aathmeeyam
തിരുപ്രകാശം
തിരുനബി(സ)യെന്ന സർവകാലത്തും മുഴുസമയങ്ങളിലും പ്രോജ്വലിക്കുന്ന വിളക്കുമാടം, പ്രപഞ്ചോൽപ്പത്തി മുതൽ അന്ത്യനാള്‍ വരേക്കുമുള്ള സർവതിനും മാർഗദര്‍ശനവും കാരുണ്യവുമാണ്.
പ്രപഞ്ച സ്രഷ്ടാവിന്റെ പ്രഥമസൃഷ്ടി അന്ത്യപ്രവാചകർ മുഹമ്മദ് മുസ്ത്വഫാ(സ)യുടെ പ്രകാശമണെന്നത് ബൗദ്ധികവും പ്രമാണബദ്ധവുമായ യാഥാർഥ്യവും ഇസ്‌ലാമികലോകം നാളിതുവരെ അംഗീകരിച്ചുവന്ന വിശ്വാസാദർശവുമാണ്. പ്രപഞ്ചസൃഷ്ടിപ്പിന്റെ കാരണം തന്നെ അവിടുത്തെ ഉൺമയാണെന്ന് തിരുവചനത്തിലുണ്ട്. അവിടുന്ന് ഇല്ലായെങ്കിൽ പ്രപഞ്ചത്തിനും അതിലെ ചരാചരങ്ങൾക്കും നിലനിൽപ്പില്ല. അവിടുത്തെ പ്രകാശത്തിന്റെ പ്രതിഫലനമാണ് പ്രപഞ്ചത്തിന്റെ ഐശ്വര്യവും ചൈതന്യവും. ആ പ്രകാശത്തിന്റെ പ്രഭാവലയമാണ് പ്രപഞ്ചത്തെയും അതിലെ സർവ ചരാചരങ്ങളെയും ജാജ്വല്യമാക്കുന്നത്. സൃഷ്ടിലോകത്തെ സർവതിന്റെയും അസ്തിത്വവും അടിസ്ഥാന ഗുണങ്ങളും പ്രകടമാകുന്നതിന് തിരുപ്രഭയുടെ സാന്നിധ്യം അനിവാര്യമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രകാശത്തിന്റെ സ്വാധീനം അനിവാര്യമാണെന്നപോലെ പ്രപഞ്ചോൽപ്പത്തി മുതൽ ലോകാവസാനം വരെയുള്ള സകലതിനും അവയുടെ ആന്തരികനിലനിൽപ്പിന് പ്രത്യേകമായും ബാഹ്യമായ നിലനിൽപ്പിന് പരോക്ഷമായും തിരുനബി(സ)യുടെ പ്രകാശ കിരണത്തിന്റെ സാന്നിധ്യവും സ്വാധീനവും അനിവാര്യമാണ്. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചും മറ്റുമുള്ള അനേകം ഗവേഷണ പഠനങ്ങള്‍ ലോകോത്തര സർവകലാശാലകളിൽ നടക്കുന്നതുപോലെ വിശ്വപ്രവാചകരിൽ നിന്നും പ്രസരിക്കുന്ന തിരുഒളിവിനെ കുറിച്ചുള്ള അനേകം അന്വേഷണങ്ങളും പഠനങ്ങളും പണ്ഡിതലോകത്ത് നടന്നിട്ടുണ്ട്. അതിന്റെ സത്ത ദൃഷ്ടിഗോചരമല്ലാത്തതിനാൽ കൃത്യമായ അടയാളപ്പെടുത്തലിന് സാധ്യമല്ല. ഇമാം ആലൂസി(റ) പറയുന്നു: “തിരുപ്രകാശത്തെ കൃത്യമായി മനസ്സിലാക്കാൻ മനുഷ്യൻ അശക്തനാണ്. അതിനെക്കുറിച്ചുള്ള പൂർണമായ ജ്ഞാനം അല്ലാഹുവിന് മാത്രമാണുള്ളത്'(റൂഹുൽ മആനി).
തിരുനബി(സ)യെന്ന സർവകാലത്തും മുഴുസമയങ്ങളിലും പ്രോജ്വലിക്കുന്ന വിളക്കുമാടം, പ്രപഞ്ചോൽപ്പത്തി മുതൽ അന്ത്യനാള്‍ വരേക്കുമുള്ള സർവതിനും മാർഗദര്‍ശനവും കാരുണ്യവുമാണ്.
