Connect with us

Kerala

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

വര്‍ക്കല സ്വദേശി ഷാഹുല്‍ ഹമീദ്, കണിയാപുരം സ്വദേശി മനാല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ വിളയാട്ടം. കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. വര്‍ക്കല സ്വദേശി ഷാഹുല്‍ ഹമീദ്, കണിയാപുരം സ്വദേശി മനാല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചാന്നാങ്കര സ്വദേശി ഫവാസ് ആണ് രക്ഷപ്പെടുത്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇവര്‍. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത് എത്തിയതാണ് ഗുണ്ടാ സംഘമെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇന്ന് വിദേശത്തേക്ക് പോകാനിരുന്ന ഒരാളെ കൊലപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍.

കഠിനംകുളം ചാന്നാങ്കര പാലത്തിനു സമീപത്താണ് ഗുണ്ടകള്‍ അഴിഞ്ഞാടിയത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം റോഡില്‍ നില്‍ക്കുകയായിരുന്ന യുവാക്കളുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഗുണ്ടകളിലൊരാള്‍ കത്തിവീശി യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചു.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഓടിയെത്തി ഗുണ്ടകളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ സംഘത്തില്‍പ്പെട്ട ഫവാസ് ബൈക്കുമായി രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടികൂടിയവരെ പോലീസ് പരിശോധിച്ചപ്പോള്‍ ഒരു തോക്കും രണ്ടു കത്തിയും കണ്ടെത്തി.

 

Latest