ശതമാനം വരെ കുറക്കുന്നു. റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ആര്‍ ടി എയുടെ വിപുലമായ ആസൂത്രണത്തിന്റെ ഭാഗമാണ് ഈ സംരംഭം. വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ തുടങ്ങി റോഡ് ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനാണ് മെച്ചപ്പെടുത്തലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നു.

ഉമ്മു സുഖീം സ്ട്രീറ്റിലെ കിംഗ്‌സ് സ്‌കൂള്‍ ദുബൈ, ദി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ചൗഇഫാത്ത്, ഹിസ്സ സ്ട്രീറ്റിലെ ദുബൈ കോളജ്, അല്‍ സഫ സ്‌കൂള്‍ കോംപ്ലക്‌സ്, അല്‍ വര്‍ഖ 4ലെ സ്‌കൂള്‍ ഓഫ് റിസര്‍ച്ച് സയന്‍സ്, അല്‍ ഖിസൈസ് സ്‌കൂള്‍ കോംപ്ലക്‌സ്, മിസ്ഹാര്‍ സ്‌കൂള്‍ കോംപ്ലക്സ്, നാദ് അല്‍ ശിബ സ്‌കൂള്‍ കോംപ്ലക്സ്, അല്‍ തവാര്‍ സ്‌കൂള്‍ കോംപ്ലക്സ് 2 എന്നിവയുള്‍പ്പടെ നിരവധി പ്രധാന മേഖലകളിലാണ് നവീകരണം നടത്തിയത്.

തെരുവുകള്‍ വിശാലമാക്കുക, ജീവനക്കാര്‍ക്കും രക്ഷിതാക്കള്‍ക്കുമായി അധിക പാര്‍ക്കിംഗ് ഇടങ്ങള്‍ സൃഷ്ടിക്കുക, സ്‌കൂള്‍ പ്രവേശനങ്ങളും പുറത്തുകടക്കലും മെച്ചപ്പെടുത്തുക, ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിടുക എന്നിവ നടപ്പിലാക്കി. വിദ്യാര്‍ഥികളെ സുരക്ഷിതമായി പിക്ക് അപ്പ് ചെയ്യുന്നതിനും ഇറക്കുന്നതിനും സൗകര്യമൊരുക്കുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചു 2025-ന്റെ തുടക്കത്തില്‍, അല്‍ ഗര്‍ഹൂദ്, അല്‍ ബര്‍ശ 1, അല്‍ വര്‍ഖ, അല്‍ ബര്‍ശ സൗത്ത് തുടങ്ങി പ്രധാന മേഖലകളിലെ 13-ലധികം സ്‌കൂളുകളെ ഉള്‍പ്പെടുത്തി നവീകരിക്കും. കൂടാതെ, ഈ പ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് യാത്രാസമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി ഒരു പ്രവര്‍ത്തന പദ്ധതി വികസിപ്പിക്കും.

 

 

 

Latest