അല്ലാഹു പറയുന്നു: “സർവലോകർക്കും അനുഗ്രഹമായല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല’ (അമ്പിയാഅ്: 107). ലോകാവസാനം വരെയുള്ള സർവർക്കും വെളിച്ചം പകരുകയെന്നത് തിരുനബി(സ)യുടെ പ്രത്യേകതയും നിയോഗ ദൗത്യവുമാണ്. ചേതന-അചേതന വ്യത്യാസമില്ലാതെ വിശ്വാസികൾക്കും അല്ലാത്തവർക്കും സർവവസ്തുക്കൾക്കും അനുഗ്രഹമായാണ് അവിടുത്തെ അല്ലാഹു അയച്ചതെന്ന് പ്രസ്തുത വചനത്തിന്റെ വിശദീകരണത്തിൽ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുദൂതർ(സ) പ്രപഞ്ച പ്രതിഭാസങ്ങളിലോ ആധുനിക കണ്ടുപിടിത്തങ്ങളിലോ സംഭവവികാസങ്ങളിലോ അണഞ്ഞുപോവുകയോ നിഷ്പ്രഭമാവുകയോ ചെയ്യുന്ന കേവല വിളക്കല്ല, എക്കാലവും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന നിത്യപ്രഭയാണത്. “സിറാജന്‍ മുനീറൻ’ എന്ന എത്ര സുന്ദരമായ ഉപമാലങ്കാരമാണ് വിശുദ്ധ ഖുര്‍ആന്‍ അവിടുത്തേക്ക് നൽകിയത്! (അഹ്സാബ്: 46) അവിടുന്ന് സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന അനന്തശോഭയാണ്. ആറാം നൂറ്റാണ്ടിലെ അജ്ഞതയെയും അന്ധകാരത്തെയും വിപാടനം ചെയ്ത് സത്യത്തിന്റെയും ധർമത്തിന്റെയും വെന്നിക്കൊടി പാറിപ്പറത്തിയത് ഉള്ളകം വെളുപ്പിക്കാൻ ശക്തിയുള്ള ആ തിരുപ്രഭയുടെ കരുത്തിലായിരുന്നു.
പ്രപഞ്ചാരംഭം മുതലുള്ള നൂർ മുഹമ്മദി, അവിടുത്തെ വഫാത്തിന്റെ ശേഷവും അന്ത്യനാൾ വരെ ജ്വലിച്ച് നിൽക്കുകയും സ്രഷ്ടാവ് ഉദ്ദേശിക്കുന്നവർക്ക് അതിന്റെ പ്രഭ ആസ്വദിക്കാൻ കഴിയുകയും ചെയ്യുന്നു. അവിടുത്തെ അധരങ്ങൾ ഉരുവിട്ട ഇലാഹീ വചനങ്ങൾക്കും അവിടുത്തെ തിരുവചനങ്ങള്‍ക്കും നിത്യപ്രകാശമുണ്ട്. ഹദീസിന്റെ പ്രാമാണികത പോലും ആത്മജ്ഞാനികള്‍ ഉറപ്പുവരുത്തിയിരുന്നത് വചനപ്രകാശത്തിന്റെ നിത്യശോഭയുടെ സാന്നിധ്യം പരിശോധിച്ചുകൊണ്ടായിരുന്നു. ഹദീസായി തങ്ങളിലെത്തുന്ന ഏതെങ്കിലുമൊരു വചനത്തിന് പ്രശോഭിതമായി നിൽക്കേണ്ട പ്രവാചകപ്രഭ മങ്ങുന്നത് കണ്ടാൽ അത് പ്രവാചകവചനമല്ലെന്നുറപ്പിച്ചു പറയാൻ അവർക്ക് സാധിച്ചിരുന്നു. ഏറ്റവും തെളിഞ്ഞതും ശുദ്ധവുമായ സ്രോതസ്സില്‍നിന്ന് വെളിച്ചം സ്വീകരിച്ച് അവിടുത്തെ സാമീപ്യം കരസ്ഥമാക്കാൻ സാധിച്ച സ്വഹാബികൾക്കും പ്രകാശം ചൊരിയാൻ സാധിക്കുമെന്ന് അവിടുന്ന് പഠിപ്പിച്ചു. അവിടുത്തെ അനുചരന്മാരെ നക്ഷത്രതുല്യരായി ഈ ഉമ്മത്ത് നെഞ്ചേറ്റി. അവരെ അനുധാവനം ചെയ്യുന്നവർ സന്മാർഗം സിദ്ധിക്കുമെന്നും അവിടുന്ന് പഠിപ്പിച്ചു. തിരുപ്രകാശത്തിന്റെ അടിസ്ഥാനത്തെ മത്വാലിഉല്‍ മസര്‍റാത്ത് എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നത് കാണുക. “ഭൂലോകത്ത് ആദ്യമായി പടക്കപ്പെട്ടത് അവിടുത്തെ പ്രകാശമാണ്. അവിടുത്തെ പ്രകാശത്തില്‍ നിന്നാണ് സകലതും പടക്കപ്പെട്ടതും.’