aathmeeyam
തിരുവദനം
തന്നോട് പരുഷമായി സമീപിച്ചവരോട് പോലും വളരെ സൗമ്യതയോടെയും പുഞ്ചിരിയോടെയുമായിരുന്നു അവിടുന്ന് പെരുമാറിയിരുന്നത്. അട്ടഹസിച്ച് ഒരിക്കലും ചിരിച്ചിരുന്നില്ല. റസൂലി(സ)നേക്കാൾ നന്നായി പുഞ്ചിരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല എന്ന് അബ്ദുല്ലാഹ്‌ബ്‌നു ഹാരിസ്(റ) നിവേദനം ചെയ്യുന്ന ഹദീസിലുണ്ട്. ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുതെന്നും പുഞ്ചിരിയോടെയാണ് ഏതിരാളികളെപോലും സമീപിക്കേണ്ടതെന്നും അവിടുന്ന് പഠിപ്പിച്ചു.
മനുഷ്യ ശരീരത്തിലെ ഏറ്റവും സംവേദനക്ഷമമായ അവയവമാണ് മുഖം. വ്യക്തിത്വ രൂപവത്കരണത്തിനും ആശയങ്ങൾ പങ്കുവെക്കുന്നതിനും വിചാര വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും മുഖഭാവങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രകൃതിയിലെ ഒട്ടുമുക്കാൽ ജീവികൾക്കും മുഖം ഉണ്ടെങ്കിലും മനുഷ്യന്റെ മുഖത്തിന്റെ അത്ര ആകാര ഭംഗിയും ശരീര ഘടനയും മറ്റൊരു ജീവിയിലും കാണാൻ കഴിയില്ല. ഭൂമിയിൽ അധിവസിക്കുന്നതും കഴിഞ്ഞുപോയതുമായ കോടാനുകോടി മനുഷ്യരുടെ മുഖത്തിന്റെ ആകൃതി ഓരോന്നും വ്യത്യസ്തവുമാണ്. സ്പർശം, താപനില, മണം, രുചി, കേൾവി, ചലനം, വിശപ്പ്, കാഴ്ച തുടങ്ങിയ തലച്ചോറിലെ വ്യതിചലനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമനുസൃതമായി മുഖഭാവങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.
മുഖം മനസ്സിന്റെ കണ്ണാടിയെന്നാണല്ലോ പഴമൊഴി. അകത്തുള്ള ചിത്രങ്ങൾ മുഖത്ത് തെളിയുമെന്നർഥം. ആഴങ്ങളും കയങ്ങളും ചുഴികളും ഉൾപ്പിരിവുകളും ആത്മസംഘർഷങ്ങളും സങ്കീർണതകളുമെല്ലാം തിരകളുയർത്തുന്ന സാഗര സമാനമായ മനസ്സിലുണ്ടാവുന്ന മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ മുഖത്ത് പ്രകടമാവുകയെന്നത് മനുഷ്യ പ്രകൃതമാണ്. ആകയാൽ ഏതൊരവസ്ഥയിലും മുഖപ്രസന്നതയോടെയും പുഞ്ചിരി തൂകുന്ന ഭാവത്തോടെയും പെരുമാറൽ ഏതൊരാൾക്കും അനിവാര്യമാണ്.
പുഞ്ചിരി കോപത്തെയകറ്റുകയും നൈരാശ്യത്തെ നശിപ്പിക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. ചങ്ങാതിമാരെ നേടുന്നതിനും സുഹൃത്തുക്കളെ സൃഷ്ടിക്കുന്നതിനും ആളുകളെ സ്വാധീനിക്കുന്നതിനുമെല്ലാമുള്ള ഏറ്റവും വലിയ ആയുധവുമാണ് പുഞ്ചിരി. പുഞ്ചിരിയിലൂടെ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ജീവിച്ചു കാണിച്ച നേതാവാണ് മുഹമ്മദ് നബി(സ). ജനങ്ങളുമായി ഏറ്റവും മികച്ച രീതിയിൽ എങ്ങനെ പുഞ്ചിരിക്കണമെന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്. അതിനനുസൃതമായിരുന്നു അവിടുത്തെ വദനം പടക്കപ്പെട്ടതും. തന്നോട് പരുഷമായി സമീപിച്ചവരോട് പോലും വളരെ സൗമ്യതയോടെയും പുഞ്ചിരിയോടെയുമായിരുന്നു അവിടുന്ന് പെരുമാറിയിരുന്നത്. അട്ടഹസിച്ച് ഒരിക്കലും ചിരിച്ചിരുന്നില്ല. റസൂലി(സ)നേക്കാൾ നന്നായി പുഞ്ചിരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല എന്ന് അബ്ദുല്ലാഹ്‌ബ്‌നു ഹാരിസ്(റ) നിവേദനം ചെയ്യുന്ന ഹദീസിലുണ്ട്. ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുതെന്നും പുഞ്ചിരിയോടെയാണ് ഏതിരാളികളെപോലും സമീപിക്കേണ്ടതെന്നും അവിടുന്ന് പഠിപ്പിച്ചു.
