Kerala
തിരുവാഭരണ ഘോഷയാത്രക്ക് തുടക്കമായി
ശനിയാഴ്ച ശബരിമലയിലെത്തും
പത്തനംതിട്ട | മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാര്‍ത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച്ച പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തില്‍ രേവതി നാള്‍ രുക്മിണി തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് കൊട്ടാരം കുടുംബാഗങ്ങള്‍ക്ക് അശുദ്ധിയായതിനാല്‍ ആചാരപരമായ ഒരു ചടങ്ങുകളും കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്താനായില്ല.
വലിയതമ്പുരാനെയും രാജപ്രതിനിധിയേയും കൊട്ടാരത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം. ഉടന്‍തന്നെ ക്ഷേത്രം അടച്ച് ദര്‍ശനത്തിനായി വെച്ചിരുന്ന ആഭരണങ്ങള്‍ അശുദ്ധിയില്ലാത്ത കൊട്ടാരം ബന്ധുക്കള്‍ പെട്ടിയിലാക്കി ക്ഷേത്രത്തിന് പുറത്തെക്കെടുത്തു. ഘോഷയാത്ര ഒരുമണിക്ക് തന്നെ പുറപ്പെട്ടു. സ്വീകരണങ്ങളും വെടിക്കെട്ടും ചെണ്ടമേളവും ഘോഷയാത്രയുടെ തുടക്കത്തില്‍ ഒഴിവാക്കിയിരുന്നു.
പരമ്പരാഗത പാതയിലൂടെ കാല്‍നടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം ശനിയാഴ്ച വൈകുന്നേരം ശബരിമലയിലെത്തിച്ചേരും.