Connect with us

Kerala

തിരുവനന്തപുരം മെഡി. കോളജിൽ ശരീരഭാഗങ്ങള്‍ കാണാതായ സംഭവം; ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ

സ്‌പെസിമെനുകൾ അലക്ഷ്യമായ രീതിയിൽ ഇട്ടതാണ് അനാസ്ഥക്ക് വഴിവെച്ചതെന്ന് കണ്ടെത്തൽ

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ശേഷം രോഗ നിര്‍ണയത്തിനയച്ച ശരീരഭാഗങ്ങള്‍ (സ്‌പെസിമെന്‍) ആക്രിക്കാരന്‍ മോഷ്ടിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ. ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരൻ അജയകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം സ്‌പെസിമെനുകൾ അലക്ഷ്യമായ രീതിയിൽ ഇട്ടതാണ് അനാസ്ഥക്ക് വഴിവെച്ചതെന്നാണ് കണ്ടെത്തൽ. ശസ്ത്രക്രിയക്ക് ശേഷം സാമ്പിളുകൾ ആരോഗ്യ പ്രവർത്തകർ ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലാക്കി അലക്ഷ്യമായി ഇടുകയായിരുന്നു.

പത്തോളജി വിഭാഗത്തിൽ നിന്ന് ലാബിലേക്കയച്ച  17 രോഗികളുടെ ശരീര ഭാഗങ്ങളായിരുന്നു ആക്രിക്കാരൻ കൈക്കലാക്കിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്പെസിമെനുകളെല്ലാം കണ്ടെടുത്തിരുന്നു.

ലാബിന് സമീപത്തെ കോണിപ്പടിക്കരികെ ആംബുലൻസിലെത്തിച്ച  ഇന്നലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രോഗികളുടെ സ്‌പെസിമെനുകളാണ് അപ്രത്യക്ഷമായത്.  പരിശോധനക്ക് കൊണ്ടുപോയ ആംബുലന്‍സിലെ ഡ്രൈവറും കൂടെയുണ്ടായിരുന്ന ആശുപത്രി ജീവനക്കാരനും മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. സ്‌പെസിമെനുകള്‍ ആക്രിക്കാരന് കിട്ടിയതിനെതിരെ പ്രതിഷേധമുയരുകയാണ്.

 

Latest