Meelad Shareef
തിരുപ്പിറവി: ആനന്ദത്തിന് പിന്നില്‍
പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് അവിടുന്ന് ഈ ഭൂമുഖത്ത് ജീവിച്ചതെങ്കിലും സൂര്യനെത്ര കറങ്ങി തിരിഞ്ഞാലുമെത്തുന്ന കാലത്തേക്കനുയോജ്യമായ നിയമങ്ങളായിരുന്നു ബാക്കിവെച്ചുപോയതെല്ലാം. ലോകത്ത് മാനുഷിക മൂല്യങ്ങള്‍ വ്യവസ്ഥാപിതമായി സ്ഥാപിച്ചതാരാണെന്ന് തേടിപ്പോയാല്‍ അത് തിരുനബിയില്‍ ചെന്നവസാനിക്കും.
വസന്തം പിറന്നിരിക്കുന്നു. തിരുനബിയുടെ 1497ാം ജന്മദിനത്തെ വരവേല്‍ക്കാന്‍ ലോകം അകവും പുറവും മിനുക്കി ഒരുങ്ങിയിരിക്കുന്നു. ഓരോ തലമുറയും അവര്‍ക്ക് പ്രകടിപ്പിക്കാവുന്ന ഏറ്റവും മനോഹരമായ രീതിയില്‍ മീലാദുന്നബി ആഘോഷിച്ചു.
എന്റെ ജീവിതത്തില്‍ ആദ്യമായി കൂട്ടിപ്പറഞ്ഞ പദങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഒന്നാമതായി പറയുക അശ്റഫുല്‍ ഖല്‍ഖിന്റെ തിരുനാമമായിരിക്കും. കാരണം ഓര്‍മവെച്ച നാള്‍ മുതല്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മിക്കതും തിരുദൂതരുമായും അവിടുത്തെ ജീവിതവുമായും ബന്ധപ്പെട്ടതായിരുന്നു. വന്ദ്യപിതാവ് സയ്യിദ് അഹ്‌മദുല്‍ ബുഖാരി(ഖ.സി)യുടെ ചോദ്യാവലിയില്‍ ചിലതിവിടെ കൊടുക്കാം: നമ്മുടെ നബിയുടെ പേരെന്ത്, ജനിച്ചതെവിടെ, തിരുറൗള സ്ഥിതിചെയ്യുന്ന നാടേത്, നബി(സ)യുടെ ഉപ്പയുടെ പേരെന്ത്, ഉമ്മ ആമിന ബീവി (റ) വഫാതായതെവിടെ… ഇങ്ങനെ നീളും. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ ഉപ്പയില്‍ നിന്ന് വാങ്ങിക്കൂട്ടിയത് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞായിരുന്നു. ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരം സ്വലാത്തെന്ന ഒറ്റമൂലിയിലുണ്ടെന്ന് അന്നാണ് ആദ്യമായി തിരിച്ചറിഞ്ഞത്. കുഞ്ഞു ഹൃദയങ്ങളില്‍ നബി സ്നേഹം നിറക്കാന്‍ നമുക്ക് സാധിച്ചിട്ടില്ലെങ്കില്‍ ഒരുപേക്ഷ, പ്രത്യാഘാതം വലുതായിരിക്കും.
തിരുനബിയെ തെറ്റായി വായിക്കുന്ന തിരക്കിലാണ് ലോകം. അവിടുന്ന് ലോകത്തിനു മുമ്പില്‍ സമര്‍പ്പിച്ച മഹിതമായ ദര്‍ശനങ്ങളെ വക്രീകരിക്കാനുള്ള കുടില ശ്രമങ്ങളാണ് എങ്ങും അരങ്ങുവാഴുന്നത്. നമ്മുടെ മക്കള്‍ ഇത്തരക്കാരുടെ കെണികളില്‍ അകപ്പെടരുത്. അവര്‍ക്ക് തിരുനബിയെ കുറിച്ചും വിശുദ്ധ ദീനിനെ കുറിച്ചും കൃത്യമായ ബോധനങ്ങള്‍ ലഭിക്കണം.
