SFI
ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്തും പ്രതിഷേധം
തിരുവനന്തപുരത്ത് നൂറോളം വിദ്യാര്‍ഥികള്‍ അര്‍ധരാത്രിയും പ്രതിഷേധ പ്രകടനം നടത്തി.
തിരുവനന്തപുരം | കലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ കനത്ത എസ് എഫ് ഐ പ്രതിഷേധം നേരിട്ട ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്തും എസ് എഫ് ഐ പ്രതിഷേധം. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപമാണു ഗവര്‍ണര്‍ക്കു നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. രാജ്ഭവന്‍ വരെ വിവിധസ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
തിരുവനന്തപുരത്ത് നൂറോളം വിദ്യാര്‍ഥികള്‍ അര്‍ധരാത്രിയും പ്രതിഷേധ പ്രകടനം നടത്തി.
സര്‍വകലാശാലകളിലെ അച്ചടക്കം തിരികെ കൊണ്ടുവരണമെന്നു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് ഗവര്‍ണര്‍ പറഞ്ഞു. തന്നെ ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ലെന്നു വിമര്‍ശിച്ച ഗവര്‍ണര്‍, മാധ്യമങ്ങളോടും ക്ഷോഭിച്ചു.
ബി ജെ പി നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, താന്‍ പോയത് മുസ്ലിം ലീഗ് പ്രസിഡന്റിന്റെ മകന്റെ കല്യാണത്തിനാണ്. ഒരു സുരക്ഷാ പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ ബി ജെ പി ഒരു പ്രധാന ശക്തിയാണോ എന്ന് ചോദിച്ച ഗവര്‍ണര്‍, മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ വഴിതിരിച്ചുവിടുന്നുവെന്നും വിമര്‍ശിച്ചു. കോഴിക്കോട്ടെ ജനങ്ങള്‍ കാണിച്ചത് വലിയ സ്‌നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.