sandeep murder
തിരുവല്ല സന്ദീപ് വധം: കുറ്റപത്രം സമർപ്പിച്ചു
ഒന്നാം പ്രതി ബി ജെ പി പ്രവർത്തകനായ ജിഷ്ണുവിന് സി പി എം നേതാവായ സന്ദീപിനോട് ഉണ്ടായ രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വിരോധവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണ്ടെത്തൽ.
തിരുവല്ല | സി പി എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ (32) കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ചുമതല വഹിക്കുന്ന തിരുവല്ല ഡി വൈ എസ്പിയാണ് സംഭവം നടന്ന് അറുപതാം ദിവസം കുറ്റപത്രം നൽകിയത്.
ഒന്നാം പ്രതി ബി ജെ പി പ്രവർത്തകനായ ജിഷ്ണുവിന് സി പി എം നേതാവായ സന്ദീപിനോട് ഉണ്ടായ രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വിരോധവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണ്ടെത്തൽ. ജിഷ്ണുവിന്റെ രാഷ്ട്രീയ വൈരാഗ്യം തീർക്കാർ മറ്റ് പ്രതികൾ സഹായിക്കുകയായിരുന്നു എന്നുമാണ് 732 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. പ്രതികൾ സംഘം ചേർന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പിലാക്കിയത്. കേസിൽ ആറുപേരാണ് പ്രതികളായുള്ളത്. എട്ട് സാക്ഷികൾ മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴി നൽകി. കേസിൽ ആകെ 79 സാക്ഷികളാണുള്ളത്. ഫോൺ സംഭാഷണ രേഖകൾ ഉൾപ്പെടെ 75 പ്രമാണങ്ങൾ, രണ്ട് ബൈക്ക്, വടിവാൾ, കഠാര ഉൾപ്പെടെ 13 തൊണ്ടി മുതലുകളുമാണ് കോടതി മുമ്പാകെ ഹാജരാക്കിയിരിക്കുന്നത്.
തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു, ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ്, തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു, കാസർകോട് മൊഗ്രാൽ മൈമൂൺ നഗർ കുട്ട്യാളൻവളപ്പിൽ മൻസൂർ, വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ എന്നീ അഞ്ച് പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. മുഖ്യപ്രതികൾക്ക് ഒളിയിടം ഒരുക്കിയ കേസാണ് ആറാം പ്രതിയായ കരുവാറ്റ പാലപ്പറമ്പിൽ കോളനിയിൽ രതീഷിനെതിരെയുള്ളത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ ഇത് തള്ളുന്നതാണ് ഇപ്പോൾ പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം.
ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് രാത്രിയായിരുന്നു തിരുവല്ലയിൽ പെരിങ്ങര സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി ബി സന്ദീപിനെ കൊലപ്പെടുത്തിയത്. കേസിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. സുരേഷ് ബാബു തോമസിനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. സംഭവം നടന്ന് 90 ദിവസം പിന്നിടും മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് വിചാരണ പൂർത്തിയാകാതെ ജാമ്യം ലഭിക്കില്ല.