ഈയടുത്തും “ആറാം നൂറ്റാണ്ട്’ സമൂഹത്തിനിടയില്‍ ചര്‍ച്ചയായിരുന്നു. ഒരു കേസ് നടന്നുകൊണ്ടിരിക്കെ, പ്രലോഭനമുണ്ടാക്കിയ വസ്ത്രധാരണമാണ് സ്ത്രീപീഡനത്തിന് കാരണമായതെന്ന ഒരു കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ആറാം നൂറ്റാണ്ട് ചര്‍ച്ച സമൂഹത്തില്‍ പൊന്തിവരുന്നത്. “ഈ ന്യായാധിപനെന്താണ് ആറാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്ന്’ സോഷ്യല്‍ മീഡിയകളില്‍ ചിലര്‍ ആശ്ചര്യപ്പെടുന്നത് കണ്ടു. ആറാം നൂറ്റാണ്ട് എന്ന പ്രയോഗം സാധാരണയില്‍, മുസ്‌ലിംകളെ പിന്തിരിപ്പന്മാര്‍ എന്ന ലേബലിലേക്ക് ഇകഴ്ത്താനാണ് ഉപയോഗിക്കാറുള്ളത്. ഈ പ്രയോഗത്തിലെ നിരര്‍ഥകതയല്ല എന്റെ ചര്‍ച്ച. മറിച്ച്, ആറാം നൂറ്റാണ്ട് അത്രമേല്‍ മ്ലേഛമായിരുന്നുവെന്ന് നവലിബറലുകള്‍ വരെ സര്‍വ സമ്മതത്തോടെ അംഗീകരിക്കുന്നുവെന്നാണല്ലോ ഇതിനര്‍ഥം. സത്യവും അത് തന്നെയാണ്. മനുഷ്യര്‍ പരസ്പരം വിലകല്‍പ്പിക്കാതിരുന്ന, ആസ്വാദനത്തിന് വേണ്ടി എന്ത് വൃത്തികേടും കാണിച്ചിരുന്ന കാലഘട്ടമായിരുന്നുവത്. എന്നാല്‍ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുനബി(സ) തങ്ങള്‍ കാലത്തിന്റെ ആ ഇരുണ്ട ഇടനാഴികയില്‍ പ്രകാശം പരത്തി. വെറും 23 സംവത്സരങ്ങള്‍ കൊണ്ട്, അധമരെന്ന് ലോകം മുദ്രകുത്തിയിരുന്ന സമൂഹത്തെ, പകരക്കാരില്ലാത്ത മഹത്തര സ്വഭാവത്തിന്റെ ഉടമകളാക്കി. “എന്റെ അനുചരരില്‍ നിന്ന് നിങ്ങളാരെ പിന്‍പറ്റിയാലും അവര്‍ സന്‍മാര്‍ഗം സിദ്ധിക്കുമെന്ന്’ അവിടുന്ന് പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ്സ് മുതല്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റുമെല്ലാം നേടിയ ലോകത്തെ ഏതെങ്കിലും ഒരു വിദ്യാര്‍ഥിയുടെ അധ്യാപകന് പറയാനൊക്കുമോ “എന്റെ ഈ ശിഷ്യനെ കണ്ണുമടച്ച് നിങ്ങള്‍ക്ക് വിശ്വസിക്കാമെന്ന്’? ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. ഇവിടെയാണ് ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തില്‍പരം വരുന്ന തന്റെ അനുയായികളെ, അതും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു ഭൂതകാലമുള്ളവരെ കുറിച്ച് തിരുനബി (സ), അവരെ നിങ്ങള്‍ക്ക് ധൈര്യമായി പിന്‍പറ്റാമെന്ന് പറഞ്ഞത്.
