Connect with us

National

തിരുവനന്തപുരത്തെ ആശുപത്രി മാലിന്യം തിരുനെല്‍വേലിയില്‍ തള്ളിയ സംഭവം: കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി

മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ഏറ്റെടുത്ത സണ്‍ ഏജ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതെന്ന് ശുചിത്വ മിഷന്‍ അറിയിച്ചു.

Published

|

Last Updated

ചെന്നൈ | തിരുവനന്തപുരത്തെ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച മാലിന്യം തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ഏറ്റെടുത്ത സണ്‍ ഏജ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതെന്ന് ശുചിത്വ മിഷന്‍ അറിയിച്ചു.

മാലിന്യ നിര്‍മാജനത്തിനുള്ള നോഡല്‍ ഓഫീസായ ശുചിത്വ മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനി മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണ് നടപടി സ്വീകരിച്ചുകൊണ്ട് മിഷന്‍ ഉത്തരവായത്.

ആശുപത്രി മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയത് അന്തര്‍ സംസ്ഥാന തര്‍ക്കമാക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിനും തമിഴ്നാടിനും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുത്ത് ജനുവരി രണ്ടിന് റിപോര്‍ട്ട് നല്‍കണമെന്ന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. അതേസമയം, മാലിന്യം ചെക് പോസ്റ്റുകള്‍ കടക്കുന്നത് എങ്ങനെയാണെന്ന് ട്രൈബ്യൂണല്‍ തമിഴ്നാടിനോടും ചോദിച്ചു.