അവിടുന്ന് അബൂദർറ്(റ)ന് നൽകിയ ഉപദേശങ്ങളിൽ കാണാം: “താങ്കൾ നന്മയിൽ നിന്നും യാതൊന്നും നിസ്സാരമായി കാണരുത്. പുഞ്ചിരിക്കുന്ന മുഖത്തോട് കൂടി നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നത് പോലും (മുസ്‌ലിം). അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്നു: “നിങ്ങള്‍ അന്യോന്യം വിദ്വേഷം വെച്ചുപുലര്‍ത്തരുത്, പരസ്പരം മുഖം തിരിക്കരുത്’. (മുസ്‌ലിം)
മഹാനായ ലുഖ്മാനുൽ ഹകീം(റ) പ്രിയ പുത്രന് നൽകിയ ഉപദേശങ്ങളിലുണ്ട്; “നീ ജനങ്ങളിൽ നിന്നും നിന്റെ മുഖം തിരിക്കരുത്. അഹന്ത കാട്ടി ഭൂമിയിൽ നടക്കരുത്. നിശ്ചയം അഹങ്കാരിയായ ഒരു പൊങ്ങച്ചക്കാരനെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (സൂറതു ലുഖ്മാൻ: 18)
സ്വഭാവ സൗഷ്ഠവം പോലെ പുണ്യനബി(സ)യുടെ ആകാരവും ആരെയും ആകര്‍ഷിക്കുംവിധം അലങ്കൃതമായിരുന്നു. അവിടുത്തോട് അടുത്ത് ഇടപെടാൻ അവസരം ലഭിച്ച സച്ചരിതരായ അനേകം സ്വഹാബികള്‍ തിരുശരീരാകൃതിയെ വർണിച്ചിട്ടുണ്ട്. പുണ്യശരീരത്തിലെ അവയവങ്ങളെ വർണിക്കാനും സാമ്യപ്പെടുത്താനും പ്രതിരൂപമില്ലാത്തത്ര സൗന്ദര്യമായിരുന്നു. ബറാഉബ്നു ആസിബ് (റ) പറയുന്നു: “നബി(സ)യേക്കാള്‍ സൗന്ദര്യമുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.’ (ബുഖാരി)
ഇമാം ഖുര്‍ത്വുബി(റ) പറയുന്നു: “നബിതങ്ങളുടെ സൗന്ദര്യം പൂർണമായി ഗ്രഹിക്കല്‍ മനുഷ്യനയനങ്ങള്‍ക്ക് അസാധ്യമാണ്.’ അവിടുത്തെ സാന്നിധ്യമുള്ള ഇടങ്ങളിൽ വെളിച്ചം ലഭിക്കാൻ മറ്റു പ്രകാശ സ്രോതസ്സുകളുടെ ആവശ്യമുണ്ടായിരുന്നില്ല. അനേകം താരകങ്ങള്‍ക്കിടയില്‍ ഉദിച്ചുയര്‍ന്ന പ്രകാശമായാണ് തിരുനബി(സ)യെ അവിടുത്തെ അനുചരന്മാർക്ക് അനുഭവപ്പെട്ടിരുന്നത്.
മഹാനായ ഇമാം ബൂസ്വീരി(റ) തന്റെ ഖസ്വീദത്തുല്‍ ബുര്‍ദയില്‍ തിരുനബി(സ)യുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തെക്കുറിച്ച് വാചാലമായിട്ടുണ്ട്.
നബി(സ)യെ കാണുന്നവർക്ക് കത്തിജ്വലിച്ചുനിൽക്കുന്ന സൂര്യനെപോലെ അനുഭവിക്കാൻ സാധിക്കുമെന്ന് റുബയ്യിഅ്(റ) പറയുന്നത് കാണാം. (ശമാഇലുര്‍റസൂല്‍) അവിടുത്തെ മുഖം വെളുത്ത് സുന്ദരവും കണ്ണാടി പോലെ പ്രതിബിംബിക്കുകയും ചെയ്യുമായിരുന്നു (നിഹായ). വൃത്താകൃതിയിലുള്ള സുന്ദര മുഖം, വില്ലുപോലെ വളഞ്ഞു നിൽക്കുന്ന പുരികം, ഇമകള്‍ ധാരാളമുള്ള കറുത്ത ആകര്‍ഷകമായ കണ്ണുകള്‍, വിടവുള്ള ദന്തനിര, സുഗന്ധം വിതറുന്ന അധരങ്ങൾ, തിളങ്ങുന്ന താടിരോമങ്ങൾ ഇതെല്ലാമായിരുന്നു അവിടുത്തെ മുഖഭംഗി (ദലാഇലുന്നുബുവ്വ). കഅ്ബുബ്‌നു മാലിക്(റ) പറയുന്നു: സന്തോഷാവസ്ഥയിൽ തിരുമുഖം ചന്ദ്രനെപ്പോലെ പ്രകാശിക്കുമായിരുന്നു (ബുഖാരി). ജാബിറുബ്നു സമുറ(റ) പറയുന്നു: “ഒരു നിലാവുള്ള രാത്രി ഞാന്‍ തിരുനബി(സ)യിലേക്കും പുര്‍ണചന്ദ്രനിലേക്കും മാറിമാറി നോക്കി, അവിടെ പൗര്‍ണമിയെക്കാള്‍ അഴക് പ്രവാചകരുടെ മുഖത്തിനായിരുന്നു'(ശമാഇലു തിര്‍മുദി).
സർവസൃഷ്ടികൾക്കും നേതൃത്വം വഹിക്കുകയും വിശ്വാസികളുടെ സകല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുകയും ചെയ്യുന്ന നേതാവിന്റെ തിരുവദനം എപ്പോഴും വിശ്വാസികളുടെ മനസ്സില്‍ പ്രോജ്വലിച്ച് നില്‍ക്കണം. പാരത്രിക ലോകത്ത് സർവ ജനങ്ങൾക്കും അഭയമാകുന്നത് അവിടുത്തെ പൂമുഖമാണെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടുത്തെ തിരുമുഖം ഒരു സെക്കന്റ് പോലും മനസ്സിൽ മറഞ്ഞുപോവുകയെന്നത് വലിയ പ്രയാസമായാണ് പല മഹാന്മാരും കണ്ടിരുന്നത്. തിരുവദനം മതിവോളം കണ്ട് അനുഗൃഹീതരാകാൻ സർവശക്തൻ തുണക്കട്ടെ !