ഓരോ ചരിത്രവും അതിന്റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ടായിരിക്കണം പഠിക്കേണ്ടത്. ആധുനിക കാലത്തിരുന്ന് കൊണ്ട് ആറാം നൂറ്റാണ്ടിനെ വിലയിരുത്തുമ്പോള്‍ സ്വരച്ചേര്‍ച്ച ലഭിച്ചെന്നുവരില്ല. എന്നാല്‍ ആറാം നൂറ്റാണ്ടിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിലേക്കിറങ്ങിച്ചെന്ന് തിരുനബി(സ)യെ വായിക്കണം. തിരുനബിയെന്ന വിപ്ലവ നായകനെ ഇസ്‌ലാമിക വൃത്തത്തിന് പുറത്ത് നിന്ന് വായിക്കുന്നവര്‍ക്ക് പോലും “ഇദ്ദേഹത്തിനിതെങ്ങനെ സാധിച്ചു’ എന്ന ആശ്ചര്യത്തോടെയല്ലാതെ നോക്കിക്കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ തിരുനബി(സ)യെ നമ്മിലും നമ്മുടെ ആശ്രിതരിലും ആഴത്തില്‍ വേരൂന്നിപ്പിക്കുക എന്നതാണ് നാം ഓരോരുത്തരും ചെയ്യേണ്ട ഉത്തരവാദിത്വം. ഇസ്‌ലാമാണ് മനുഷ്യര്‍ക്ക് അവരുടെ മൂല്യമെന്താണെന്ന് പരസ്പരം ബോധ്യപ്പെടുത്തി കൊടുത്തത്.
ഈയടുത്ത കാലത്ത് സംസ്ഥാനത്തെ ഞെട്ടിച്ച ഒന്നായിരുന്നു പങ്കാളി കൈമാറ്റക്കേസില്‍ കോട്ടയത്ത് ആറ് പേര്‍ അറസ്റ്റിലായ സംഭവം. നമ്മുടെ സംസ്ഥാനത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുമോ എന്ന ചിന്തയായിരുന്നു അന്നുണ്ടായ ആ ഞെട്ടലിനു കാരണം. വ്യക്തിബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നവരാണെന്നാണ് നമ്മള്‍ സ്വയം വിശ്വസിക്കുന്നത്. അതുകൊണ്ടാണ് നമുക്ക് ഞെട്ടലുണ്ടായത്. വിലക്കപ്പെട്ട സംഗതികളെ കൗതുകത്തോടെ കാണുന്ന സ്വഭാവം മനുഷ്യരില്‍ കൂടപ്പിറപ്പായുള്ളതിനാല്‍ പലര്‍ക്കും ഇത്തരം കാര്യങ്ങളോട് ആഭിമുഖ്യം തോന്നുന്നത് സ്വാഭാവികമായിരിക്കും. എന്നാല്‍ സ്വഭാവ വൈകൃതങ്ങളുടെ ഗണത്തില്‍ പെടുത്തിയാണ് സാധാരണക്കാര്‍ ഇതിനെ കാണുന്നത്. ഇതിനേക്കാള്‍ ഞെട്ടിപ്പിച്ച ഒന്നായിരുന്നു രക്തബന്ധത്തില്‍ പെട്ടവരുമായുള്ള ലൈംഗികബന്ധം നിരോധിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു എന്നുള്ള വാര്‍ത്ത. അഗമ്യഗമനം അഥവാ ഇന്‍സെസ്റ്റ് സെക്‌സ് ക്രിമിനല്‍ കുറ്റകൃത്യമാക്കുന്ന പുതിയ നിയമം രാജ്യത്ത് ഉടന്‍ തന്നെ നടപ്പാക്കുമെന്നാണ് ഫ്രാന്‍സില്‍ നിന്ന് വാര്‍ത്ത പുറത്തുവന്നത്. രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗിക ബന്ധത്തിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ചില്‍ഡ്രന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാര്‍ത്ത എത്തുന്നത്. ഫ്രാന്‍സില്‍ ഇന്‍സെസ്റ്റ് സെക്‌സ് നിയമവിധേയമാണെന്നുള്ളത് മിക്ക ആളുകള്‍ക്കും പുതിയ അറിവായിരിക്കും. 