Kerala
'തിരുനബിയുടെ സ്നേഹലോകം': കേരള മുസ്‌ലിം ജമാഅത്ത് മീലാദ് റാലി നാളെ
സെപ്തംബർ പതിനാറ് മുതൽ ഒക്ടോബർ പതിനഞ്ച് വരെ നീളുന്ന കാമ്പയിന്റെ ഭാഗമായി പ്രവാചക ദർശനങ്ങളുടെ സമകാലിക വായനയിൽ ഊന്നിക്കൊണ്ടുള്ള ബഹുതല സ്പർശിയായ പരിപാടികൾ കേരള മുസ്‌ലിം ജമാഅത്ത് ആവിഷ്കരിച്ചിട്ടുണ്ട്.
കോഴിക്കോട് | തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകൾ മീലാദ് കാമ്പയിന്റെ ഭാഗമായി നാളെ (വെള്ളി) സംസ്ഥാനത്തെ 123 സോണുകളിൽ മീലാദ് റാലി നടത്തും. വെള്ളിയാഴ്ച വൈകുന്നേരം 4.15ന് ആരംഭിക്കുന്ന മീലാദ് റാലിയിൽ മഹല്ല് ഭാരവാഹികളും കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്.ജെ.എം പ്രവർത്തകരും അണിനിരക്കും. സോൺ നേതാക്കൾ റാലിക്ക് നേതൃത്വം നൽകും.
സെപ്തംബർ പതിനാറ് മുതൽ ഒക്ടോബർ പതിനഞ്ച് വരെ നീളുന്ന കാമ്പയിന്റെ ഭാഗമായി പ്രവാചക ദർശനങ്ങളുടെ സമകാലിക വായനയിൽ ഊന്നിക്കൊണ്ടുള്ള ബഹുതല സ്പർശിയായ പരിപാടികൾ കേരള മുസ്‌ലിം ജമാഅത്ത് ആവിഷ്കരിച്ചിട്ടുണ്ട്. പതിനാല് ജില്ലാ കേന്ദ്രങ്ങളിലും മീലാദ് സെമിനാർ നടക്കും.
യൂണിറ്റുകളിൽ മൗലിദ് സദസ്സുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. അയ്യായിരം കേന്ദ്രങ്ങളിൽ റബീഅ് സന്ദേശ റാലികളും നടത്തുന്നുണ്ട്. പുസ്തക ചർച്ചകൾ, സ്നേഹക്കൂട്ടം, സീറ മീറ്റ്, സ്നേഹപ്പുടവ, സീറ ഡയലോഗ്, ഐൻ ടീം ക്യാമ്പുകൾ, സ്വീറ്റ് റബീഅ്, റബീഅ് റിഫ്ലക്ഷൻസ്, വിവിധ മത്സര പരിപാടികൾ, മെഗാ ക്വിസ് തുടങ്ങി വിവിധ ഘടകങ്ങളിൽ വ്യത്യസ്ത പരിപാടികളും കാമ്പയ്ൻ കാലത്ത് നടക്കും.
മീലാദ് കാമ്പയിനിന്റെ ഭാഗമായി ഇന്ന് നടക്കുന്ന റാലികളും തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന മറ്റു പരിപാടികളും വൻ വിജയമാക്കാൻ സംസ്ഥാന നേതാക്കൾ അഭ്യർത്ഥിച്ചു.