Kerala
തിരുവാതുക്കല്‍ ഇരട്ടക്കൊല; വീട്ടുപരിസരത്തെ കിണര്‍ പരിശോധിക്കും
കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധിക്കാനാണ് നീക്കം. സി സി ടി വി ഡി വി ആര്‍ തുടങ്ങിയവ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

കോട്ടയം | തിരുവാതുക്കലില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട വീടിന്റെ പരിസരത്തെ കിണര്‍ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധിക്കാനാണ് നീക്കം. സി സി ടി വി ഡി വി ആര്‍ തുടങ്ങിയവ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. കാല്‍പ്പാടുകളും പേപ്പര്‍ കഷ്ണങ്ങളും കിണറിനരികില്‍ കണ്ടെത്തി. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
കോട്ടയത്ത് വ്യവസായിയായ വിജയകുമാര്‍, ഭാര്യ മീര എന്നിവരെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ് വിജയകുമാര്‍.
രാവിലെ ജോലിക്കാരിയാണ് വീടിനുള്ളിലെ മുറിയില്‍ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. മുഖത്ത് ആയുധം പ്രയോഗിച്ചതിന്റെ മുറിവുണ്ട്.