18 വയസ്സിന് മുകളിലുള്ള കുടുംബാംഗങ്ങളുമായുള്ള ലൈംഗികബന്ധം നിലവില്‍ ഫ്രാന്‍സില്‍ കുറ്റകരമല്ലെന്നുള്ളതാണ് വസ്തുത. മുമ്പ് ഇത് കുറ്റകരമായിരുന്നു എങ്കിലും 1791ല്‍ അഗമ്യഗമനവും പ്രകൃതിവിരുദ്ധ ഭോഗവും മതനിന്ദയുമെല്ലാം കുറ്റകൃത്യ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഏകദേശം 230 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫ്രാന്‍സില്‍ വീണ്ടും നിയമം മാറ്റിയെഴുതുന്നത്. അഥവാ മക്കള്‍ക്ക് രക്ഷിതാക്കളുമായും തിരിച്ചും സഹോദരിമാരുമായുമെല്ലാം ഇത്രയും കാലം ലൈംഗിക ബന്ധത്തിലേര്‍പ്പെടാമായിരുന്നുവെന്നര്‍ഥം! ഞാനിത്രയും കാര്യങ്ങളിവിടെ ഉദാഹരിച്ചത് ബൗദ്ധിക പ്രഭവ കേന്ദ്രങ്ങളാണ് തങ്ങളെന്ന് വാദിക്കുന്ന ആധുനികതാ വാദികളുടെ ഈറ്റില്ലമാണ് ഫ്രാന്‍സ്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിലേറെക്കാലമായി അമ്മയെയും സഹോദരിയെയും ഭോഗിക്കാന്‍ പാടില്ലായെന്നത് അവിടെ മൂല്യമായിരുന്നില്ല. അവരതിനെ ഇപ്പോള്‍ മൂല്യമായി ഗണിച്ച് വരുന്നതേയുള്ളൂ. എന്നാല്‍ പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ മൂല്യങ്ങളെ ഓരോന്നും വകതിരിച്ചു മനസ്സിലാക്കിക്കൊടുത്ത തിരുനബി(സ)യല്ലേ ലോകത്തെ ഏറ്റവും മഹത്തായ മാനുഷ്യക മൂല്യങ്ങളുടെ ഉപജ്ഞാതാവ്?
നാല് പെണ്‍മക്കളുടെ പിതാവായിരുന്നു തിരുനബി(സ). ആ പെണ്‍മക്കള്‍ തന്റെ അഭിമാനമാണെന്ന് പറയാന്‍ മടിക്കാതിരുന്ന പിതാവ്. ഫത്വിമയെന്ന മോള് എന്റെ കരളിന്റെ കഷ്ണമാണെന്ന് പറഞ്ഞ പിതാവ്. സൈനബ് എന്ന മകള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കിയ പിതാവ്. നബിതങ്ങള്‍ മക്കളെ നെഞ്ചോട് ചേര്‍ത്ത് ജീവിച്ചിട്ടുണ്ടെങ്കില്‍ അത് പെണ്‍മക്കള്‍ക്ക് വേണ്ടിയായിരുന്നു. “സ്വന്തം മക്കളല്ലേ? അതിനിപ്പോള്‍ ഇത്രമാത്രം സംഭവമാക്കാനുണ്ടോ?’ എന്നാണ് ചോദ്യമെങ്കില്‍ ചരിത്രം വായിക്കണമെന്നാണ് മറുപടി.
ഓരോ ചരിത്രത്തെയും ആ ചരിത്ര സന്ധിയില്‍ നിന്ന് തന്നെ വായിച്ചു പഠിക്കാന്‍ ശ്രമിക്കണം. മാറുമറക്കല്‍ സമരം നടത്തിയതിന് ശേഷം മാത്രം സ്ത്രീകള്‍ക്ക് മാറുമറക്കാന്‍ അവകാശം കിട്ടിയ നാടാണ് നമ്മുടെ കേരളം. തൊട്ടുകൂടായ്മ അടക്കമുള്ള ചാതുര്‍ വര്‍ണ്യ വ്യവസ്ഥകളുടെ ഏറ്റവും ക്രൂരമായ പല വേര്‍ഷനുകളിലൂടെയും കേരളം കടന്നു പോയതിന്റെ ചരിത്രം നമുക്ക് കേരളത്തിന്റെ ഇന്നലെകളെ എടുത്തു പരിശോധിച്ചാല്‍ കാണാം. ഇന്നും ഇതിന്റെ അനുരണനങ്ങള്‍ അദൃശ്യമായെങ്കിലും രാജ്യത്താകമാനമുണ്ട് താനും. അവകളെയെല്ലാം വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ആധുനിക ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പുരോഗമനത്തിന്റെ ഏറ്റവും മൂര്‍ധന്യത്തിലാണ് നില്‍ക്കുന്നതെന്നാണ് നമ്മളിപ്പോള്‍ വിശ്വസിക്കുന്നത്. ഈ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കാന്‍ അന്ന് ചിലര്‍ നടത്തിയ ആത്മസമര്‍പ്പണം വലുതായിരുന്നു. ചരിത്രത്തിലേക്ക് വരുമ്പോള്‍, സ്ത്രീ ഒന്നുമല്ലായിരുന്നു അന്നത്തെ മക്കയില്‍. പെണ്‍കുഞ്ഞ് ജനിക്കുകയെന്നത് അപമാനത്തിന്റെ ലക്ഷണമായി കണ്ടിരുന്നു. പിതാവ് മരിച്ചാല്‍ സ്വത്തുക്കള്‍ അനന്തരം കിട്ടുന്നത് പോലെ പിതാവിന്റെ ഭാര്യമാരെയും പെണ്‍മക്കളെയും അനന്തര സ്വത്തായി ഉപയോഗിച്ചിരുന്നു ആണ്‍മക്കള്‍. സ്വന്തം ഭാര്യയെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ കാണിക്കവെക്കുമായിരുന്നു.
ഇത്തരമൊരു ജനതക്ക് മുമ്പിലാണ് പെണ്‍മക്കള്‍ തന്റെ അഭിമാനമാണെന്ന് തിരുനബി(സ) കാണിച്ചു കൊടുത്തത്. പിതാവിന്റെ സ്വത്തില്‍ അവള്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞത്. ഭര്‍ത്താവിന് ഭാര്യയോടും കടമകളുണ്ടെന്ന് തിരുത്തിയത്. ആര്‍ക്ക് ആരെയെല്ലാം കാണാം, കാണാന്‍ പാടില്ല, വിവാഹം കഴിക്കാം തുടങ്ങി ഓരോന്നും വേര്‍തിരിച്ചു കൊടുത്തത്.
പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചു മൂടുന്നവരുടെ മുമ്പില്‍ വന്നുനിന്ന് തിരുനബി(സ) പറഞ്ഞു- “എന്തിനാണ് മോളേ നീ കൊലചെയ്യപ്പെട്ടതെന്ന് ഈ കുഞ്ഞിനോട് നാളെ റബ്ബ് ചോദിക്കും. അതിന് ആ കുഞ്ഞ് മറുപടി പറഞ്ഞാല്‍ കുടുങ്ങും, അതുകൊണ്ട് അവരോട് സൂക്ഷിച്ച് ഇടപെടണം.’ തുടര്‍ന്നാണ് ജീവിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ആ ജനത അംഗീകരിച്ച് തുടങ്ങിയത്. അവിടുത്തെ പ്രഖ്യാപനങ്ങളാണ് ലോകത്തിന് സ്ത്രീത്വത്തെ വീണ്ടെടുത്തു നല്‍കിയത്.
പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് അവിടുന്ന് ഈ ഭൂമുഖത്ത് ജീവിച്ചതെങ്കിലും സൂര്യനെത്ര കറങ്ങി തിരിഞ്ഞാലുമെത്തുന്ന കാലത്തേക്കനുയോജ്യമായ നിയമങ്ങളായിരുന്നു ബാക്കിവെച്ചുപോയതെല്ലാം. ലോകത്ത് മാനുഷിക മൂല്യങ്ങള്‍ വ്യവസ്ഥാപിതമായി സ്ഥാപിച്ചതാരാണെന്ന് തേടിപ്പോയാല്‍ അത് തിരുനബിയില്‍ ചെന്നവസാനിക്കും.